/kalakaumudi/media/post_banners/01343f2de353ec6226d389c7be7927daee20379429a62e0a0f6f1a21afcf0c5b.jpg)
ന്യൂഡല്‍ഹി: ഭക്ഷ്യ വിപണന രംഗത്ത് വമ്പന്‍ നിക്ഷേപവുമായി ടാറ്റ. 7,000 കോടി രൂപയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് നിക്ഷേപിക്കുക. ചിംഗ്‌സ് സീക്രട്ട്, സ്മിത്ത് ആന്‍ഡ് ജോണ്‍സ് എന്നിവയുടെ ഉടമയായ ക്യാപിറ്റല്‍ ഫുഡ്സ്, ഫാബിന്ദിയയുടെ പിന്തുണയുള്ള ഓര്‍ഗാനിക് ടീ, ഹെല്‍ത്ത് ഉല്‍പന്ന നിര്‍മ്മാതാക്കളായ ഓര്‍ഗാനിക് ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ കരാറൊപ്പിട്ടു.
ക്യാപിറ്റല്‍ ഫുഡ്സിനെ 5,100 കോടി രൂപയ്ക്കും ഓര്‍ഗാനിക് ഇന്ത്യയെ 1,900 കോടി രൂപയ്ക്കും ആയിരിക്കും ടാറ്റ വാങ്ങുക. ക്യാപിറ്റല്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇഷ്യൂ ചെയ്ത ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 100 ശതമാനം ഏറ്റെടുക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഇഷ്യൂ ചെയ്ത മുഴുവന്‍ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലും ഘട്ടം ഘട്ടമായി ഏറ്റെടുക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗിന്റെ 75 ശതമാനം മുന്‍കൂറായി ഏറ്റെടുക്കുമെന്നും ബാക്കിയുള്ള 25 ശതമാനം ഓഹരി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ക്യാപിറ്റല്‍ ഫുഡ്‌സ്, ഓര്‍ഗാനിക് ഇന്ത്യ എന്നിവയെ ഏറ്റെടുക്കുമെന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെ ടാറ്റ കണ്‍സ്യൂമര്‍ ഓഹരികളിലും വന്‍ കുതിപ്പാമുണ്ടായത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ ക്യാപിറ്റല്‍ ഫുഡ്സിന്റെ വിറ്റുവരവ് ഏകദേശം 750 മുതല്‍ 770 കോടി രൂപ വരെയാണ്. 23 സാമ്പത്തിക വര്‍ഷത്തില്‍ 706 കോടി രൂപയും 2222 സാമ്പത്തിക വര്‍ഷത്തില്‍ 574 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 667 കോടി രൂപയും വിറ്റുവരവുണ്ടായിരുന്നു.
തങ്ങളുടെ ഉത്പന്നങ്ങളിലെ വൈവിധ്യം വര്‍ധിപ്പിക്കാനാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റ കണ്‍സ്യൂമര്‍ അറിയിച്ചു.