/kalakaumudi/media/post_banners/3297588b79d1e8247266542b720ec5fae817d46ef65b585a937bc4ef8ae76c7e.jpg)
(പ്രതീകാത്മക ചിത്രം)
ഡല്‍ഹി: ഡല്‍ഹിയില്‍ യാചകനെ യുവാവ് ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയില്‍ ആണ് സംഭവം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുര്‍ന്നാണ് യുവാവ് യാചകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് വിവരം അറിയുന്നത്.മാനസരോവര്‍ പാര്‍ക്ക് ഏരിയയില്‍ യാചകനെ അജ്ഞാതന്‍ കുത്തിക്കൊന്നുവെന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശമെത്തിയിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് പൊട്ടിയ ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് കിടക്കുന്ന യാചകനെ ആണ്. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അന്വേഷണത്തില്‍ അശോക് നഗറിലെ താമസക്കാരനാണ് രാത്രി 10.30 ഓടെ സ്ഥലത്തെത്തി പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് യാചകനെ കുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ദൃക്‌സാക്ഷികളും ഇക്കാര്യം സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രോഹിത് മീണ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. തന്റെ ഭാര്യക്ക് യാചകനുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഇതിനെ ചൊല്ലി ഭാര്യയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നിന്ന് ബിയര്‍ കുപ്പി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ഭിക്ഷാടകന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.