
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 111.38 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. വര്‍ദ്ധന 9.59 ശതമാനം. ജനുവരി മാര്‍ച്ച് പാദത്തിലും മികച്ച ലാഭമാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ സലിം ഗംഗാധരന്‍ പറഞ്ഞു.
കഴിഞ്ഞ പാദത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 15.72 ശതമാനം വര്‍ദ്ധിച്ച് 1.08 ലക്ഷം കോടി രൂപയിലെത്തി. 2015 ഡിസംബര്‍ പാദത്തില്‍ ഇത് 94,042 കോടി രൂപയായിരുന്നു. വായ്പാ വര്‍ദ്ധന 15 ശതമാനമാണ് ലക്ഷ്യമിടുന്നത്. കൃഷി, ചെറുകിട ഇടത്തരം സംരംഭം, റീട്ടെയില്‍, കോര്‍പ്പറേറ്റ്, വാഹനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വായ്പാ വിതരണം പരിഗണിക്കും. കശുവണ്ടി സുഗന്ധവ്യഞ്ജനം, കയര്‍, സമുദ്രോത്പന്ന മേഖലകള്‍ക്കും വായ്പ മുന്‍ഗണന നല്‍കും.
മൊത്തം നിക്ഷേപം 19 ശതമാനവും മൊത്തം വായ്പ 11.41 ശതമാനവും ഉയര്‍ന്നു. നോട്ട് അസാധുവാക്കലിന് ശേഷം 3,000 കോടിയോളം രൂപ കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപമായി ലഭിച്ചു. അറ്റ പലിശ വരുമാനം 2.65 ശതമാനവും പ്രവര്‍ത്തനലാഭം 43.30 ശതമാനവും ഉയര്‍ന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തി 2.75 ശതമാനത്തില്‍ നിന്നുയര്‍ന്ന് 3.98 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1.80 ശതമാനത്തില്‍ നിന്ന് 2.52 ശതമാനത്തിലുമെത്തി. നോട്ട് അസാധുവാക്കലിന് ശേഷം ആയിരത്തിലേറെ പി.ഒ.എസ് മെഷീനുകള്‍ ബാങ്ക് വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 840 ശാഖകളും 45 എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകളും 1,313 എടിഎമ്മുകളും ബാങ്കിനുണ്ട്.
.