/kalakaumudi/media/post_banners/2be43143e48c2f33a82f370411d0e7b329f414c2a966f231d9629928445f026d.jpg)
കട്ടപ്പന: കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് നഴ്സറി സ്‌കൂള്‍ അധ്യാപിക പി.ജെ. വത്സമ്മയെ (അനുമോള്‍-27) കൊന്നത് കഴുത്തില്‍ ഷാള്‍ കുരുക്കിയെന്ന് ഭര്‍ത്താവ് ബിജേഷ്. വത്സമ്മയുടെ കൈയില്‍നിന്ന് ബിജേഷ് 10,000 രൂപ വാങ്ങിയിരുന്നു. ഈ പണംകൊണ്ട് മദ്യപിച്ച ബിജേഷിനെ വത്സമ്മ ചോദ്യം ചെയ്തു.
വഴക്കിനൊടുവില്‍ ബിജേഷ് ഷാള്‍ ഉപയോഗിച്ച് വത്സമ്മയുടെ കഴുത്തില്‍ കുരുക്കിട്ടു. തുടര്‍ന്ന് കസേരയിലിരുന്ന വത്സമ്മയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇതിനിടയില്‍ കസേരയില്‍നിന്നുവീണ് വത്സമ്മയുടെ തലയ്ക്ക് മുറിവേറ്റിരുന്നു.
മുറിയിലെത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് വത്സമ്മയുടെ കൈയില്‍ മുറിവുണ്ടാക്കി. അതിനുശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു. പിന്നീട് അതില്‍നിന്ന് പിന്തിരിഞ്ഞു. തുടര്‍ന്ന് വത്സമ്മയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.
വനിതാസെല്ലില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് കൊലപാതകമെന്ന് ബിജേഷ് പോലീസിന് മൊഴി നല്‍കി. തലയ്ക്കേറ്റ ക്ഷതമാണ് വത്സമ്മയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ദിവസവും രാത്രിയില്‍ മദ്യപിച്ചുവന്ന് ഭര്‍ത്താവ് ചീത്ത വിളിക്കുന്നതായും ഉപദ്രവിക്കുന്നതായും ആരോപിച്ച് വത്സമ്മ മാര്‍ച്ച് 11-ന് കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 12-ന് പോലീസ് വിളിപ്പിച്ചപ്പോള്‍ ഭാര്യയോടൊപ്പം കഴിയാനാകില്ലെന്നും വിവാഹമോചനം വേണമെന്നും ബിജേഷ് പറഞ്ഞു.
തുടര്‍ന്ന് വത്സമ്മ മാട്ടുക്കട്ടയിലെ ബന്ധുവീട്ടിലേക്കും ബിജേഷ് കല്‍ത്തൊട്ടിയിലെ കുടുംബവീട്ടിലേക്കും പോയി. 17-ന് വൈകീട്ട് വത്സമ്മ കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് ഇരുവരും താമസിക്കുന്ന വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് തര്‍ക്കവും തുടര്‍ന്ന് കൊലപാതകവും നടന്നത്.
കൊലപാതകത്തിനുശേഷം വത്സമ്മയുടെ ഫോണ്‍ ബിജേഷ് സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് അടുത്തമുറിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് അമ്മയെ വിളിച്ച് വത്സമ്മയെ കാണാനില്ലെന്ന് പറഞ്ഞു.
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്ന ബിജേഷ്, പ്രശ്നങ്ങളൊക്കെ ഭാര്യയുണ്ടാക്കുന്നതാണെന്ന് വത്സമ്മയുടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചിരുന്നു. ഭാര്യവീട്ടുകാര്‍ക്ക് ബിജേഷിനോടുള്ള അടുപ്പം മുതലെടുത്താണ് വത്സമ്മ മറ്റാരുടെയോ കൂടെപ്പോയതായി വിശ്വസിപ്പിച്ചത്.