യുവാക്കളെ തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമം;സഹോദരങ്ങള്‍ അറസ്റ്റില്‍

By priya.06 12 2023

imran-azhar

 

കായംകുളം: പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ മൂന്നിന് രാത്രി 10 മണിയോടെയാണ് സംഭവം. പുതുപ്പള്ളി പുളിയാണിക്കല്‍ ജംഗ്ഷനു സമീപം റോഡില്‍ വച്ച് ബൈക്കില്‍ വന്ന പുതുപ്പള്ളി ഗോവിന്ദ മുട്ടം സ്വദേശിയായ ജിത്തു ദേവന്‍, സുഹൃത്ത് സുനീഷ് എന്നിവരെ എട്ട് പ്രതികള്‍ തടഞ്ഞു നിര്‍ത്തി കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

 


രഞ്ജിതും രഞ്ജിയും ഈ സംഘത്തില്‍പ്പെട്ടവരാണ് എന്ന് പൊലീസ് അറിയിച്ചു. പിടിയിലാകാനുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു.

 

 

OTHER SECTIONS