ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവം കൊലപാതകം; സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റു ചെയ്തു

By Lekshmi.02 06 2023

imran-azhar

 

കോയമ്പത്തൂര്‍: വിവാഹം കഴിഞ്ഞ് 21ാം ദിവസം യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റു ചെയ്തു. ശെല്‍വപുരം കറുപ്പുസ്വാമിയുടെ മകള്‍ രമണിയാണ് (20) കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പേരൂര്‍ ഡി.എസ്.പി. രാജാപാണ്ഡ്യന്റെ അന്വേഷണത്തില്‍ വ്യക്തമായി.

 

കേസില്‍ ഭര്‍ത്താവ് സഞ്ജയ് (22), സഞ്ജയിന്റെ അച്ഛന്‍ ലക്ഷ്മണന്‍, അമ്മ നിഷ എന്നിവരെയാണ് അറസ്റ്റുചെയ്തത്. സഞ്ജയും രമണിയും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. രമണിയുമായി ബന്ധം തുടരുന്നതിനിടയിലും സഞ്ജയിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടായിരുന്നു. രമണിയുമായുള്ള വിവാഹശേഷവും ഈ ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി രമണിയും സഞ്ജയും തമ്മില്‍ വഴക്ക് പതിവായി.

 

സംഭവ ദിവസവും സഞ്ജയും രമണിയും വഴക്കുണ്ടായി. മറ്റൊരു പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നത് രമണി ചോദ്യംചെയ്തതാണ് വഴക്കിനുകാരണം. ഇതിനിടയില്‍ സഞ്ജയ്, രമണിയെ ചവിട്ടുകയും അടിക്കുകയും ചെയ്തു. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കിയതോടെ രമണി അബോധാവസ്ഥയിലായി. അധികം വൈകാതെ മരിച്ചു. ഇതോടെ സഞ്ജയ് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പദ്ധതിയിട്ടു. ഇതിനുള്ള സാഹചര്യങ്ങളും ഒരുക്കി. പിന്നീട് സഞ്ജയും മാതാപിതാക്കാളും ചേര്‍ന്ന് രമണി ആത്മഹത്യചെയ്തതായി അയല്‍ക്കാരെ അറിയിക്കുകയും സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

 

പക്ഷെ ആശുപത്രി അധികൃതര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതോടെ ഇവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞു. രമണിയുടെ മാതാപിക്കളുടെ പരാതിയില്‍ സഞ്ജയിനെ പേരൂര്‍ ഡി.എസ്.പി. വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. രമണിയുടെ കഴുത്തിലെ മുറിവും സഞ്ജയിന്റെ മൊഴികളിലെ വൈരുധ്യവുമാണ് പോലീസിന് തുമ്പായത്. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.

OTHER SECTIONS