പ്രതീക്ഷിച്ചതിനേക്കാള്‍ വില ജിയോ ഫൈനാന്‍ഷ്യലിന്; റിലയന്‍സ് ഓഹരി വിലയില്‍ ഇടിവ്

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിക്ക് വില ഒന്നിന് 261.85 രൂപ. വ്യാഴാഴ്ച രാവിലെ 9 മുതല്‍ 10 വരെ നടന്ന പ്രത്യേക വ്യാപാര സെഷനിലൂടെയായിരുന്നു വില നിര്‍ണയം.

author-image
Greeshma Rakesh
New Update
പ്രതീക്ഷിച്ചതിനേക്കാള്‍ വില ജിയോ ഫൈനാന്‍ഷ്യലിന്; റിലയന്‍സ് ഓഹരി വിലയില്‍ ഇടിവ്

 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിക്ക് വില ഒന്നിന് 261.85 രൂപ. വ്യാഴാഴ്ച രാവിലെ 9 മുതല്‍ 10 വരെ നടന്ന പ്രത്യേക വ്യാപാര സെഷനിലൂടെയായിരുന്നു വില നിര്‍ണയം.

 

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന 160-190 രൂപയേക്കാള്‍ ഉയര്‍ന്ന വിലയാണ് പ്രത്യേക സെഷനില്‍ ജിയോ ഫൈനാന്‍ഷ്യലിന് ലഭിച്ചത്. ഇത് ഓഹരി നിക്ഷേപകരെ സംബന്ധിച്ചടുത്തോളം വലിയ നേട്ടമാണ്.അതെസമയം ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ എന്ന് ലിസ്റ്റ് ചെയ്യുമെന്ന് വ്യക്തമല്ല. എന്നാല്‍ കാലതാമസമുണ്ടാകില്ലെന്നാണ് വിവരം.

 

ബുധനാഴ്ച വ്യാപാരാന്ത്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 2,841.85 രൂപയായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ 9.21 ശതമാനം കുറഞ്ഞ് 2,580 രൂപയായിരുന്നു വ്യാഴാഴ്ച രാവിലെ പ്രത്യേക സെഷനില്‍ ജിയോ ഫൈനാന്‍ഷ്യലുമായുള്ള വിഭജനാനന്തര വില. നിക്ഷേപകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയാണിത്.

 

ഇതിനേക്കാള്‍ 1.06 ശതമാനം നേട്ടവുമായി 2,616.45 രൂപയിലാണ് ഇപ്പോള്‍ റിലയന്‍സ് ഓഹരികളില്‍ ബി.എസ്.ഇയില്‍ വ്യാപാരം നടക്കുന്നത്.വിഭജനവിലയായ 2,580 രൂപ പ്രകാരം 17.5 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം,.

 

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരികളുള്ളവര്‍ക്ക് ഒന്നിനൊന്ന് അനുപാതത്തിലാണ് ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരി ലഭിച്ചത്.അതായത് ഒരു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിക്ക് ഒരു ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരി.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 41.3 കോടി ഓഹരികളാണ് (അതായത് 6.1 ശതമാനം പങ്കാളിത്തം) ജിയോ ഫൈനാന്‍ഷ്യലിനുള്ളത്. ഇതിന്റെ മൂല്യം 1.06 ലക്ഷം കോടി രൂപയാണ് (റിലയന്‍സ് ഓഹരിക്ക് 2,580 രൂപ പ്രകാരം).

 

റിലയന്‍സിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (എന്‍.ബി.എഫ്.സി) ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്. അതിനാല്‍ നിലവില്‍ കമ്പനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളൊന്നുമില്ല. എന്നാല്‍, ഇനി പ്രതീക്ഷിക്കുന്നത് വന്‍ കുതിച്ചുചാട്ടവുമാണ്. കാരണം, ജിയോ ടെലികോമിന്റെ 40 കോടിയോളം വരുന്ന ഉപയോക്താക്കളിലേക്ക് കടന്നുചെല്ലാന്‍ ജിയോ ഫൈനാന്‍ഷ്യലിന് നിശ്പ്രയാസം സാധിക്കും.

 

റിലയന്‍സ് റീട്ടെയിലിന്റെ 80 കോടിയോളം ഉപയോക്താക്കള്‍, 20 ലക്ഷത്തോളം വ്യാപാരികള്‍ എന്നിവരിലേക്കും കടന്നു ചെല്ലാനാകുമെന്നത് കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഏളുപ്പമാകും.

നിലവില്‍ വ്യവസായ നയാധിഷ്ഠിതമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ധനകാര്യ വിഭാഗത്തിന് ഇത് യോജിച്ചതല്ലെന്നും ജിയോ ഫൈനാന്‍ഷ്യലിന് സ്വതന്ത്ര പ്രവര്‍ത്തന നയം അനിവാര്യമാണെന്ന് വിലയിരുത്തിയുമാണ് വിഭജനം നടത്തിയത്.

 

ജിയോ ഫൈനാന്‍ഷ്യലിനെ വേര്‍പെടുത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങല്‍ മൂല്യം 95.32 ശതമാനമായിട്ടുണ്ട്.ജിയോ ഫൈനാന്‍ഷ്യലിന്റേതാണ് ശേഷിക്കുന്ന 4.68 ശതമാനം. അതായത്, നിങ്ങള്‍ നേരത്തേ ഒന്നിന് 100 രൂപയ്ക്കാണ് റിലയന്‍സ് ഓഹരി വാങ്ങിയതെന്നിരിക്കട്ടെ, ഇപ്പോള്‍ വാങ്ങാന്‍ 95.32 രൂപ കൊടുത്താല്‍ മതി. ജിയോ ഫൈനാന്‍ഷ്യസലിന്റെ വാങ്ങല്‍ വിലയാകട്ടെ 4.68 രൂപയും. ഓഹരി വില്‍ക്കുമ്പോള്‍ മൂലധന നേട്ടം (Capital Gain) കണക്കാക്കാന്‍ ഓഹരി ഉടമകള്‍ക്ക് ഈ വിഭജനനിരക്ക് അത്യാവശ്യമാണ്.

 

RELIANCE mukesh ambani reliance industries Jio Financial Services