/kalakaumudi/media/post_banners/3e27362c07d64fff38d8f03efdd6585510c505891aff4ea7d2efa29fe94bd231.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുതിക്കുന്നു. 82 രൂപയാണ് പെട്രോളിന് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.13 രൂപയാണ്. ഡീസലിന് 75.80 രൂപയാണ് വില. ഡീസലിന് 35 പൈസയും പെട്രോളിന് 15 പൈസയുമാണ് ഇന്ന് തലസ്ഥാനത്ത് വര്‍ധിച്ചത്.
കൊച്ചിയില്‍ 80.69 രൂപയാണ് പെട്രോള്‍ ലിറ്ററിന്റെ വില. ഡീസല്‍ വില 74.36 രൂപയായി. നഗര പരിധിക്കു പുറത്ത് ചിലയിടങ്ങളില്‍ ഇന്നലെ തന്നെ ഡീസല്‍ വില 74 രൂപയും കടന്നിരുന്നു. . കൊച്ചിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത് മെയ് മാസത്തിലായിരുന്നു. അന്ന് പെട്രോളിന് 81.32 രൂപയും ഡീസലിന് 73.99 രൂപയുമായിരുന്നു.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുകയാണ്. ഇത് തുടര്‍ന്നാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്ന് എണ്ണ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.