/kalakaumudi/media/post_banners/56661c7bd3ee7607a1c0a4c9739bf218626cd9b2bc7937478c7eaedd4dbc5ef6.jpg)
സാധാരണക്കാരനെ സംബന്ധിച്ച് ലൈഫ് ഇൻഷൂറൻസ് പോളിസികൾ വലിയ ചെലവേറിയ കാര്യമാണ്.എന്നാൽ അമ്പത് രൂപ ദിവസം മാറ്റിവെക്കാൻ സാധിക്കുന്ന ഏതൊരാൾക്കും ജീവനും ജീവിതത്തിനും പരിരക്ഷ ഉറപ്പാക്കാൻ ഇന്ന് പ്രയാസമില്ല.കാരണം സാധാരണക്കാർക്കായി നിരവധി പദ്ധതികൾ അവതരിപ്പിച്ച പോസ്റ്റ്ഓഫീസിന്റെ കീഴിൽ മികച്ചൊരു സ്‌കീം നിലവിലുണ്ട്.ഇത്തരത്തിലുള്ള ഒന്നാണ് പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷ യോജന.ഇതൊരു ആജീവനാന്ത ലൈഫ് ഇൻഷുറൻസ് പോളിസിയാണ്.പേര് സൂചിപ്പിക്കുംപോലെ തന്നെ ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന ആളുകളെ ലൈഫ് ഇൻഷുറൻസ് പോളിസിയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
1995ലാണ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്ന ഈ പദ്ധതി കൊണ്ടുവന്നത്.ഗ്രാമീണ ജനതയ്ക്ക് പൊതുവിലും സമൂഹത്തിലെ അധസ്ഥിതി വിഭാഗങ്ങൾക്കും ഗ്രാമീണ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കും ഇൻഷുറൻസ് കവർ ഉറപ്പുവരുത്തുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഒരു ലക്ഷം രൂപയാണ് സം അഷ്വേർഡ് തുക. ഇൻഷുറൻസ് എടുത്തയാൾക്ക് വായ്പയ്ക്കും സൗകര്യമുണ്ട്.ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലേക്കും നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇത് ട്രാൻസ്ഫർ ചെയ്യാവുന്നതുമാണ്. ഈ നിക്ഷേപങ്ങൾകൊണ്ട് ചില നികുതി നേട്ടങ്ങളുമുണ്ട്.
പോളിസിയെടുത്ത് അഞ്ചുവർഷം പൂർത്തിയായാൽ എൻഡോവ്‌മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാമെന്ന ഓപ്ഷൻ കൂടിയുണ്ട് പോസ്റ്റൽ ഗ്രാമ സുരക്ഷാ യോജനയിൽ. അതായത് പോളിസി കാലാവധി പൂർത്തിയായാലോ, പോളിസിയെടുത്തയാൾ മരണപ്പെട്ടാലോ മൊത്തം തുക ലഭിക്കുന്ന തരത്തിലുള്ള പോളിസിയാക്കി മാറ്റാമെന്നർത്ഥം.55, 58, അല്ലെങ്കിൽ 60 വയസുവരെ കുറഞ്ഞ പ്രീമിയം അടച്ചുകൊണ്ട് പോളിസി ഉടമയ്ക്ക് ഏറ്റവും വലിയ നേട്ടം കൊയ്യാം.
ഈ പോളിസിയെടുക്കുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് 19 വയസെങ്കിലും പൂർത്തിയായിരിക്കണം.55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ പോളിസിയെടുക്കാനാവില്ല.നാലുവർഷം പോളിസി തുക അടച്ചാൽ ലോൺ എടുക്കാനുളള സൗകര്യം ലഭ്യമാണ്.പോളിസി ഉടമയ്ക്ക് സറണ്ടർ ചെയ്യാവുന്നതാണ്.അഞ്ചുവർഷത്തിനുള്ളിൽ പോളിസി സറണ്ടർ ചെയ്താൽ ബോണസ് ലഭിക്കുന്നതായിരിക്കില്ല.പതിനായിരം മുതൽ പത്തുലക്ഷം വരെ മൂല്യമുള്ള പോളിസികളുണ്ട്.
55, 58, 60 വയസുവരെ പ്രീമിയം മെച്യൂരിറ്റി കാലമായി തെരഞ്ഞെടുക്കാം.പോളിസി സറണ്ടർ ചെയ്താൽ അടച്ച തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കുകയും ചെയ്യും.പ്രീമിയം തുക പ്രതിമാസമോ, മൂന്നുമാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ, വർഷാവർഷമോ ഒക്കെയായി അടയ്ക്കാനുള്ള സൗകര്യമുണ്ട്.മെച്യൂരിറ്റി ബെനഫിറ്റിനു പുറമേ ഡത്ത് ബെനഫിറ്റും ലഭ്യമാണ്.ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരവും 88 പ്രകാരവുമുള്ള നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
ഗ്രാമ സുരക്ഷാ യോജന പ്രകാരം ഒരു വ്യക്തി മാസം 1515 അതായത് ദിവസം ഏതാണ്ട് 50 രൂപ തോതിൽ നിക്ഷേപിക്കുകയാണെങ്കിൽ മെച്യൂരിറ്റി കാലയളവിൽ പിൻവലിക്കുകയാണെങ്കിൽ വലിയൊരു സമ്പാദ്യം സ്വന്തമാക്കാനാകും.10 ലക്ഷം രൂപയുടെ പോളിസിയെടുത്ത് കൃത്യമായി അടച്ചുതീർത്താൽ മെച്യൂരിറ്റികാലയളവ് പൂർത്തിയാക്കിയാൽ പരമാവധി 34.60 ലക്ഷം രൂപാവരെ നേടാനാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
