'ആറുലക്ഷത്തോടൊപ്പം പെണ്‍മക്കളെയും കൊണ്ടുവരണം'; മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യംചെയ്ത് സ്ത്രീകള്‍

തെലങ്കാനയില്‍ ആഭിചാരക്രിയയുടെ മറവില്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നത് പതിവാക്കിയ ആളെ സ്ത്രീകള്‍ കൈകാര്യംചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

author-image
Greeshma Rakesh
New Update
'ആറുലക്ഷത്തോടൊപ്പം പെണ്‍മക്കളെയും കൊണ്ടുവരണം'; മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യംചെയ്ത് സ്ത്രീകള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ആഭിചാരക്രിയയുടെ മറവില്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നത് പതിവാക്കിയ ആളെ സ്ത്രീകള്‍ കൈകാര്യംചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തൊരൂര്‍ സ്വദേശിയായ മന്ത്രവാദി എടുരുക്തലാ ഏകയ്യ എന്ന ശ്രീനിവാസിനെയാണ് പര്‍സിഗുട്ടയില്‍നിന്നെത്തിയ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും മറവില്‍ സ്ത്രീകളെ ചൂഷണംചെയ്ത് പണം തട്ടുകയായിരുന്നു ശ്രീനിവാസന്‍. അടുത്തിടെ പര്‍സിഗുട്ട സ്വദേശിയായ യുവതി ആരോഗ്യപ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനായി ശ്രീനിവാസിനെ സമീപിച്ചു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്തു. പിന്നാലെ യുവതിയില്‍നിന്ന് പണവും ആവശ്യപ്പെട്ടു.

 

ആറുലക്ഷം രൂപ നല്‍കണമെന്നും പെണ്‍മക്കളായ രണ്ടുപേരെയും കൂട്ടി തന്റെ അടുത്തേക്ക് വരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് സമ്മതിച്ചില്ലെങ്കില്‍ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പര്‍സിഗുട്ടയിലെ ഒരു വനിതാ സൊസൈറ്റിയില്‍ പരാതി നല്‍കിയത്.

യുവതിയുടെ പരാതി കേട്ടതോടെ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ സംഘത്തിലെ സ്ത്രീകള്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം യുവതി പ്രതിയെ ഫോണില്‍ വിളിക്കുകയും എവിടെയാണുള്ളതെന്ന് തിരക്കുകയും ചെയ്തു. താന്‍ തൊരൂര്‍ ബസ് സ്റ്റോപ്പിലുണ്ടെന്ന് പ്രതി മറുപടി നല്‍കിയതോടെ പര്‍സിഗുട്ടയില്‍നിന്ന് സ്ത്രീകള്‍ സംഘടിച്ചെത്തുകയും പ്രതിയെ കണ്ടെത്തി കൈയോടെ പിടികൂടുകയുമായിരുന്നു.

 

ബസ് സ്റ്റോപ്പില്‍നിന്ന് പ്രതിയെ പിടികൂടിയ സ്ത്രീകള്‍ നടുറോഡിലിട്ടാണ് ഇയാളെ കൈകാര്യംചെയ്തത്. മര്‍ദനത്തിനിടെ പ്രതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ പോലീസിന് കൈമാറിയത്. ശ്രീനിവാസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി തൊരൂര്‍ സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

women Crime News woman Witch Craft