By priya.18 11 2023
മണാലി: ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയോടെയാണ് മണികരനിലെ കുളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
മൃതദേഹങ്ങള്‍ നഗ്‌നമായ നിലയിലായിരുന്നുവെന്ന് കുളു പൊലീസ് പറഞ്ഞു. ഇരുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുളത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ ബാഗിലെ വസ്തുക്കളില്‍ നിന്നാണ് ഇവര്‍ റഷ്യന്‍ സ്വദേശികളെന്ന നിഗമനത്തില്‍ എത്തിയതെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ മൃതദേഹം കുളത്തില്‍ നിന്നും യുവാവിന്റേത് കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവരുവര്‍ക്കും ഏകദേശം 20 വയസ് പ്രായമാണ് തോന്നുന്നത്.
ബാഗ്, ബ്ലേഡ്, മൊബൈല്‍ ഫോണ്‍, ചരസ് എന്നിവയും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കൈകളില്‍ മുറിവേറ്റ പാടുകളുണ്ട്.
എന്നാല്‍ ഇത് മരണത്തിന് കാരണമായി കരുതുന്നില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും എഎസ്പി സഞ്ജീവ് ചൗഹാന്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ കുളുവിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ. ഇരുവരെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കസോള്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടല്‍, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.