81 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ഭാരത് പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിനും ഭാര്യയ്ക്കുമെതിരെ കേസ

സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ പൊലീസ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
81 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ഭാരത് പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിനും ഭാര്യയ്ക്കുമെതിരെ കേസ

ന്യൂഡല്‍ഹി: 81 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഭാരത് പേയുടെ സഹസ്ഥാപകനും മുന്‍ മാനേജിങ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവറിനെതിരെ കേസ്.ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അഷ്നീര്‍ ഗ്രോവര്‍, ഭാര്യ മാധുരി ജെയിന്‍ ഗ്രോവര്‍, കുടുംബാംഗങ്ങളായ ദീപക് ഗുപ്ത, സുരേഷ് ജെയിന്‍, ശ്വേന്തക് ജെയിന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്.

കമ്പനിയില്‍ 81 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഭാരത് പേ കമ്പനി 2022 ഡിസംബറില്‍ നല്‍കിയ പരാതിയിലാണ് നടപടി.സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ പൊലീസ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.

അഷ്നീര്‍ ഗ്രോവറും ബന്ധുക്കളും വിവിധ ക്രമക്കേടുകളിലൂടെ കമ്പനിയുടെ പണം തട്ടിയെടുത്തെന്നും ആഡംബരജീവിതത്തിനും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി ഈ പണം വിനിയോഗിച്ചെന്നുമാണ് ഭാരത് പേയുടെ ആരോപണം.നിരവധി വ്യാജ ഇടപാടുകളിലൂടെ അഷ്നി ഗ്രോവറും ബന്ധുക്കളും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

വ്യാജരേഖകള്‍ ചമച്ച്, ഇല്ലാത്ത ഇടപാടുകാരുടെ പേരില്‍ കോടികള്‍ നല്‍കി, വ്യാജ ഇടപാടുകളിലൂടെ പണം തട്ടിയെടുത്തു, വ്യാജ ഇന്‍വോയ്സുകളും മറ്റും നിര്‍മിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിയവിരുദ്ധമായി പണം നല്‍കി തുടങ്ങിയവയാണ് ആരോപണം. അഷ്നീര്‍ ഗ്രോവറിന്റെ ഭാര്യയും കമ്പനിയുടെ മുന്‍ 'ഹെഡ് ഓഫ് കണ്‍ട്രോളു'മായിരുന്ന മാധുരി ജെയിന്‍ ഈ ക്രമക്കേടുകളുടെ തെളിവുകള്‍ നശിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

ഭാരത് പേയുടെ പരാതിയില്‍ അഞ്ചുമാസത്തോളം നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് നടപടിയെ ഭാരത് പേ കമ്പനിയും സ്വാഗതംചെയ്തു. പോലീസിന്റേത് ശരിയായ നീക്കമാണെന്നും അഷ്നീര്‍ ഗ്രോവറും കുടുംബവും നടത്തിയ സംശയാസ്പദമായ ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നും ഭാരത് പേ പറഞ്ഞു.

രാജ്യത്തെ നിയമവ്യവസ്ഥയില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഭാരത് പേ പ്രസ്താവനയില്‍ പറഞ്ഞു.കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് അഷ്നീര്‍ ഗ്രോവറിനെതിരേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്ന് 2022 മാര്‍ച്ചില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാര്യ മാധുരി ജെയിനിനെയും കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു.

bharatpe Crime News Money Fraud Ashneer Grover