/kalakaumudi/media/post_banners/95858ed1c2c8590d44808cc14ae5076572e344e78e995f1ef6e40407c26761de.jpg)
തിരുവനന്തപുരം: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയവര്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും കവര്‍ന്നു. നേമം കാരയ്ക്കാമണ്ഡപം സ്വദേശി രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ കത്തിവെച്ചാണ് രണ്ടുപവന്റെ മാലയും കമ്മലും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും കവര്‍ന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
കുടിക്കാന്‍ വെള്ളം ചോദിച്ചാണ് രണ്ടുയുവാക്കള്‍ വീട്ടിലെത്തിയത്. പുറത്തുനിന്ന് വെള്ളമെടുക്കാന്‍ വീട്ടമ്മ പറഞ്ഞെങ്കിലും അതുവേണ്ടെന്നും തണുത്ത വെള്ളം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയതോടെ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ഇവരെ കീഴ്പ്പെടുത്തുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്തിലുണ്ടായിരുന്ന മാലയും കമ്മലും അക്രമികള്‍ ഊരിവാങ്ങി. പിന്നാലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും യുവാക്കള്‍ കവര്‍ന്നതായാണ് വീട്ടമ്മയുടെ പരാതി. സംഭവസമയത്ത് രമ്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിയേറ്റര്‍ ജീവനക്കാരനായ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിസ്ഥലത്തായിരുന്നു.രമ്യയുടെ മകനും ഭര്‍തൃമാതാവും വീട്ടില്‍നിന്ന് പുറത്തുപോയതിനു പിന്നാലെയാണ് സംഭവം. ഭയന്നുപോയ രമ്യ അല്പസമയത്തിന് ശേഷം ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതോടെയാണ് കവര്‍ച്ച നടന്നവിവരം പുറത്തറിയുന്നത്.
വീട്ടിലെത്തിയ യുവാക്കളുടെ കൈയില്‍ ഹെല്‍മെറ്റും ബാഗും ഉണ്ടായിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. തമിഴും മലയാളവും കലര്‍ന്നഭാഷയിലാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.