By Greeshma Rakesh.06 06 2023
ബെംഗളൂരു: ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് പേയ്മെന്റില്‍ താമസമുണ്ടായതില്‍ പ്രകോപിതനായ കാര്‍ യാത്രക്കാരന്‍ ടോള്‍ ഗേറ്റ് ജീവനക്കാരനെ തല്ലിക്കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ബിദാദിയില്‍ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ ശേഷാഗിരി ടോള്‍ ബൂത്തിലെ ജീവനക്കാരനായ പവന്‍ നായിക്കാണ് കൊല്ലപ്പെട്ടത്.
ഫാസ്ടാഗില്‍ ടോള്‍ പിരിക്കുന്നതിനിടെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായി. തുടര്‍ന്ന് ടോള്‍ ബൂത്ത് ജീവനക്കാരനും കാര്‍ യാത്രികനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കാര്‍ യാത്രികന്‍ ടോള്‍ ബൂത്തില്‍നിന്ന് മുന്നോട്ട് നീങ്ങിയെങ്കിലും അല്‍പം മാറി, പവന്‍ നായിക്കിനായി കാത്തിരുന്നു. പവന്‍ നായിക്കും സഹപ്രവര്‍ത്തകന്‍ മഞ്ജുനാഥും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ സമയത്ത് ഹോക്കി സ്റ്റിക്ക് അടക്കം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
പവന്‍ നായിക്കിനെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന മഞ്ജുനാഥിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും മര്‍ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് മഞ്ജുനാഥ് മൊഴി നല്‍കിയത്.