/kalakaumudi/media/post_banners/8894ceae40c5dc2cdf684877a53c56034aef5d9a20f9499782ebf31e80719601.jpg)
പനജി: ഹോട്ടലില്‍ വച്ച് നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനെത്തിയ ഭര്‍ത്താവ് പി ആര്‍ വെങ്കിട്ടരാമനുമായി പ്രതി സുചന സേത്ത് വഴക്കിട്ടതായി ഗോവ പൊലീസ്. കലാങ്ങുട്ട് പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ വെങ്കട്ടരാമന്‍ കുഞ്ഞിനെ എന്തിനാണ് കൊന്നതെന്ന് സുചനയോട് ചോദിച്ചു. എന്നാല്‍ താന്‍ കുട്ടിയെ കൊന്നില്ല എന്ന് സുചന മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലും താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് സുചന മറുപടി നല്‍കിയത്. ഉറങ്ങാന്‍ കിടന്നപ്പോള്‍ കുട്ടിക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും രാവിലെ എഴുന്നേറ്റപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടതെന്നും സുചന മൊഴി നല്‍കിയിരുന്നു.
ദമ്പതികള്‍ ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി കൊല്ലപ്പെടുന്നത്.
കുഞ്ഞിനെ അവസാനമായി കണ്ടത് ഡിസംബര്‍ 10നാണെന്നും പിന്നീട് മകനെ കാണാന്‍ സുചന അനുവദിച്ചില്ലെന്നും വെങ്കട്ടരാമന്‍ മൊഴിനല്‍കി. കുഞ്ഞിനെ കാണാമെന്ന കോടതി ഉത്തരവു നിലനില്‍ക്കെയാണ് സുചന ഇത്തരത്തില്‍ പെരുമാറിയതെന്നും വെങ്കട്ടരാമന്‍ പറഞ്ഞു.
സംഭവത്തേത്തുടര്‍ന്ന് വെങ്കിട്ടരാമന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് അഭിഭാഷകന്‍ അസ്ഹര്‍ മീര്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിക്ക് എന്ത് നീതിയാണ് കിട്ടുകയെന്നും അസ്ഹര്‍ ചോദിച്ചു. സമൂഹമെന്ന നിലയില്‍ കുറ്റവാളിയെ ശിക്ഷിക്കണമെന്നും അതിലൂടെ നീതി നടപ്പാകുമെന്നും നമ്മള്‍ കരുതുന്നു. എന്നാല്‍ കേസില്‍ ആരു ജയിച്ചാലും ഇനി ആ കുട്ടിക്ക് തിരിച്ചുവരാനാവില്ല. അത് വലിയ നഷ്ടമാണ്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് വെങ്കിട്ടരാമന് അറിയില്ല. ഒരുപക്ഷേ പിതാവുമായി കുട്ടിക്ക് വൈകാരികമായ അടുപ്പം വരുന്നതിനെ ചെറുക്കാനാകാം സുചന ക്രൂരകൃത്യം നടത്തിയതെന്നും അസ്ഹര്‍ വ്യക്തമാക്കി.
കുട്ടി ആരോടൊപ്പം നില്‍ക്കണമെന്ന വിഷയത്തില്‍ ബെംഗളൂരുവിലെ കുടുംബകോടതിയില്‍ ഒരുവര്‍ഷമായി കേസ് നടക്കുകയാണെന്നും അസ്ഹര്‍ പറഞ്ഞു. തുടക്കത്തില്‍ വിഡിയോ കോള്‍ വഴിയും പിന്നീട് പകല്‍ സമയത്ത് നേരിട്ടും കുട്ടിയെ കാണാന്‍ വെങ്കട്ടരാമന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 6ന് കുഞ്ഞിനെ ബെംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍നിന്ന് കൂട്ടാമെന്ന് സുചന വെങ്കട്ടരാമനോട് പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ ഫോണ്‍ എടുത്തില്ല. ഈ സമയം കുട്ടിയുമായി സുചന ഗോവയിലേക്ക് പുറപ്പെട്ടിരുന്നു.
ജനുവരി 6ന് ഗോവയില്‍ മകനുമായെത്തിയ സുചന ഹോട്ടലില്‍ മുറിയെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ജനുവരി എട്ടിന് ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്കു തിരിച്ചു. ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ ചെന്നപ്പോള്‍ ടവലിലാണു ചോരപ്പാടുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തലയിണയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബെംഗളൂരുവിലേക്കു പോകുന്നതിനിടെ രക്തക്കറയെ കുറിച്ച് ചോദിക്കാന്‍ സുചനയെ പൊലീസ് വിളിച്ചിരുന്നു. അത് ആര്‍ത്തവരക്തമാണ് എന്നായിരുന്നു സുചനയുടെ ആദ്യ മറുപടി.