ബാഗളൂരുവില്‍ വീണ്ടും വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; പിന്നില്‍ സീരിയല്‍ കില്ലറാണെന്ന് സംശയം, അന്വേഷണം

മൂന്നുമാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്.സീരിയല്‍ കില്ലറാണെന്ന സംശയവും ശക്തമാണ്.

author-image
Greeshma Rakesh
New Update
  ബാഗളൂരുവില്‍ വീണ്ടും വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; പിന്നില്‍ സീരിയല്‍ കില്ലറാണെന്ന് സംശയം, അന്വേഷണം

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെര്‍മിനല്‍(എസ്.എം.വി.ടി) റെയില്‍വേ സ്റ്റേഷനിലാണ് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ടനിലയില്‍ നീലനിറത്തിലുള്ള വീപ്പ കണ്ടെത്തിയതിനെ  തുടര്‍ന്ന് പരിശോധിച്ചതോടെയാണ്  വീപ്പക്കുള്ളില്‍

സ്ത്രീയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടത്.

മരിച്ച സ്ത്രീയ്ക്ക് ഏകദേശം 31-35 വയസ്സ് പ്രായം വരുമെന്നാണ് പോലീസിന്റെ നിഗമനം. അടച്ച വീപ്പയ്ക്കുള്ളില്‍ തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. ഇതുവരെ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.മൂന്നുപേരാണ് ഓട്ടോറിക്ഷയില്‍ വീപ്പ സ്റ്റേഷനിലെത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം മച്ച്ലിപട്ടണത്തുനിന്ന് ട്രെയിനിലാണ് എത്തിച്ചതെന്നും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം മച്ച്ലിപട്ടണത്തെത്തി അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബെംഗളൂരു റെയില്‍വേ പോലീസ് എസ്.പി. ഡോ.സൗമലതയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മൂന്നുമാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ജനുവരി നാലാം തീയതി യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലെ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഡിസംബര്‍ രണ്ടാംവാരം മെമു ട്രെയിനില്‍ ചാക്കില്‍ പൊതിഞ്ഞനിലയിലും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ രണ്ടുസംഭവങ്ങളിലും പോലീസിന് കൂടുതല്‍വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കര്‍ണാടകയിലേക്കും ആന്ധ്രപ്രദേശിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും മരിച്ചവരെ തിരിച്ചറിയാനോ മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതേസമയം, മൂന്നുസംഭവങ്ങളും സമാനരീതിയിലായതിനാല്‍ ഒരാള്‍തന്നെയാണോ ഇതിനെല്ലാം പിന്നിലെന്നാണ് പോലീസിന്റെ സംശയം. സീരിയല്‍ കില്ലറാണെന്ന സംശയവും ശക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Crime bangalore Malayalam News serial killing