സെക്സ് ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി; മര്‍ദിച്ച് പണം കൈക്കലാക്കി; യുവതിയും സുഹൃത്തും അറസ്റ്റില്‍

കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കല്‍ ശരണ്യ (20), മലപ്പുറം ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപ്പറമ്പില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്.

author-image
Greeshma Rakesh
New Update
സെക്സ് ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി; മര്‍ദിച്ച് പണം കൈക്കലാക്കി; യുവതിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ഹണി ട്രാപ്പില്‍ പെടുത്തി പണം കവര്‍ന്ന കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍.കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കല്‍ ശരണ്യ (20), മലപ്പുറം ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപ്പറമ്പില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവില്‍നിന്നാണ് പണം തട്ടിയത്.

അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സെക്‌സ് ചാറ്റുകള്‍ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേര്‍ ആക്രമിച്ച് പണവും എ.ടി.എം. കാര്‍ഡും തട്ടിയെടുത്തു. ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ച് പിന്‍നമ്പര്‍ വാങ്ങി സമീപത്തെ എ.ടി.എമ്മില്‍നിന്ന് 4500 രൂപയും പിന്‍വലിച്ചു.

 

കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും യുവാവിനെ അര്‍ജുന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാന്‍സാക്ഷന്‍ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനില്‍ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി.

തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനില്‍ വിളിച്ചുവരുത്തി ചാറ്റുകള്‍ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

 

എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.

Arrest Crime News Kochi News Honey Trap