/kalakaumudi/media/post_banners/53a85447811e79dc56641e8c6e78531a6ef38cab7d0a901d7234358f7b2fabf2.jpg)
കോഴിക്കോട്: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.മകള്‍ അര്‍ച്ചനയുടേത് ആത്മഹത്യയല്ലെന്നും ശരീരത്തില്‍ സംശയാസ്പദമായ തരത്തിലുള്ള മുറിവുകള്‍ കണ്ടിരുന്നുവെന്ന് അമ്മ പറയുന്നു.കിടന്ന് ഉറങ്ങുന്ന രീതിയിലാണ് അര്‍ച്ചനയുടെ മൃതദേഹം ഉണ്ടായിരുന്നത്.
അതേസമയം മറന്നുവെച്ച പുസ്തകമെടുക്കാനാണ് കുട്ടി ബന്ധുവീട്ടില്‍ നിന്ന് പോയതെന്ന് കുടുംബം പറയുന്നു.ജനുവരി 24ന് ആണ് എകരൂല്‍ ഉണ്ണികുളം സ്വദേശിനി അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പണി നടക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.വീടും പൂര്‍ണമായും കത്തി നശിച്ചിരുന്നു.
കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും സൂചനകളുണ്ട്. തീപിടിച്ചാണ് മരിച്ചതെങ്കില്‍ എങ്ങനെയാണ് മൃതദേഹം കിടന്നുറങ്ങുന്ന രീതിയില്‍ കാണപ്പെടുന്നതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.
24ന് രാവിലെ അര്‍ച്ചനയെ അച്ഛമ്മയുടെ വീട്ടിലാക്കിയാണ് സചിത്ര ജോലിക്ക് പോയത്.എന്നാല്‍ ഷെഡില്‍ ഒരു പുസ്തകം മറന്നുവെച്ചെന്നും പോയി എടുത്ത് വരാമെന്നും പറഞ്ഞ് കുട്ടി വീട്ടില്‍ നിന്നിറങ്ങി.
ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷെഡിന് തീപിടിച്ചെന്നും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.ഇവര്‍ ഷെഡിലെത്തി തീ അണച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ മാതാപിതാക്കള്‍ അകന്നുകഴിയുകയാണ്.
നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറാണ് അമ്മ.ഇളയ സഹോദരങ്ങള്‍ക്കും അമ്മയ്ക്കും ഒപ്പം പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഷെഡിലാണ് അര്‍ച്ചന താമസിച്ചിരുന്നത്.
എല്ലാ ദിവസവും അച്ഛന്റെ വീട്ടില്‍ നിന്നാണ് ഉച്ചഭക്ഷണവും പുസ്തകങ്ങളുമെടുത്ത് അര്‍ച്ചന സ്‌കൂളില്‍ പോയിരുന്നത്.സംഭവ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകാനിറങ്ങുമ്പോഴാണ് മറന്നുവെച്ച പുസ്തകമെടുക്കാനെന്ന് പറഞ്ഞ് കുട്ടി ഷെഡിലേക്ക് പോയത്.അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ കുടുംബം സംശയം ഉയര്‍ത്തിയിരുന്നു.
ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹതയൊഴിയും എന്ന നിലപാടിലാണ് ബാലുശ്ശേരി പൊലീസ്.