/kalakaumudi/media/post_banners/5d35a00a4e216373729c51630e551a02582046ba7f6bb74d9ef04b939b69d246.jpg)
തിരുവനന്തപുരം: ഹരിത വൈദ്യുതിയ്ക്ക് കെഎസ്ഇബിയുടെ ഇന്ധന സര്‍ചാര്‍ജ് ഇല്ല. ജനുവരിയില്‍ കെഎസ്ഇബി നേരിട്ടു നിശ്ചയിച്ച 10 പൈസ ഉള്‍പ്പെടെ 19 പൈസയാണ് യൂണിറ്റിന് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്. ഹരിത വൈദ്യുതിയിലേക്കു (ഗ്രീന്‍ എനര്‍ജി) മാറുന്ന ഉപയോക്താക്കള്‍ക്ക് സാധാരണ വൈദ്യുതി ബില്ലിനു മേല്‍ ഗ്രീന്‍ താരിഫ് ആയി യൂണിറ്റിന് 77 പൈസ അധികം ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2024 ജൂണ്‍ 30 വരെയാണ് ഈ നിരക്ക് ബാധകമാകുക. തുടര്‍ന്ന് റെഗുലേറ്ററി കമ്മിഷന്‍ ഗ്രീന്‍ താരിഫ് പുതുക്കി നിശ്ചയിക്കും.
നിലവില്‍ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസ് (ടിസിഎസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ ഹരിത വൈദ്യുതി വേണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിട്ടുണ്ട്. കെഎസ്ഇബിയില്‍ നിന്നോ മറ്റു ചെറുകിട ലൈസന്‍സികളില്‍ നിന്നോ ഹരിത വൈദ്യുതി വാങ്ങുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഗ്രീന്‍ താരിഫ് ബാധകമാകും. വൈദ്യുതി നിരക്ക് കുടിശികയുള്ള ഉപയോക്താക്കള്‍ക്ക് ഹരിത ഊര്‍ജ പദവി നല്‍കുകയോ തുടരുകയോ ചെയ്യില്ല.
ഹരിത വൈദ്യുതിയിലേക്കു മാറുന്നതിന് ഉപയോക്താക്കള്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഗ്രീന്‍ താരിഫിലേക്കു മാറാനോ ഗ്രീന്‍ താരിഫില്‍ നിന്നു പിന്മാറാനോ ഫീസ് ഈടാക്കില്ല. ഒരിക്കല്‍ ഗ്രീന്‍ താരിഫിലേക്കു മാറിയാല്‍ കുറഞ്ഞത് ഒരു വര്‍ഷം ലോക്ക് ഇന്‍ പീരിയഡ് ആയിരിക്കും. ഈ സമയത്ത് ഗ്രീന്‍ താരിഫില്‍ നിന്നു പിന്മാറാന്‍ കഴിയില്ല. ലോക്ക് ഇന്‍ പീരിയഡ് കഴിഞ്ഞ് ഗ്രീന്‍ താരിഫില്‍ നിന്നു മാറണമെങ്കില്‍ മൂന്നു മാസം മുന്‍പ് അറിയിപ്പു നല്‍കണം. ഗ്രീന്‍ താരിഫിലേക്കു മാറാനുള്ള അപേക്ഷ അംഗീകരിക്കാനാകില്ലെങ്കില്‍ വിതരണ ഏജന്‍സി 7 ദിവസത്തിനുള്ളില്‍ ഉപയോക്താവിനെ വിവരം അറിയിക്കണം.
ഗ്രീന്‍ താരിഫിലേക്കു മാറിയാല്‍ തൊട്ടടുത്ത മാസം മുതലുള്ള ബില്ലിങ്ങില്‍ ഗ്രീന്‍ താരിഫ് ഉള്‍പ്പെടുത്തും. അതിനു മുന്‍പുള്ള മാസത്തിലെ അവസാന ദിവസം മീറ്ററിലെ കട്ട് ഓഫ് റീഡിങ് എടുക്കും. ഗ്രീന്‍ താരിഫിലേക്കു മാറുകയും ബില്ല് 100% അടയ്ക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കെഎസ്ഇബി ഹരിതോര്‍ജ സര്‍ട്ടിഫിക്കറ്റ് നല്‍കും.
കുടിശിക വരുത്തുന്ന ഉപയോക്താക്കളില്‍ നിന്നു സപ്ലൈ കോഡ് പ്രകാരമുള്ള പലിശ ഈടാക്കും. ഉപയോക്താവ് റദ്ദാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം ഗ്രീന്‍ താരിഫ് സ്വമേധയാ പുതുക്കപ്പെടും.