By Greeshma.07 03 2023
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു യുവാവിനെ സഹയാത്രികന്‍ പുറത്തേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. ആക്രമണദൃശ്യങ്ങളും പുറത്തേക്കു തള്ളിയിടുന്നതും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തില്‍ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സു തോന്നിക്കും.
മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളില്‍ തര്‍ക്കിക്കുകയും തുടര്‍ന്ന് യുവാവിനെ തള്ളിയിടുകയുമായിരുന്നു. കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിനു സമീപമാണു യുവാവ് വീണത്.ട്രെയിന്‍ യാത്രയ്ക്കിടെ യുവാവുമായി സോനു മുത്തു വഴക്കിടുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്, ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അക്രമിയെ പൊലീസ് പിടികൂടി.