/kalakaumudi/media/post_banners/08887031af112d2e698b79d6b81d79ace3e26f425518575cd4b88ad65cbb1491.jpg)
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ കുത്തി കൊലപ്പെടുത്തിയശേഷം ആസിഡ് ഒഴിച്ച് ശരീരം വികൃതമാക്കിയ സംഭവത്തില്‍ 45 കാരന്‍ അറസ്റ്റില്‍. ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ടെക്‌നിക്കല്‍ സൂപ്പര്‍വൈസറായ മുഹമ്മദ് സക്കീര്‍ (45) ആണ് അറസ്റ്റിലായത്.
കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സ്ത്രീയെ പല തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ആളെ മനസ്സിലാകാതെയിരിക്കാന്‍ അവരുടെ മുഖത്തും മറ്റു ശരീരഭാഗത്തു ആസിഡ് ഒഴിച്ച് വികൃതമാക്കി. ഈ മാസം 8 ന് മരിച്ച സ്ത്രീയുടെ മകള്‍ അമ്മയെ കാണാനില്ലെന്നു പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അടുത്ത ദിവസം തന്നെ സെക്ടര്‍ 148 മെട്രോ സ്റ്റേഷനു സമീപത്തിനുനിന്ന് ഗ്രേറ്റര്‍ നോയിഡ പൊലീസ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സക്കീര്‍ ഇവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നല്‍കാത്തതിനാല്‍ അവര്‍ ഏറെ സമ്മര്‍ദ്ദിത്തിലായിരുന്നെന്നും പൊലീസ് അറിയുന്നത്.
2018-19 കാലത്ത് ഇവര്‍ 11 ലക്ഷം രൂപ സക്കീറിന് കടമായി നല്‍കിയിരുന്നു. ബാങ്കില്‍ നിന്ന് സ്വകാര്യ വായ്പ എടുത്താണ് ഈ പണം നല്‍കിയതെന്നാണു വിവരം.
സെപ്റ്റംബര്‍ എട്ടിന് ഈ സ്ത്രീ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഫിസില്‍ നിന്ന് ഇറങ്ങിയെന്നും സക്കീര്‍ അന്ന് അവധിയായിരുന്നെന്നും പൊലീസ് പറയുന്നു. സക്കീറിന്റെ മൊബൈല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ഇരുപതോളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്നും പൊലീസ് അറിയിച്ചു. പണം തിരികെ ചോദിച്ച് ശല്യപ്പെടുത്തിയതിനാലാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി.
നോയിഡയിലെ നോളജ് പാര്‍ക്കിലേക്ക് അവരെ കൊണ്ടുപോയ സക്കീര്‍ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആളെ മനസ്സിലാകാതെയിരിക്കാന്‍ ആസിഡ് ഒഴിച്ച് മുഖവും മറ്റും വികൃതമാക്കി. തുടര്‍ന്ന് ആസിഡ് കുപ്പിയും ആയുധവും ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചതായും പ്രതി പറഞ്ഞു.