വാടകക്കൊലയാളികളെ നിയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; അറസ്റ്റ്

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വാടകക്കൊലയാളികളെ നിയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹം രജൗറി ഗാര്‍ഡന്‍ മേഖലയിലെ വീട്ടില്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് എത്തി അന്വേഷണം നടത്തിയത്.

author-image
Priya
New Update
വാടകക്കൊലയാളികളെ നിയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; അറസ്റ്റ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വാടകക്കൊലയാളികളെ നിയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹം രജൗറി ഗാര്‍ഡന്‍ മേഖലയിലെ വീട്ടില്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് എത്തി അന്വേഷണം നടത്തിയത്.

പല തവണ കുത്തേറ്റ നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം.കഴിഞ്ഞ നവംബറിലാണ് മുപ്പത്തിയഞ്ചുകാരിയായ യുവതി എസ്.കെ. ഗുപ്തയെ(71) വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സെറിബ്രല്‍ പാള്‍സി ബാധിച്ച 45 കാരനായ മകനെ പരിപാലിക്കുമെന്നു കരുതിയാണ് ഗുപ്ത ഇവരെ വിവാഹം കഴിച്ചത്. എന്നാല്‍ ഇതു നടന്നില്ല. ഇതോടെ ഗുപ്ത വിവാഹമോചനത്തിനു ശ്രമിച്ചെങ്കിലും ഭാര്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

ഇതിനു വഴങ്ങാതിരുന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി രണ്ട് വാടകക്കൊലയാളികളെ സമീപിക്കുകയായിരുന്നു.ഗുപ്തയുടെ മകനായ അമിത്തിനെ ആശുപത്രിയില്‍ പരിപാലിക്കാനെത്തിയ വിപിന്‍ എന്ന ആളുമായി ചേര്‍ന്നാണ് ഗുപ്ത ഗൂഢാലോചന നടത്തിയത്.

ഭാര്യയെ കൊലപ്പെടുത്താന്‍ വിപിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗുപ്ത 2.40 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. തുടര്‍ന്ന് വിപിനും സഹായിയായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊലപ്പെടുത്തകയായിരുന്നു.

ആക്രമണത്തിനിടെ പ്രതികള്‍ക്കും പരുക്കേറ്റു.മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുകളും മറ്റു സാധനങ്ങളും പ്രതികള്‍ കൊണ്ടുപോയിരുന്നു.

കൊലപാതകം നടക്കുമ്പോള്‍ ഗുപ്തയുടെ മകന്‍ അമിത്തും വീട്ടിലുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗുപ്ത, മകന്‍ അമിത്, വിപിന്‍ സേത്തി, ഹിമാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇവര്‍ കുറ്റസമ്മതം നടത്തി.

delhi Crime