By priya.18 09 2023
ഡല്‍ഹി: ഡല്‍ഹിയില്‍ ആറംഗ സംഘം വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അരവിന്ദ് മണ്ഡല്‍ ആണ് കൊല്ലപ്പെട്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.
മകന്‍ ആകാശിനെ സ്‌കൂളില്‍ നിന്ന് വിളിച്ച ശേഷം മടങ്ങുമ്പോള്‍ അരവിന്ദ് മണ്ഡല്‍ മനോജ് ഹാല്‍ദര്‍ എന്നയാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വൈകുന്നേരത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പായതോടെ അരവിന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം വീടിനുള്ളില്‍ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു.
അരവിന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ രേഖയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അരവിന്ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്നും ഇവരെല്ലാം സരിത വിഹാറിലെ പ്രിയങ്ക ക്യാമ്പിലെ താമസക്കാരാണെന്നും പൊലീസ് അറിയിച്ചു.