/kalakaumudi/media/post_banners/29bfe38860c600672303d0345f5bf7300f885098351ab084c162893ec6c6f2d7.jpg)
ആലപ്പുഴ: ഓണ്‍ലൈന്‍ നിക്ഷേപത്തിന്റെ പേരില്‍ മാന്നാര്‍ സ്വദേശിക്ക് 2.67 കോടി രൂപ നഷ്ടമായ സംഭവത്തില്‍ മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍. മലപ്പുറം ഏറനാട് താലൂക്കില്‍ കാവന്നൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഏലിയാപറമ്പില്‍ ഷമീര്‍ പൂന്തല (38), കാവന്നൂര്‍ ഏഴാം വാര്‍ഡില്‍ വാക്കാലൂര്‍ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), 12ാം വാര്‍ഡില്‍ പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍ 35) എന്നിവരാണ് അറസ്റ്റിലായത്.
വിദേശസര്‍വീസിനു ശേഷം നാട്ടിലെത്തിയ ആളാണ് തട്ടിപ്പിനിരയായത്. ഡിസംബര്‍ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്ന് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ വ്യാപാരം നടത്തി വന്‍ലാഭം നേടാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.
ഓണ്‍ലൈന്‍ ട്രേഡിങ്ങിന് ക്ഷണിച്ച് ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചാണ് തുക നിക്ഷേപിച്ചത്. ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കില്‍ കിട്ടിയ ലാഭം പോകുമെന്ന് പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്.
വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒന്‍പതുകോടി രൂപയായപ്പോള്‍ പണം പിന്‍വലിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ വരുമാനനികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും പണംതട്ടി. പിന്നീട് ട്രേഡിങ് നടത്തിയ സൈറ്റും വാട്സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാര്‍ ഒഴിവാക്കി. ഇതിനെ തുടര്‍ന്നാണ് മാന്നാര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.