/kalakaumudi/media/post_banners/cc5c9ed9fdd4e18a162ac0a20a910258e7a9d5f68ca380ae3597e9398138488d.jpg)
കൊച്ചി: പ്രമുഖ യുഎസ് പാക്കേജ് ഡെലിവറി കമ്പനി ഫെഡക്സ് കോര്‍പറേഷനു പുതിയ സിഇഒ എത്തുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. മുന്‍ ഡിജിപി സി.സുബ്രമണ്യം ഐപിഎസിന്റെ മകനും തിരുവനന്തപുരം സ്വദേശിയുമായ രാജേഷ് സുബ്രമണ്യമാണ് കമ്പനിയുടെ പുതിയ സിഇഒ. 30 വര്‍ഷം മുന്‍പ് ഫെഡക്സില്‍ സാധാരണ ജീവനക്കാരനായി ജോലിയില്‍ കയറിയ രാജാണ് ഇനി കമ്പനിയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
ഫെഡെക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും പ്രസിഡന്റുമായി ചുമതലയേല്‍ക്കുന്ന രാജേഷ് സഹപ്രവര്‍ത്തകരുടെ ഇടയില്‍ രാജ് സുബ്രഹ്മണ്യം എന്ന പേരിലാണ് അറിയപ്പെടുന്നത്.
1991-ലാണ് ഫെഡെക്‌സില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ, ഏഷ്യയിലും യു.എസിലുമായി കമ്പനിയുടെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 2018-ല്‍ 'ഫെഡെക്‌സ് എക്‌സ്പ്രസി'ന്റെ സി.ഇ.ഒ. ആയി. 2019-ല്‍ ഫെഡെക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തൊട്ടടുത്തവര്‍ഷം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇടംപിടിച്ചു. സി.ഇ. ഒ., പ്രസിഡന്റ് പദവികള്‍ക്കു പുറമേ ഡയറക്ടര്‍സ്ഥാനവും നിലനിര്‍ത്തും.
ബോംബെ ഐ.ഐ.ടി.യില്‍നിന്ന് കെമിക്കല്‍ എന്‍ജിനിയറിങ് ബിരുദവും അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ രാജ്, ടെക്‌സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ.യും നേടിയിട്ടുണ്ട്. ഫെഡക്‌സിന്റെ ആസ്ഥാനമായ അമേരിക്കയിലെ മെംഫിസിലാണ് രാജ് സുബ്രഹ്മണ്യം ഇപ്പോള്‍ താമസിക്കുന്നത്. ഫ്രെഡറിക് സ്മിത്ത് യേല്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത്, 1973-ല്‍ തുടങ്ങിയ ഫെഡെക്‌സ്, ഇന്ന് ലോകത്തിലെ ഏറ്റവുംവലിയ ചരക്കുഗതാഗത കമ്പനികളിലൊന്നാണ്. സ്വന്തം ചരക്കുവിമാനങ്ങളില്‍ ഉള്‍പ്പെടെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ശതകോടികളുടെ വിറ്റുവരവുണ്ട്.
രാജിന്റെ കുടുംബത്തെ വേണമെങ്കില്‍ ഫെഡക്‌സ് കുടുംബമെന്നും വിളിക്കാം. നാലു പേരാണു കുടുംബത്തില്‍ നിന്ന് ഫെഡക്‌സില്‍ ജോലി ചെയ്തിരുന്നത്. രാജിനു പുറമേ സഹോദരന്‍ രാജീവ് സുബ്രമണ്യം, രാജിന്റെ ഭാര്യ ഉമ സുബ്രമണ്യം, രാജിന്റെ മകന്‍ അര്‍ജുന്‍ രാജേഷ് എന്നിവര്‍. ഉമ ഇപ്പോള്‍ മറ്റൊരു മേഖലയില്‍ ജോലി ചെയ്യുന്നു.