/kalakaumudi/media/post_banners/a59f084d6e1864ec134d404897585abded8c2e141c2f03a6164482328c109ef5.jpg)
കൊച്ചി: തൃശൂര്‍ തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതി അഖില്‍ ആതിരയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. ഇത് പിന്നീട് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ പണയം വെച്ചതായി അഖില്‍ മൊഴി നല്‍കി. ഈ ആഭരണങ്ങള്‍ വീണ്ടെടുക്കുന്ന നടപടികള്‍ക്കായി പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന അഖിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആതിരയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയ പോലെ പ്രതി അഖില്‍ മറ്റേതെങ്കിലും സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ വെള്ളിയാഴ്ച്ചയാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് കൊന്ന് ആതിരപ്പള്ളിയിലെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.സംഭവത്തില്‍ ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് വെള്ളിയാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും.
കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. ആതിരയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.