ഹെല്‍മറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി; അമ്മായി അമ്മയെ കൊലപ്പെടുത്തി മരുമകള്‍, സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

തിരുനെല്‍വേലിയില്‍ അമ്മായി അമ്മയെ വേഷം മാറിയെത്തി ക്രൂരമായി കൊലപ്പെടുത്തി മരുമകള്‍.മകന്റെ വേഷങ്ങള്‍ ധരിച്ചാണ് മരുമകള്‍ അമ്മായി അമ്മയുടെ വീട്ടിലെത്തിയത്.

author-image
Priya
New Update
ഹെല്‍മറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി; അമ്മായി അമ്മയെ കൊലപ്പെടുത്തി മരുമകള്‍, സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

ചെന്നൈ: തിരുനെല്‍വേലിയില്‍ അമ്മായി അമ്മയെ വേഷം മാറിയെത്തി ക്രൂരമായി കൊലപ്പെടുത്തി മരുമകള്‍.മകന്റെ വേഷങ്ങള്‍ ധരിച്ചാണ് മരുമകള്‍ അമ്മായി അമ്മയുടെ വീട്ടിലെത്തിയത്.

വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. തിങ്കളാഴ്ച രാവിലെയാണ് 58കാരിയായ സീതാലക്ഷ്മിയെ തലയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ തിരുനെല്‍വേലിയിലെ വീട്ടില്‍ കണ്ടെത്തിയത്.

ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്നു സീതാലക്ഷ്മിയുണ്ടായിരുന്നത്. തുലുകാകുളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഭര്‍ത്താവ് ഷണ്‍മുഖ വേലാണ് ഭാര്യയെ അവശനിലയില്‍ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചു.

ഭര്‍തൃപിതാവിന്റെ നിലവിളി കേട്ട് അമ്മായിഅമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മരുമകളായ മഹാലക്ഷ്മി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൊലപാതകത്തിന് പിടിയിലാവുന്നത്.

ഷണ്‍മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് വീടിന് മുന്‍പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്.പിന്നാലെ തൊഴുത്തില്‍ നിന്ന് ഷണ്‍മുഖ വേല്‍ എത്തി പരിക്കേറ്റ് കിടക്കുന്ന ഭാര്യയെ കണ്ട് നിലവിളിക്കുമ്പോള്‍ സഹായിക്കാനും മഹാലക്ഷ്മി എത്തുന്നുണ്ട്.

അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അമ്മായി അമ്മയുടെ മാല തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടയിലാണ് അക്രമം ഉണ്ടായതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാനും മഹാലക്ഷ്മി ശ്രമിച്ചിരുന്നു.

നിലവിളി കേട്ടെത്തിയ അയല്‍ക്കാരോടും മഹാലക്ഷ്മി മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മഹാലക്ഷ്മിയും സീതാലക്ഷ്മിയും സ്ഥിരമായി കലഹിക്കാറുണ്ടെന്നും വീട് വരെ മാറേണ്ട സാഹചര്യമുണ്ടായെന്നും അയല്‍വാസികള്‍ പൊലീസിനോട് വിശദമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നത്. പരിശോധനയില്‍ അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് കണ്ടെത്തുകയായിരുന്നു.

'

പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്. വീട്ടുകാര്യങ്ങള്‍ തുടങ്ങി സ്വത്ത് വിഷയത്തില്‍ അടക്കമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് വിലയിരുത്തല്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളാണ് മഹാലക്ഷ്മി രാമസ്വാമി ദമ്പതികള്‍ക്കുള്ളത്.

 

murder CHENNAI