രണ്ട് കോടിയുടെ പാമ്പിന്‍വിഷം; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ പിടിയില്‍

മലപ്പുറം സ്വദേശിക്ക് വില്‍ക്കാന്‍ വേണ്ടിയാണ് ഇവര്‍ പാമ്പിന്‍വിഷവുമായി കൊണ്ടോട്ടിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
രണ്ട് കോടിയുടെ പാമ്പിന്‍വിഷം; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ പിടിയില്‍

കൊണ്ടോട്ടി: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി. കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണു പൊലീസിന്റെ പിടിയിലായത്.

 

ബുധനാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് സംഘത്തെ പിടികൂടിയത്.ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ചനിലയില്‍ പാമ്പിന്‍വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വില്‍ക്കാന്‍ വേണ്ടിയാണ് ഇവര്‍ പാമ്പിന്‍വിഷവുമായി കൊണ്ടോട്ടിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

അതെസമയം ഇവര്‍ക്ക് വിഷം എത്തിച്ചുനല്‍കിയ ആളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ വിരമിച്ച അധ്യാപകനാണ്. നിലവില്‍ ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറുമെന്നാണ് വിവരം.

ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ എസ്.ഐ. ഫദല്‍ റഹ്മാനും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Snake Poision pathanamthitta Crime News malappuram Arrest