ഒരു കോടി വീടുകളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

രാജ്യത്തെ ഒരു കോടി വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 'പ്രധാനമന്ത്രി സൂര്യോദയ യോജന' എന്നപേരില്‍ പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു.

author-image
anu
New Update
ഒരു കോടി വീടുകളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

 

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു കോടി വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 'പ്രധാനമന്ത്രി സൂര്യോദയ യോജന' എന്നപേരില്‍ പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. അയോധ്യയില്‍ നിന്ന് മടങ്ങിയ ശേഷമുള്ള ആദ്യ തീരുമാനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ തന്നെ ഇന്ത്യയിലെ വീടുകളിലെല്ലാം സൗരോര്‍ജം ഉത്പാദിപ്പിക്കാനുള്ള നടപടി ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനു പുറമേ ഊര്‍ജരംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ കേന്ദ്ര സബ്‌സിഡിയോടെ സോളര്‍ പുരപ്പുറ പദ്ധതിയുണ്ടെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019ല്‍ 4 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പുരപ്പുറ സോളര്‍ പദ്ധതി (ഫെയ്‌സ് 2) വഴി 2.65 ഗിഗാവാട്ടിന്റെ പദ്ധതികള്‍ മാത്രമാണ് വീടുകളില്‍ സ്ഥാപിക്കാനായത്. ഫെയ്‌സ് 2 പദ്ധതിയുടെ കാലാവധി 2026ലേക്ക് നീട്ടുകയും ചെയ്തിരുന്നു. പുരപ്പുറ സോളര്‍ പദ്ധതിക്കുള്ള കേന്ദ്ര സബ്‌സിഡി അടുത്തിടയ്ക്ക് 23% കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു.

3 കിലോവാട്ട് ഉല്‍പാദനശേഷിയുള്ള സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് ഇതുവരെ 43,764 രൂപയാണ് സബ്‌സിഡിയായി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 54,000 രൂപ ലഭിക്കും.

 

Latest News Business News