/kalakaumudi/media/post_banners/5035730a874bae0a7d8bb323d7929bf3ff0400292441827eea3ab8b55b335ef3.jpg)
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരളത്തിലെ വനിതാ സംരംഭകര്‍ ഒത്തുചേരുന്നു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 നാണ് വനിതാ സംരംഭക സംഗമം. സംരംഭക സംഗമം തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9:30 ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന നിയമ-വ്യവസായ-കയര്‍ മന്ത്രി പി. രാജീവ് വനിതാ സംരംഭകരംഗത്ത് സമഗ്ര സംഭാവന നല്‍കിയവരെ ആദരിക്കും. വനിതാദിന പ്രഖ്യാപനങ്ങളും മന്ത്രി നടത്തും. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പി.എം.എഫ്.എം.ഇ. പ്രൊമോഷണല്‍ ഫിലിമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു വ്യവസായ കേരളം മാസിക ഡിജിറ്റല്‍ പതിപ്പ് ഉദ്ഘാടനവും ഇ.ഡി. ക്ലബുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം വനിതാ സംരംഭകര്‍ പങ്കെടുക്കും. സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ചര്‍ച്ചകള്‍, ഉല്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെ.എസ്.ഐ.ഡി.സി, കെ-ബിപ് എന്നിവയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.