/kalakaumudi/media/post_banners/ee23953a912a3fabafb32343fd6906dcda7867c94fda04472865fbfdeba1ead0.jpg)
ഡെറാഡൂണ്‍: നേപ്പാളി യുവതി കൊലപ്പെട്ട കേസില്‍ ലെഫ്റ്റനന്റ് കേണല്‍ അറസ്റ്റില്‍.പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബാര്‍ ഡാന്‍സറായിരുന്ന ശ്രേയ ശര്‍മയാണ് കൊല്ലപ്പെട്ടത്.
കേസില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്റ് കേണല്‍ രാമേന്ദു ഉപാധ്യായെയാണ് അറസ്റ്റ് ചെയ്തത്. സിര്‍വാള്‍ഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെ അന്വേഷിച്ചപ്പോഴാണ് ലെഫ്റ്റനന്റ് കേണലിനെ അറസ്റ്റ് ചെയ്തത്.
ലെഫ്റ്റനന്റ് കേണലും യുവതിയും തമ്മില്‍ വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്തിയതെന്ന് രാമേന്ദു ഉപാധ്യായയെ ചോദ്യംചെയ്ത ശേഷം പൊലീസ് വിശദീകരിച്ചു.
പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഡാന്‍സ് ബാറില്‍ വച്ചാണ് വിവാഹിതനായ രാമേന്ദു ഉപാധ്യായ്(42) ശ്രേയ ശര്‍മയെ (25)
കണ്ടുമുട്ടിയത്.
മൂന്ന് വര്‍ഷമായി ഇരുവരും വിവാഹേതര ബന്ധത്തിലായിരുന്നു. ഡെറാഡൂണില്‍ നിയമനം ലഭിച്ചതോടെ ലെഫ്റ്റനന്റ് കേണല്‍ ശ്രേയയെ ഡെറാഡൂണിലേക്ക് കൊണ്ടുവന്ന് അവിടെ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്തുനല്‍കി താമസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി രാജ്പൂര്‍ റോഡിലെ ക്ലബ്ബില്‍ വെച്ച് ഉപാധ്യായ ശ്രേയക്കൊപ്പം മദ്യപിച്ചു. ഒരു ലോങ് ഡ്രൈവിന് പോകാമെന്ന് ഉപാധ്യായ യുവതിയോട് പറഞ്ഞു.
നഗര പ്രാന്തത്തിലെ വിജനമായ താനോ റോഡില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത് ലെഫ്റ്റനന്റ് കേണല്‍ യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ലെഫ്റ്റനന്റ് കേണല്‍ സ്ഥലംവിടുകയും ചെയ്തു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി. പണ്ഡിറ്റ് വാരി പ്രേം നഗറിലെ വീട്ടില്‍ വെച്ചാണ് പൊലീസ് ലെഫ്റ്റനന്റ് കേണലിനെ അറസ്റ്റ് ചെയ്തത്.