2ജി, 3ജി അവസാനിപ്പിക്കണമെന്ന് റിലയന്‍സ് ജിയോ

രാജ്യത്തെ 2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കാന്‍ കേന്ദ്രം നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ.

author-image
anu
New Update
2ജി, 3ജി അവസാനിപ്പിക്കണമെന്ന് റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: രാജ്യത്തെ 2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കാന്‍ കേന്ദ്രം നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ. 5ജിയുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) നല്‍കിയ കത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

സാധാരണ ഫീച്ചര്‍ ഫോണുകളും മറ്റും 2ജി ശൃംഖലയാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും 3ജി സേവനമാണ് നല്‍കുന്നത്. 4ജി നടപ്പായിത്തുടങ്ങുന്നതേയുള്ളൂ. 2ജി, 3ജി നിര്‍ത്തലാക്കിയാല്‍ സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്മാര്‍ട്‌ഫോണുകളിലേക്ക് മാറേണ്ടി വരും. 25 കോടിയോളം പേര്‍ നിലവില്‍ 2ജി സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

അനാവശ്യമായ നെറ്റ്‌വര്‍ക്ക് ചെലവുകള്‍ ലാഭിക്കാനാണ് നിര്‍ദേശമെന്ന് ജിയോ ചൂണ്ടിക്കാട്ടി. ഇവ നിര്‍ത്തലാക്കുന്നതോടെ എല്ലാ ഉപയോക്താക്കളും 4ജി അല്ലെങ്കില്‍ 5ജി ശൃംഖലയിലേക്ക് മാറുമെന്നാണ് കമ്പനിയുടെ വാദം.

2ജി ഉപയോക്താക്കളെ 4ജി, 5ജി ശൃംഖലയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ടെന്ന് വോഡഫോണ്‍ഐഡിയയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജിയോയ്ക്ക് 2ജി ശൃംഖലയില്ല. എയര്‍ടെലിനും വോഡഫോണ്‍ഐഡിയയ്ക്കും 2ജി ഉപയോക്താക്കളുണ്ട്.

 

Business News Latest News