/kalakaumudi/media/post_banners/b58bff201adad5ce551ce5c802d0216c6204ec128449b0b48e7e7a29eb8fb308.jpg)
റാഞ്ചി: ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കരച്ചില്‍ ശല്യമായതോടെ രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. അഫ്‌സാന ഖാത്തൂന്‍ ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയിലാണ് സംഭവം.
നിസാമുദ്ദീന്റെ ഭാര്യയായ അഫ്‌സാനയ്ക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. മൂത്ത മകന് നാലും രണ്ടാമത്തെ മകന് 2 വയസുമാണ് പ്രായം. യുവതിയുടെ ഭര്‍തൃപിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
വ്യാഴാഴ്ച ഭര്‍ത്താവുമായി വാക്ക് തര്‍ക്കമുണ്ടായതിന് പിന്നാലെ യുവതി രണ്ട് വയസുകാരനേയുമെടുത്ത് മുറിയില്‍ കയറി വാതില്‍ അടച്ചു. ഫോണില്‍ ആരോടോ സംസാരിക്കുന്നതിനിടെ മകന്‍ കരയാന്‍ തുടങ്ങിയതോടെ അസ്വസ്ഥയായ യുവതി മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ലെന്നും ഭര്‍ത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.
ഭര്‍തൃവീട്ടുകാര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനെ കൊന്നിട്ടില്ലെന്നാണ് യുവതി പറയുന്നത്. കരഞ്ഞ കുഞ്ഞിനെ കട്ടിലില്‍ നിന്ന് തള്ളിയപ്പോള്‍ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.