/kalakaumudi/media/post_banners/bcdf060fd6da138ff92ea523f317177684bbb456c36ca2da46f1fb7dc6842fc1.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ 2026 ഓടെ 5 ജി ടെക്‌നോളജിയില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പര്‍ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ മാറ്റുന്നതിനുള്ള ബില്ല് 2024 ല്‍ തന്നെ പാസാക്കുമെന്നും ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്ക് ഹാര്‍പര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ഡ്രൈവര്‍ ഇല്ലാതെ തനിയെ ഓടുന്ന കാറുകള്‍ ഉള്ളതിനാല്‍ ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാകുമെന്നു തെളിഞ്ഞതായി ഹാര്‍പര്‍ പ്രതീക്ഷയും പ്രകടിപ്പിച്ചു.
സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളുടെ കാര്യത്തില്‍ ചൈനയും ബ്രിട്ടനും നേരത്തെ തന്നെ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. 5ജി ഉപയോഗിച്ചു ചൈനയിലെ ചോങ്ക്വിങ്ങില്‍ സെല്‍ഫ് ഡ്രൈവിങ് ബസ് കഴിഞ്ഞ വര്‍ഷം സര്‍വീസ് തുടങ്ങിയിരുന്നു. 12 സീറ്റ് ഇലക്ട്രിക് ബസിനു പരമാവധി വേഗം മണിക്കൂറില്‍ 20 കിലോമീറ്റര്‍. അവശ്യ സാങ്കേതികവിദ്യകളായ റഡാര്‍, ലിഡാര്‍, കണ്‍ട്രോളര്‍ ഏരിയ നെറ്റ്വര്‍ക് എന്നിവയെല്ലാം ബസിലുണ്ട്. ഡ്രൈവര്‍ കാബിനും സ്റ്റിയറിങ്ങുമില്ല. വേഗം ക്രമീകരിക്കുന്നതിലും ട്രാഫിക് സിഗ്‌നലുകള്‍ മനസ്സിലാക്കുന്നതിലുമെല്ലാം 5ജി ചടുലത പ്രകടം.
ബ്രിട്ടനില്‍ പൂര്‍ണസജ്ജമായ ഡ്രൈവര്‍ലെസ് കാറുകള്‍ 2021ല്‍ ഓടിത്തുടങ്ങുമെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. സാങ്കേതികതയ്ക്കപ്പുറം നിയമനിര്‍മാണം, നിയമപാലനം, ഇന്‍ഷുറന്‍സ്, ജനങ്ങളുടെ അവബോധം തുടങ്ങിയ കടമ്പകളുമുണ്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കു പ്രധാനമായും ആറു ലെവലുകള്‍ സാങ്കേതികവിദഗ്ദര്‍ നല്‍കിയിരുന്നു. മനുഷ്യസഹായം ഏറെവേണ്ട ലെവല്‍ 0 മുതല്‍ പൂര്‍ണ ഓട്ടമാറ്റിക്കായ ലെവല്‍ 5 വരെ ഇതില്‍ ഉള്‍പ്പെടും. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കു മികച്ച സെന്‍സിങ് സംവിധാനങ്ങളുണ്ട്. റഡാര്‍, ഇന്‍ഫ്രറെഡ് തരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലിഡാര്‍, വിവിധ സെന്‍സറുകള്‍, ക്യാമറ തുടങ്ങിയവ ഇതില്‍പെടും.
കാര്‍ വെയറബിളുകള്‍ എന്നറിയപ്പെടുന്ന ഇവ തരുന്ന വിവരങ്ങള്‍ വിലയിരുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്.