/kalakaumudi/media/post_banners/7270499c2e57c1769e7675b47a8bcb9f7d646853cd269199d7cd8385e36e179f.jpg)
തിരുവനന്തപുരം: കൂണിന് വിപണിയില്‍ ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മായംകലരാത്തതും ജൈവ ഉത്പന്നമെന്ന നിലയിലും പുതുതലമുറയും കൂണ്‍ കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് കൂണിന്. എന്നാല്‍ ആവശ്യാനുസരണമുള്ള കൂണ്‍ ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നതാണ് വസ്തുത. ചുരുക്കം ചിലയിടങ്ങളില്‍ കൂണ്‍ കൃഷിയുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ നേട്ടം ഇക്കാര്യത്തില്‍ നമുക്ക് നേടാനായിട്ടില്ല. ഇവിടെയാണ് പുതു സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും കൂണ്‍കൃഷി പുതുവഴി തുറക്കുന്നത്.
കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെ വിലയിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂണ്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ ഈ കൃഷി നമ്മുടെ നാട്ടില്‍ ചെയ്താലോ? ആയിരം ചതുരശ്ര അടി സ്ഥലത്ത് നല്ല രീതിയില്‍ കൃഷി ചെയ്താല്‍ ദിവസേന 10 കിലോ ഗ്രാം കൂണ്‍ ലഭിക്കും. ഒരു ദിവസം 3500 രൂപ വരെ നേടാം. മാസം ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയും.
ചിപ്പികൂണ്‍, പാല്‍കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. വീട്ടുവളപ്പിലും ടെറസിലുമെല്ലാം കൂണ്‍ കൃഷി ചെയ്യാം. എന്നാല്‍ കൃത്യമായ പരിചരണം ആവശ്യമാണ്. വിത്തിട്ട് രണ്ടു മാസത്തിനുളളില്‍ വിളവെടുപ്പ് നടത്താം. വൈക്കോല്‍, അറക്കപ്പൊടി ഇവയിലേതെങ്കിലും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബെഡിലാണ് കൂണ്‍ വിത്തുകള്‍ പാകുക. അറക്കപ്പൊടിക്ക് റബ്ബര്‍ തടി അറുത്തു പൊടിക്കുന്നത് നല്ലതാണ്. ആവിയില്‍ പുഴങ്ങിയെടുക്കുകയെടുത്താണ് വൈക്കോല്‍ ബെഡ് തയ്യാറാക്കേണ്ടത്. കീടാണുക്കള്‍ ഇല്ല എന്ന ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമാണിത്. വൈക്കോല്‍ പിന്നീട് അന്‍പത് സെന്റിമീറ്റര്‍ ഉയരവും പതിനഞ്ച് സെന്റി മീറ്റര്‍ വ്യാസമുളള പ്ലാസ്റ്റിക് ബാഗിനുളളില്‍ നിറയ്ക്കുന്നതാണ് രീതി. മൂന്നിഞ്ച് കനത്തില്‍ വൈക്കോലോ അറക്കപ്പൊടിയോ നിറച്ചതിന് ശേഷം കൂണ്‍ വിത്ത് പാകാം. വീണ്ടും വൈക്കോല്‍ നിറച്ച് കൂണ്‍ വിത്ത് ഇടകലര്‍ത്തിയാണ് പാകേണ്ടത്. ഇങ്ങനെ നിറയ്ക്കുന്ന ബാഗുകള്‍ മുകള്‍ ഭാഗം നൈലോണ്‍ ചരട് ഉപയോഗിച്ചും കെട്ടിയതിന് ശേഷം ഉറികളാക്കി ഷെഡില്‍ തൂക്കിയിടണം.
ഈര്‍പ്പമുളള അന്തരീക്ഷത്തിലാണ് കൂണ്‍ മുളയ്ക്കുക. ഇതിനായി ബെഡില്‍ ഇടവിട്ടു സുഷിരങ്ങളുണ്ടാക്കി നനയ്ക്കണം. നല്ല ചൂടുളള സമയങ്ങളില്‍ ദിവസേന മൂന്ന് പ്രാവശ്യം വരെ നനയ്ക്കണം. വിത്ത് ഇട്ട് എഴുപത് ദിവസത്തിന് ശേഷം വിളവെടുക്കാം. ഒരു ബെഡില്‍ നിന്ന് ഒന്നരമാസം വരെ കൂണ്‍ ലഭിക്കും. ശ്രദ്ധയോടെ പരിചരിച്ചാല്‍ എല്ലാ ദിവസവും വിളവെടുക്കാമെന്നതും കൂണ്‍കൃഷിയുടെ പ്രത്യേകതയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
