മൊബൈൽ ഗെയിമിന്റെ പാസ്വേഡ് നൽകിയില്ല; 18കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

ജനുവരി എട്ടിനാണ് പപ്പായി ദാസിനെ കാണാതായത്. ഇയാളുടെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അറിയില്ലെന്നാ മറുപടിയാണ് കുടുംബത്തിന് നൽകിയത്.

author-image
Greeshma Rakesh
New Update
മൊബൈൽ  ഗെയിമിന്റെ പാസ്വേഡ് നൽകിയില്ല; 18കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

ന്യൂഡൽഹി: മൊബൈൽ വിഡിയോ ഗെയിമിന്റെ പാസ്വേഡ് നൽകാത്തതിന് 18കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. പശ്ചിമബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. പപ്പായ് ദാസ് എന്ന പപ്പുവാണ് കൊല്ലപ്പെട്ടത്. ജനുവരി എട്ട് മുതൽ പപ്പായ് ദാസിനെ കാണാതായിരുന്നു.

വിഡിയോ ഗെയിം കളിക്കുന്നതിനായി ഫാരക്ക ബാരേജ് ക്വാർട്ടേഴ്‌സിലെത്തിയ പപ്പായി ദാസിനോട് സുഹൃത്തുക്കൾ ഗെയിമിന്റെ ഐഡിയും പാസ്വേഡും ചോദിച്ചു.എന്നാൽ പപ്പായി ഇത് നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്തുക്കൾ കൗമാരക്കാരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തെളിവുകൾ നശിപ്പിക്കുന്നതിനാണ് ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പപ്പായി ദാസും സുഹൃത്തുക്കളും മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നും പൊലീസ് പറയുന്നു.

ജനുവരി എട്ടിനാണ് പപ്പായി ദാസിനെ കാണാതായത്. ഇയാളുടെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അറിയില്ലെന്നാ മറുപടിയാണ് കുടുംബത്തിന് നൽകിയത്.

തുടർന്ന് കുടുംബം ജനുവരി 11ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൊബൈൽ ഗെയിമുകളോടുള്ള ആസക്തി മൂലം ഇയാൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയിരുന്നില്ല. പപ്പായിയുടെ സുഹൃത്തുക്കളും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Crime murder West Bengal Video Game