വര്‍ക്കിംഗ് സ്മാര്‍ട്ടും, മറ്റ് മാനേജ്‌മെന്റ് തമാശകളും - മുരളി തുമ്മാരുകുടി

'For every act'ion there is an equal and opposite reaction' പേരുകേട്ട 'ന്യൂട്ടണ്‍സ് ലോ' ആണെന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചത് ശങ്കരാ കോളേജിലെ ടീച്ചറാണ്, പേര് പറയുന്നില്ല. തോക്കെടുത്ത് വെടിവച്ചാല്‍ അത് റീക്കോയില്‍ ചെയ്യും എന്ന് ഉദാഹരണമായി പറഞ്ഞുതരികയും ചെയ്തു. പക്ഷെ ഞങ്ങള്‍ ക്‌ളാസിലുള്ളവരാരും തന്നെ തോക്കെടുത്ത് വെടിവെക്കുന്നത് പോയിട്ട്, തോക്ക് സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടുകൂടിയില്ല

author-image
S R Krishnan
New Update
വര്‍ക്കിംഗ് സ്മാര്‍ട്ടും, മറ്റ് മാനേജ്‌മെന്റ് തമാശകളും - മുരളി തുമ്മാരുകുടി

'For every act'ion there is an equal and opposite reaction' പേരുകേട്ട 'ന്യൂട്ടണ്‍സ് ലോ' ആണെന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചത് ശങ്കരാ കോളേജിലെ ടീച്ചറാണ്, പേര് പറയുന്നില്ല. തോക്കെടുത്ത് വെടിവച്ചാല്‍ അത് റീക്കോയില്‍ ചെയ്യും എന്ന് ഉദാഹരണമായി പറഞ്ഞുതരികയും ചെയ്തു. പക്ഷെ ഞങ്ങള്‍ ക്‌ളാസിലുള്ളവരാരും തന്നെ തോക്കെടുത്ത് വെടിവെക്കുന്നത് പോയിട്ട്, തോക്ക് സിനിമയിലല്ലാതെ നേരിട്ട് കണ്ടിട്ടുകൂടിയില്ല. 'അപ്പോള്‍ ടീച്ചറെ ഒരു കത്തിയിടുത്ത് ഒരാളുടെ വയറിനിട്ടു കുത്തിയാല്‍ ഈക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍ എവിടെയാണ്' എന്നു ചോദിച്ചത് ടീച്ചര്‍ക്ക് ഇഷ്ടമായില്ല. 'അതൊന്നും പരീക്ഷക്ക് വരുന്ന ചോദ്യമല്ല, ആരും അത്ര ഓവര്‍ സ്മാര്‍ട്ട് ആവണ്ട' എന്ന് ടീച്ചറുടെ ഉത്തരം. അന്ന് തീര്‍ന്നതാ തീരുമേനി, കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാനുള്ള ശ്രമം. പിന്നീട് ഐന്‍സ്‌റ്റൈന്റെ 'റിലേറ്റിവിറ്റി തിയറി' വന്നിട്ടുപോലും ഞാനത് മനസ്സിലാക്കാനൊന്നും പോയില്ല. എന്തിനാ വെറുതെ സ്മാര്‍ട്ട് ആയി ടീച്ചര്‍മാരുടെ ശാപം വാങ്ങുന്നത്. ഇപ്പോഴാണെങ്കില്‍ അവര്‍ ഇടിമുറിയില്‍ കേറ്റിയേനെ, അല്ലെങ്കില്‍ ഇന്റേര്‍ണല്‍ കുറക്കുകയെങ്കിലും ചെയ്‌തേനെ.
ഇതെല്ലാം കഴിഞ്ഞ് ഇന്ത്യക്കു പുറത്തു വന്നപ്പോഴാണ് 'All things being equal, fat people use more osap' എന്ന സിദ്ധാന്തം കേള്‍ക്കുന്നത്. ന്യൂട്ടന്റെ സിദ്ധാന്തത്തെക്കാളും വ്യക്തവും പ്രായോഗികവുമാണെങ്കിലും ഇതിന്റെ സൃഷ്ടാവിന് ആരും ഒരംഗീകാരവും കൊടുത്തില്ല. കാലക്രമത്തില്‍ ആ പേര് മാഞ്ഞുപോയെങ്കിലും പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് വന്നതിനുശേഷം ഈ നിയമം ലോകം അറിഞ്ഞുതുടങ്ങി. നിങ്ങളിത് ഇതുവരെ കേട്ടിട്ടില്ലെങ്കില്‍ രണ്ടാമന്റെ അക്കൗണ്ടില്‍ എഴുതിക്കോളൂ.
ഈ നിയമം ശരിയാണോ ശാസ്ത്രീയമാണോ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. അതുകൊണ്ട് നിങ്ങളെ വിശ്വസിപ്പിക്കാനായി, ഞാന്‍ പലപ്പോഴും ചെയ്തിട്ടുള്ള ഒരു പരീക്ഷണം പങ്കുവെക്കാം.
അടുത്തുള്ള ഒരു മക് ഡൊണാള്‍ഡില്‍ പോകുക, അമേരിക്കയിലാണെങ്കില്‍ ഏറ്റവും നല്ലത് (കാരണം അവിടെയാണ് സൂപ്പര്‍ സൈസ് എന്ന ഗമണ്ടന്‍ വലുപ്പമുള്ള കോളയും ഫ്രൈയുമൊക്കെ കിട്ടുന്നത്). എന്നിട്ട് ഓരോരുത്തരും വാങ്ങിക്കൊണ്ടുപോകുന്ന ഭക്ഷണം ശ്രദ്ധിക്കുക. ഏറ്റവും വലിയ കോളയും, കൂടുതല്‍ ഫ്രഞ്ച് ഫ്രൈയും, എക്‌സ്ട്രാ ചീസ് ബര്‍ഗറുമൊക്കെ വാങ്ങുന്നവരായിരിക്കും പൊതുവെ തടിയന്മാരായിട്ടുള്ളത്, കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും.
ചേട്ടനിതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം?
നിങ്ങള്‍ ജോലിയില്‍ വളര്‍ന്നുവരുന്ന കാലത്ത് നിങ്ങള്‍ക്ക് ക്‌ളാസ്സെടുക്കാന്‍ വരുന്ന വലിയ കന്പനിയുടെ മാനേജരോ, ഉയര്‍ന്ന ഉദ്യോഗസ്ഥരോ, മാനേജ്മെന്റ് ഗുരുക്കളോ ഒക്കെ നിങ്ങളെ ഉപദേശിച്ചേക്കാം, 'Work smarter, not harder' എന്ന്. കൂടെ ഏതെങ്കിലും നാല് വലിയ കോര്‍പ്പറേറ്റ് പുലികളുടെ പേര് ഉദാഹരണവും പറയും, അതു കാര്യമാക്കണ്ട. പകരം നിങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരെയും, നിങ്ങളുടെ ചുറ്റും ജോലിയില്‍ ഉയര്‍ന്നു പോകുന്നവരേയും ശ്രദ്ധിക്കുക. അവരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ entitlement ഉള്ളവരെ (അതായത്, കുടുംബവക കമ്പനിയിലെ മാനേജരായിരിക്കുന്നവര്‍, ഐ എ എസുകാര്‍, നേതാവിന്റെ മക്കളായ രാഷ്ട്രീയക്കാര്‍) എല്ലാം എലിമിനേറ്റ് ചെയ്യുക. എന്നിട്ട് ബാക്കിയുള്ളവരുടെ വര്‍ക്ക് പാറ്റേണ്‍ പരിശോധിക്കുക. ഉറപ്പായിട്ടും അവര്‍ കഠിനാധ്വാനികള്‍ തന്നെയായിരിക്കും.
ഇതിന്റെയര്‍ത്ഥം കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ഉയര്‍ന്നുപോകും എന്നും, ജോലിയില്‍ ഉയര്‍ന്നുപോകുന്നവരെല്ലാം രാത്രി പത്തുമണിവരെ ജോലിചെയ്യുന്നവര്‍ ആണെന്നുമല്ല. എന്നാല്‍ അഞ്ചുമണിയാകാന്‍ നോക്കിയിരുന്ന് ഓഫീസില്‍ നിന്നും ചാടിപ്പോകുന്നവര്‍ ബോര്‍ഡ് റൂം ഉള്ള മുകളിലത്തെ നിലയിലേക്ക് കയറിപ്പോകാനുള്ള സാധ്യത വളരെ വിരളമാണ്. ഇതാണ് ചെറുപ്പത്തിലേ മനസ്സിലാക്കേണ്ടത്. കരിയര്‍ വളര്‍ച്ചയിലേക്ക് സ്മാര്‍ട്ട് ആയ കുറുക്കുവഴികള്‍ ഒന്നുമില്ല. ചെയ്യുന്ന ജോലി എന്താണെങ്കിലും അത് ഇഷ്ടപ്പെട്ടു ചെയ്യുക, ആത്മാര്‍ത്ഥമായി ചെയ്യുക, അതില്‍ കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ശ്രമിക്കുക, ജോലിയില്‍ ക്രിയാത്മകമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നോക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ജോലിയെ വളരെ സീരിയസ് ആയി എടുക്കുക എന്നതാണ് മുന്നോട്ടുള്ള വഴി.
ഇതുപോലെതന്നെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ്, 'പേഴ്‌സണല്‍ ലൈഫ് - വര്‍ക്ക് ലൈഫ് സെപ്പറേഷന്‍' എന്ന തമാശയും. ജനാധിപത്യരാജ്യങ്ങളില്‍ ജീവിക്കുന്ന ആദര്‍ശശാലികളായ കുട്ടികള്‍ എല്ലാം ''സമൂഹമാധ്യമത്തിലെ എന്റെ ഇടപെടല്‍ എന്റെ വ്യക്തിപരമായ കാര്യമാണ്, അതെന്റെ തൊഴിലുമായി കൂട്ടിക്കുഴക്കേണ്ട' എന്നുപറയും. ഞാനും എന്റെ പേജില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. പ്രൊഫഷണലായിട്ടുള്ള സ്ഥാപനങ്ങളെല്ലാം തന്നെ ഇത് ബഹുമാനിക്കുകയും ചെയ്യും.
എന്നാല്‍ അങ്ങനെയല്ലാത്ത സ്ഥാപനങ്ങള്‍ ഒന്നുകില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകളടക്കം എല്ലാം ശ്രദ്ധിക്കുകയോ ചെയ്യും.
നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാന്‍ ശ്രമിക്കുന്‌പോള്‍ കളി ആകെ മാറും. ലോകത്ത് മിക്ക സ്ഥലങ്ങളിലും ദീര്‍ഘകാലജോലികള്‍ക്ക് ആളുകളെ തെരഞ്ഞെടുക്കുന്‌പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ റഫറന്‍സ് ചെക്ക് നടത്തുന്ന പരിപാടിയുണ്ടല്ലോ. അതുപോലെതന്നെ ഉയര്‍ന്നുവന്നിരിക്കുന്ന ഒരു പുതിയ പ്രവണതയാണ് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചെക്ക്. നിങ്ങളുടെ പോസ്റ്റുകളും കമന്റുകളും മാത്രമല്ല, ഷെയറുകളും ലൈക്കുകളും വരെ നിങ്ങളെപ്പറ്റി ഏറെ പറയുന്നുണ്ട്. നിങ്ങളുടെ വ്യക്തിതാല്പര്യങ്ങള്‍, രാഷ്ട്രീയചായ്വ്, ഭാഷയിലെ ശുദ്ധി, പെരുമാറ്റത്തിലെ വിനയം ഇതെല്ലം നിങ്ങളറിയാതെ തന്നെ ലോകത്തിന്റെ മുന്നില്‍ തുറന്നുവെക്കുകയാണ്. നിങ്ങളുടെ കൂട്ടുകാരെയും നിങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കുന്ന കോമാളിപ്പടങ്ങളും വരെ ഇക്കൂട്ടര്‍ പരിശോധിക്കുന്നു. നിങ്ങളെ എത്ര ഉയരത്തിലേക്കാണോ പരിഗണിക്കുന്നത്, അത്രയും കര്‍ശനമായിരിക്കും ഈ പരിശോധനകളെല്ലാം. നമ്മള്‍ കാണുന്നത് കൂടാതെ, അതിലെ അന്തരാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്ന ഗവേഷണങ്ങളും, അവയനുസരിച്ച് നിങ്ങളെ വിലയിരുത്തുന്ന സൈക്കോളജിസ്റ്റുകളുമൊക്കെ വന്നുകഴിഞ്ഞു. ഉദാഹരണത്തിന് ഫേസ്ബുക്കില്‍ ഇന്‍സ്പിരേഷണല്‍ ക്വോട്ട് ഷെയര്‍ ചെയ്യുന്നവര്‍ പൊതുവേ ബുദ്ധി കുറഞ്ഞവര്‍ ആണെന്ന് ഒരു പഠനമുണ്ട്. (http://www.dailymail.co.uk/.../Not-profound-People-wisdom-ins...). ഇത് ശരിയോ തെറ്റോ എന്നത് പ്രസക്തമല്ല. നിങ്ങളുടെ പ്രൊഫൈല്‍ അനലിസ്റ്റ് ഇതാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം.
അതുകൊണ്ടുതന്നെ ആഗോളമായ ഒരു തൊഴില്‍ജീവിതം വേണമെന്ന് ആഗ്രഹിക്കുന്നവരും, ഇന്ത്യയിലായാലും തൊഴില്‍രംഗത്ത് ഉയര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്നവരും, മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ പദ്ധതിയുള്ളവരും സസ്നോഡന്‍ എന്ന സിനിമ കാണണം. ഈ 'പ്രൈവറ്റ്-പബ്ലിക്' ലൈഫ് എന്നത് സമൂഹമാധ്യമത്തിന്റെ കാലത്ത് സെപ്പറേഷനില്ലാത്ത ഒരു കാര്യമാണെന്ന് ഓര്‍ക്കുക. ജോലി മാറാന്‍ ശ്രമിക്കുന്ന സമയത്തെങ്കിലും പേജുകളൊക്കെ ഒന്ന് സാനിട്ടൈസ് ചെയ്തുവെക്കുന്നതാണ് ബുദ്ധി. എന്റെ പേജില്‍ വന്ന് ചീത്തപറയുന്നവരുടെ കാര്യം ഗോപിയാണെന്ന് ഇനി എടുത്തുപറയേണ്ട കാര്യമില്ലല്ലോ.
മൂന്നാമത്തെ തമാശയാണ് വര്‍ക്ക് - ലൈഫ് ബാലന്‍സ് എന്നത്. സ്വന്തം തൊഴിലില്‍ പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും, കുടുംബത്തോട് പൂര്‍ണ്ണമായ സ്‌നേഹവും നീതിയും ഒക്കെയുണ്ടാകുക എന്നത് നല്ല കാര്യമാണ്. പക്ഷെ, 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം' ആണിതും. പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ന്നുവരുന്‌പോള്‍ തൊഴിലിന്റെ സമ്മര്‍ദ്ദം കൊണ്ടോ, യാത്രയുടെ ക്ഷീണം കൊണ്ടോ, അതിനെടുക്കുന്ന സമയം കൊണ്ടോ ഒക്കെ കുടുംബത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിയില്ല. ലോകത്തെവിടെയും കുടുംബത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായ ശ്രദ്ധ കൊടുക്കുന്‌പോള്‍ ജോലിയില്‍ പ്രമോഷന്‍ വരുന്‌പോഴും സ്ഥലംമാറ്റം വരുന്‌പോഴുമൊക്കെ ഏറെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീകളാണ് ഇത്തരം വിട്ടുവീഴ്ചകള്‍ കൂടുതല്‍ ചെയ്യേണ്ടിവരുന്നത്. നല്ല കുടുംബജീവിതവും നല്ല ജോലിയുമുള്ള പലരെയും നമുക്കുചുറ്റും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും അതൊക്കെ സ്റ്റാറ്റിസ്റ്റിക്കല്‍ ഔട്‌ലെയര്‍ ആണ്. അതുകൊണ്ടുതന്നെ കരിയര്‍ മാനേജ്‌മെന്റിന്റെ ആദ്യകാലത്തു തന്നെ നമുക്ക് ഏതാണ് പ്രധാനമെന്ന് ആലോചിക്കുന്നത് നല്ലതാണ്. ഏത് ചോയ്സും എടുക്കാം. എന്നാല്‍ രണ്ടും ഭംഗിയായി നടക്കും എന്ന ചിന്തയില്‍ തുടങ്ങിയാല്‍ രണ്ടും അത്ര ഭംഗിയായി നടക്കില്ല, സത്യം.
ഓഫിസില്‍ പോകാന്‍ സമയമായി, അതുകൊണ്ട് ഇന്നിത്രയെ ഉള്ളൂ. നിങ്ങളില്‍ അറിവുള്ളവര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പറയൂ...

working smart and management