ഡല്‍ഹിയില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

ഡല്‍ഹിയില്‍ 25 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാല്‍ നഗര്‍ ഏരിയയിലാണ് സംഭവം.

author-image
Priya
New Update
ഡല്‍ഹിയില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

ഡല്‍ഹി: ഡല്‍ഹിയില്‍ 25 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാല്‍ നഗര്‍ ഏരിയയിലാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെയാണ് 25 കാരിയായ നിഷയെ വാടക വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നിഷയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം നിഷയുടെ ഭര്‍ത്താവ് അസീസിനെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ അസീസ് ഭജന്‍പുരയിലെ ഒരു ഗ്ലാസ് കടയിലാണ് ജോലി ചെയ്യുന്നത്.

ഇയാള്‍ ഇന്നലെ ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അയല്‍വാസികള്‍ ആണ് ആദ്യം സംഭവം അറിയുന്നത്. വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് അയല്‍വാസികളെത്തിയപ്പോഴാണ് നിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.അസീസും നിഷയും വിവാഹിതരായിട്ട് ഒന്‍പത് വര്‍ഷമായി. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.

ഏറേ നാളുകളായി അസീസും നിഷയും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. മറ്റൊരു പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാര്‍ അഞ്ച് ദിവസം മുമ്പാണ് പുതിയ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നിഷയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിഷയുടെ ഭര്‍ത്താവിനെയും മക്കളെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടി അവസാനമായി ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

delhi murder