സംരഭങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍; പരാതികള്‍ ഓണ്‍ലൈനില്‍ , 30 ദിവസത്തിനകം പരിഹാരം

സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംരംഭക ക്ലിനിക്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

author-image
greeshma
New Update
 സംരഭങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍;  പരാതികള്‍   ഓണ്‍ലൈനില്‍ , 30 ദിവസത്തിനകം പരിഹാരം

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതികള്‍ രൂപികരിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. പരാതി പരിഹാര പോര്‍ട്ടലിന്റെ (http://grievanceredressal.industry.kerala.gov.in/)ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

പൂര്‍ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം. മാത്രമല്ല സംരംഭകരില്‍ നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പു വരുത്തുകയും ചെയ്യും. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കലക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല സമിതി പരിശോധിക്കും. അതെ സമയം 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതിയാകും പരിശോധിക്കുക.

സംസ്ഥാന സമിതിയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടര്‍ കണ്‍വീനറുമാണ്. പരാതിയുടെ വിചാരണ വേളയില്‍ ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് സിവില്‍ കോടതിക്ക് സമാനമായ അധികാരവും ഉണ്ടാകും. സേവനം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ കൃത്യമായ കാരണം കൂടാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതികള്‍ക്ക് അധികാരമുണ്ട്. പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. 10,000 രൂപ വരെ ഇത്തരത്തില്‍ പരമാവധി പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാകും പരിഹാരം ഉണ്ടാവുക.

നിലവില്‍ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിച്ചാല്‍ ഈ ക്ലിനിക്കുകളില്‍ പരിഹാരം നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങള്‍ നിലനിര്‍ത്താന്‍ ത്രിതല സംവിധാനം ഒരുക്കുമെന്നും സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംരംഭക ക്ലിനിക്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

kerala p rajeev complaint cell industrial sector