തൃശൂര്‍ കൊലപാതകം; 15 വയസുകാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍ കൊലപാതകത്തില്‍ 15 വയസുകാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ദിവാന്‍ജിമൂലയില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപം തിങ്കളാഴ്ച അര്‍ധരാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്.

author-image
Web Desk
New Update
തൃശൂര്‍ കൊലപാതകം; 15 വയസുകാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

 തൃശൂര്‍: തൃശൂര്‍ കൊലപാതകത്തില്‍ 15 വയസുകാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ദിവാന്‍ജിമൂലയില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപം തിങ്കളാഴ്ച അര്‍ധരാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (22,) പൂത്തോള്‍ വാക സ്വദേശിയായ പതിനഞ്ചുകാരന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന 2 പേരും കൂടി കേസില്‍ പ്രതികളാണ്.

ഒളരിക്കര ശിവരാമപുരം കോളനിയില്‍ തെക്കേല്‍ ചന്ദ്രന്റെയും മാലതിയുടെയും മകന്‍ ശ്രീരാഗ് (27) നെ കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ശ്വാസകോശങ്ങള്‍ക്കേറ്റ ക്ഷതവും രക്തസ്രാവവുമാണു മരണകാരണം. ശ്രീരാഗിനൊപ്പം കുത്തേറ്റ സഹോദരന്‍ ശ്രീനേഗും (25) സുഹൃത്ത് ഒളരിക്കര ശിവരാമപുരം വെളുത്തകുറുപ്പ് ശ്രീരാജും (24) അപകടനില തരണം ചെയ്തു.

ഇരു സംഘങ്ങളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഏതാനും മാസം മുന്‍പു വടൂക്കരയില്‍ കാവടി ആഘോഷത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി ഒന്‍പതരയോടെ സുഹൃത്ത് വിളിച്ചതനുസരിച്ച് ശ്രീരാഗും ശ്രീനേഗും ശിവരാമപുരം കോളനിയിലെ മാതൃവീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി.

 

ഒരു സുഹൃത്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണു റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുവശത്തെ കവാടത്തിനു സമീപം എത്തിയത്. റെയില്‍വേ കോളനിക്കു സമീപം താമസിക്കുന്ന അല്‍ത്താഫും പതിനഞ്ചുകാരനും ഉള്‍പ്പെടെ എട്ടോളം യുവാക്കള്‍ ഈ സമയം ഇവിടെയെത്തി. ശ്രീരാഗിനോട് 'നീ എന്താടാ താഴേക്കു നോക്കിനില്‍ക്കുന്നത്' എന്ന ചോദ്യവുമായി പതിനഞ്ചുകാരന്‍ തര്‍ക്കത്തിനു തുടക്കമിട്ടെന്നാണു വിവരം.

തര്‍ക്കം അടിപിടിയിലെത്തിയതോടെ പതിനഞ്ചുകാരനും അല്‍ത്താഫും ചേര്‍ന്നു കുത്തിയെന്നാണു പ്രാഥമിക നിഗമനം.അല്‍ത്താഫിനും പതിനഞ്ചുകാരും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇവര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗിനു 4 കുത്തേറ്റു.

ശ്രീനേഗിന്റെ മുതുകിലും ശ്രീരാജിന്റെ കയ്യിലുമാണു കുത്തേറ്റത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.രക്തംവാര്‍ന്നു ശ്രീനേഗ് ഗുരുതരാവസ്ഥയിലായെങ്കിലും അപകടനില തരണം ചെയ്തതിനെത്തുടര്‍ന്നു വാര്‍ഡിലേക്കു മാറ്റി. കൊല്ലപ്പെട്ട ശ്രീരാഗ് പെയിന്റിങ് തൊഴിലാളിയായിരുന്നു.

thrissur Latest News Crime News