എണ്ണവില കുതിക്കുന്നു; മാറ്റമില്ലാതെ ഇന്ധനവില

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം 2% ഉയര്‍ന്ന് വില, 84 ഡോളറിനു മുകളിലായി. കഴിഞ്ഞ ഏപ്രില്‍ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

author-image
Greeshma Rakesh
New Update
എണ്ണവില കുതിക്കുന്നു; മാറ്റമില്ലാതെ ഇന്ധനവില

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം 2% ഉയര്‍ന്ന് വില, 84 ഡോളറിനു മുകളിലായി. കഴിഞ്ഞ ഏപ്രില്‍ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയതും ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതുമെല്ലാം വില വര്‍ധനയ്ക്കു കാരണമായി.

നാലാഴ്ചയായി വിപണിയില്‍ വില ഉയരുകയായിരുന്നു. വില 90 ഡോളര്‍ വരെ എത്താമെന്ന വിലയിരുത്തലുകളുമുണ്ട്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ വില ഉയര്‍ന്നാലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കാനിടയില്ല. ഇതിനിടെ, ക്രൂഡ് വിലയില്‍ കാര്യമായ ഇടിവുണ്ടായെങ്കിലും 2022 മേയ് 21 നു ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

രൂപയ്ക്ക് നഷ്ടം

രൂപയുടെ മൂല്യം 32 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 82.25 നിലവാരത്തിലെത്തി. പലിശ ഉയര്‍ത്തലും മികച്ച സാമ്പത്തികഫലവും മൂലം അമേരിക്കന്‍ ഡോളര്‍ ശക്തമായാതാണു രൂപയ്ക്കു തിരിച്ചടിയായത്. അസംസ്‌കൃത എണ്ണവില ഉയര്‍ന്നതും രൂപയുടെ ഇടിവിനു കാരണമായി. ഓഹരി വിപണിയില്‍ നിന്നു വിദേശനിക്ഷേപം പിന്‍വലിച്ചതും നാണ്യ വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 82.34 വരെ ഇടിഞ്ഞിരുന്നു.

വിപണിയിലും ഇടിവ്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ വര്‍ധിപ്പിച്ചതോടെ ഓഹരി വിപണികളിലും ഇടിവ്. കഴിഞ്ഞ രണ്ടു വ്യാപാരദിവസങ്ങളിലും വിപണികള്‍ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ഇന്നലെ 107 പോയിന്റും നിഫ്റ്റി 14 പോയിന്റും ഇടിഞ്ഞു. വ്യാഴാഴ്ച 3979 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

india fuel price Bussiness News Oil Price Hike