വിവാഹചടങ്ങിനിടെ വധു അടക്കം നാലുപേരെ വെടിവെച്ച് കൊന്നു; വരന്‍ സ്വയം ജീവനൊടുക്കി

By Greeshma Rakesh.27 11 2023

imran-azhar

 

 

ബാങ്കോക്ക്: വിവാഹചടങ്ങിനിടെ വധു അടക്കം നാലുപേരെ വെടിവെച്ച് കൊന്ന ശേഷം വരന്‍ സ്വയം ജീവനൊടുക്കി. വടക്കുകിഴക്കന്‍ തായ്ലാന്‍ഡില്‍ കഴിഞ്ഞദിവസമാണ് സംഭവം.പാരാ അത്ലറ്റായ ചതുരോങ് സുക്സക്(29) ആണ് തന്റെ വിവാഹത്തിനിടെ വധു കാന്‍ജന(44)യെയും ഇവരുടെ ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

 

വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ വേദിയില്‍നിന്നിറങ്ങിപ്പോയ വരന്‍ പിന്നീട് തോക്കുമായി തിരിച്ചെത്തി വധുവിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ വധുവിന്റെ 62 വയസ്സുള്ള അമ്മയെയും 38-കാരിയായ സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തി. വിവാഹചടങ്ങിനെത്തിയ രണ്ട് അതിഥികള്‍ക്കും വെടിയേറ്റു.

 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.വിവാഹചടങ്ങിനിടെ വരനും വധുവും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് അതിഥികളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വധുവുമായുള്ള പ്രായവ്യത്യാസം ഇയാളെ അസ്വസ്ഥനാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

 

അതേസമയം, ഇതെല്ലാം ഊഹാപോഹങ്ങളാണെന്നും സംഭവത്തില്‍ തെളിവുശേഖരണം നടത്തിയിട്ടുണ്ടെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം.സംഭവസമയം പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് വിശദീകരണം. ഒരുവര്‍ഷം മുന്‍പാണ് പ്രതി തോക്ക് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.

 


വിവാഹത്തിന് മുന്‍പ് ചതുരോങും യുവതിയും മൂന്നുവര്‍ഷത്തോളം ഒരുമിച്ചായിരുന്ന താമസം. മുന്‍സൈനികനായ ചതുരോങ് പാരാ അത്ലറ്റ് കൂടിയാണ്. കഴിഞ്ഞവര്‍ഷം ഇന്‍ഡൊനീഷ്യയില്‍ നടന്ന ആസിയാന്‍ പാരാഗെയിംസില്‍ നീന്തലില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

 

അടുത്തമാസം തായ്ലാന്‍ഡില്‍ നടക്കാനിരിക്കുന്ന 'വേള്‍ഡ് എബിലിറ്റി സ്പോര്‍ട്ട് ഗെയിംസി'ല്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പട്ടികയിലും ഇയാള്‍ ഇടംനേടിയിരുന്നു. സൈനികനായിരുന്ന ചതുരോങിന് തായ്ലാന്‍ഡ് അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് വലതുകാല്‍ നഷ്ടപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

OTHER SECTIONS