10,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഇ-റുപ്പി ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി ഉയര്‍ത്തി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് പണവായ്പ നയ പ്രഖ്യാപനത്തിനിടെ ഇക്കാര്യം അറിയിച്ചത്.
ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം തവണ ഉപയോഗിക്കാനും ഇനി അവസരം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. സേവനം കോര്‍പറേറ്റുകള്‍ക്കും പ്രയോജനപ്പെടുത്താം.
ബാങ്ക് അക്കൗണ്ടോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-റുപ്പി. ഫീച്ചര്‍ ഫോണുള്ളവര്‍ക്കും ഇ-റുപ്പുയുടെ സൗകര്യം പ്രയോജനപ്പെടുത്താം. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനാണ് സംവിധാനം വികസിപ്പിച്ചത്.
മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് അല്ലെങ്കില് എസ്എംഎസ് വൗച്ചറാണ് ഇ-റുപ്പി. പ്രീ പെയ്ഡ് ഡിജിറ്റല്‍ വൗച്ചറായാണ് ഇത് പ്രവര്‍ത്തിക്കുക. ക്യൂ ആര്‍ കോഡ് അല്ലെങ്കില് എസ്എംഎസ് ആയി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമാണ് ഉപഭോക്താവിന് ലഭിക്കുക.