'മുല്ലപ്പെരിയാർ- അനീതിയുടെ 999 വർഷങ്ങൾ'; മുല്ലപ്പെരിയാർ വിഷയത്തിൽ വർഷങ്ങളായി നിരന്തരം അതിശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന പ്രേംകുമാറിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

By പ്രേംകുമാർ .11 11 2021

imran-azhar

 

 

മുല്ലപ്പെരിയാർ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിക്കുന്ന നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രേംകുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

 

പ്രേംകുമാറിന്റെ കുറിപ്പ് വായിക്കാം...

 

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നിരന്തരം തുടരുന്ന കേരളത്തിൽ ഉത്കണ്ഠയുടെയും ഭയാശങ്കയുടെയും ഇരുൾമേഘമായി മുല്ലപ്പെരിയാർ ഉരുണ്ടുകൂടാൻ തുടങ്ങിയിട്ട് കാലമേറെയായി. "999 വർഷം അനന്തമായി നീളുന്ന അനീതിയുടെ ആ കരാർ മലയാളിയ്ക്ക് മേൽ ഡെമോക്ലിസിന്റെ വാൾ പോലെ വൻഭീഷണിയായി തുടരുന്നു". തൊഴിൽ വൈദഗ്ധ്യവും അർപ്പണബോധവും കൈമുതലായിരുന്ന ഒരു വിദഗ്ധസംഘത്തിന്റെ കരവിരുതിൽ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപംകൊണ്ട അണക്കെട്ടായതുകൊണ്ട് മാത്രം വിശ്വാസത്തിന്റെ ഉരുക്കുകോട്ടയായി അതിപ്പോഴും നിലനില്ക്കുന്നു. എങ്കിലും ഇനി എത്രനാൾ ആ വിശ്വാസം സൂക്ഷിക്കാനാവുമെന്ന് ആർക്കും അറിയില്ല.

 

കേവലം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയം എന്ന പരിഗണനയേ കൈവന്നിട്ടുള്ളൂവെന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോഴും തുടരുന്ന ദുർവിധിയെ കഠിനതരമാക്കുന്നത്. ചർച്ചയും പരിഹാരവുമൊന്നുമില്ലാതെ മുല്ലപ്പെരിയാർ വിഷയം കാലങ്ങളായി അനിശ്ചിതമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയിൽ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റർ ദൈർഘ്യമുള്ള 'പെരിയാർ' - ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റർ പിന്നിടുമ്പോൾ 'മുല്ലയാർ' എന്ന ഒരു ചെറുനദികൂടി അതിനോടൊപ്പം ചേരുന്നതുകൊണ്ടാണ് 'മുല്ലപ്പെരിയാർ' എന്ന പേര് ഈ നദിക്ക് ലഭിച്ചത്. ഇതിനു സമീപത്തായി സമുദ്രനിരപ്പിൽ നിന്ന് 873 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

 

അന്നൊക്കെ സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാനുള്ള നടപടികളൊന്നും തിരുവിതാംകൂർ ഗവൺമെന്റ് സ്വീകരിച്ചിരുന്നില്ല. അതേസമയം അയൽ സംസ്ഥാനമായ മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട് ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു മദ്രാസ് സംസ്ഥാനം. പെരിയാറിലെ ജലം കെട്ടിനിർത്തി മധുര, രാമനാട് ജില്ലകളിലൂടെ ഒഴുക്കിവിട്ടാൽ അവിടുത്തെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികൾ അതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

 

ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷർ 1862 സെപ്റ്റംബർ 22 ന് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മാധവറാവുവിന് പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേയ്ക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു. തുടർന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ പദ്ധതിയെസംബന്ധിച്ച് കരാറുണ്ടാക്കി.

 

1886 ഒക്ടോബർ 29 ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിനു വേണ്ടി കെ.കെ.വി രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്ടണുമാണ് പാട്ടക്കരാറിൽ ഒപ്പുവച്ചത്. 1893-ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി. രാജഭരണകാലത്ത് ഉണ്ടായ ഒരു കരാർ. ബ്രിട്ടീഷുകരുടെ ആധിപത്യത്തിൽ ഇവിടെ നടപ്പിലാക്കിയ കരാർ. രാജഭരണം അവസാനിച്ചു. ബ്രിട്ടീഷുകാരെ നാടുകടത്തി. രാജ്യം സ്വാതന്ത്ര്യം നേടി. ജനാധിപത്യ സർക്കാരുകൾ പലത് മാറിമാറി വന്നു. എന്നിട്ടും അന്നുണ്ടായ ഒരു കരാർ - അതും പത്തുതലമുറകൾക്കപ്പുറം ദീർഘകാലത്തേക്ക് നീളുന്ന ഒരു കരാർ - ഇന്നും നിലനിൽക്കുന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. '999 വർഷത്തേക്കുള്ള ഒരു കരാർ' എന്നത് ലോകത്തെവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ എന്നറിയില്ല. പാട്ടക്കരാർ പരമാവധി 99 വർഷം എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ഒരു 9 കൂടി ചേർന്ന് 999 ആയതുതന്നെ ദുരൂഹമാണ്.

 

മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 127 വർഷം പിന്നിടുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പിയായ പെനിക്വിക്, ഡാമിന് പ്രവചിച്ച ആയുസ് അമ്പത് വർഷമാണ്. എന്നാൽ അതിന്റെ ഇരട്ടിയിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അണക്കെട്ട് അങ്ങനെ തുടരുന്നത് ദൈവകാരുണ്യം ഒന്നു കൊണ്ട് മാത്രമാണ്. 2014 - ൽ സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ചിന്റെ വിധിയനുസരിച്ച്‌ 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലസംഭരണമായി നിലവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഒരു പ്രളയമോ ഉരുൾപൊട്ടലോ പ്രകൃതിക്ഷോഭമോ ഉണ്ടായാൽ മുല്ലപ്പെരിയാർഡാം അത് അതിജീവിക്കുമെന്ന് ആരും കരുതുന്നില്ല - തമിഴ്നാട് ഒഴികെ...!

 

കേരളത്തിന്റെ പക്കൽ കൃത്യവും വ്യക്തവും ന്യായയുക്തവും ശക്തവുമായ വാദങ്ങൾ ഉന്നയിക്കാനുണ്ടെങ്കിലും, എപ്പോഴും മുല്ലപെരിയാർ വിഷയത്തിൽ നമുക്ക് തിരിച്ചടികളാണ്. എന്നാൽ തീർത്തും ദുർബലമായ വാദങ്ങൾ മാത്രമുള്ള തമിഴ്നാടിനു എന്നും ഈ വിഷയത്തിൽ വിജയങ്ങളുടെ ഘോഷയാത്രയും.
വിചിത്രമായ ഇക്കാര്യത്തിനു പിന്നിൽ എന്താണ് സംഭവിക്കുന്നു എന്നുള്ളതും ഏറെ ദുരൂഹമാണ്.

 

കേരളസർക്കാർ കൊണ്ടുവന്ന ഡാം സുരക്ഷാനിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.

 

"മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. ഒരു ചെറിയ ഭൂകമ്പം പോലും താങ്ങാനുള്ള ശേഷി ഡാമിനില്ല. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാർ തകർന്നാൽ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കിഡാമിന്റെ തകർച്ചയ്ക്കുമത് കാരണമാകും. "ചുണ്ണാമ്പു മിശ്രിതമായ സുർഖി" ഉപയോഗിച്ചു നിർമ്മിച്ച ഈ അണക്കെട്ടിൽ നിരന്തരം ചുണ്ണാമ്പുചോരുന്നതിനാൽ ബലം തീരെ കുറഞ്ഞുവരികയുമാണ്. ഇപ്പോഴുള്ളതിനു പകരം പുതിയൊരു ഡാം നിർമിക്കുകയാണ് ഒരേയൊരു പോംവഴി..." എന്ന് വിദഗ്ദ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. എന്നാൽ തമിഴ്നാട് തൊടുന്യായങ്ങൾ പറഞ്ഞ് അതിനെ എതിർക്കുകയാണ്. ബലക്ഷയം മറച്ചുവച്ച് ബലം കൂട്ടാനെന്ന പേരിൽ ഇടയ്ക്കിടയ്ക്ക് ഡാമിൽ ചില പൊടികൈകൾ പ്രയോഗിക്കാറുണ്ട്. പക്ഷേ 127 വയസ്സുള്ള മുത്തശ്ശിക്ക് എത്ര ച്യവനപ്രാശം കൊടുത്താലും യൗവനയുക്തയാകില്ലല്ലോ.

 

ശാസ്ത്രവും സാങ്കേതികവിദ്യകളും വിപ്ലവകരമായ മുന്നേറ്റം നടത്തിയിട്ടുള്ള ഈ ആധുനിക കാലത്തു 'ഡാമുകൾ എന്ന പഴഞ്ചൻ ആശയം' തന്നെ അപരിഷ്‌കൃതമാണ്. ജലസേചനത്തിനും, കൃഷിക്കും വൈദ്യുതി ഉത്പാദനം പോലുള്ള ആവശ്യങ്ങൾക്കുമൊക്കെ മനുഷ്യന്റെയും, സസ്യജാലങ്ങളുടെയും മറ്റു ജീവിവർഗ്ഗങ്ങളുടെയും ആവാസവ്യവസ്ഥ തകർക്കാത്തതും, പരിസ്ഥിതി സൗഹൃദവും കാലഘട്ടത്തിന് അനുയോജ്യവും ഒട്ടും അപകടകരമല്ലാത്തതുമായ ബദൽ മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇനി നാം ചിന്തിക്കേണ്ടത്.

 

മുല്ലപ്പെരിയാർ പ്രശ്നം മഴ കനക്കുമ്പോൾ മാത്രം എല്ലാവരുടെയും ഉറക്കം കെടുത്തുകയും വെയിൽ പരക്കുമ്പോൾ എല്ലാം ശാന്തമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായാണ് ഇപ്പോൾ നിലനില്ക്കുന്നത്. വലിയ സാങ്കേതികവിദ്യകളില്ലാതെ, ചുണ്ണാമ്പു മിശ്രിതം കൊണ്ട് നിർമിച്ച ഈ അണക്കെട്ട്, ഇത്രനാൾ നിലനിന്നത് തന്നെ വലിയ അത്ഭുതമാണ്. ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ.....
ഇപ്പോഴും ഒന്നും സംഭവിക്കുന്നില്ലല്ലോ.... ഇനിയും ഒന്നും സംഭവിക്കില്ല.....എന്ന് ആശ്വസിച്ച്‌ കണ്ണടച്ചിരുട്ടാക്കിയിട്ട് അർത്ഥമില്ല...

 

ഏതു നിമിഷവും കൊടിയ നാശം വിതയ്ക്കാവുന്ന ഒരു കൂറ്റൻ ജലബോംബും നെഞ്ചിൽ വച്ചുകൊണ്ട് ഒരു ജനതയാകെ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നില്ക്കുമ്പോഴും, അതിനെ തീർത്തും അവഗണിച്ചുകൊണ്ട്, ആ മനുഷ്യജീവനുകൾക്ക് അല്പവും വിലകൽപ്പിക്കാതെ തങ്ങളുടെ ലാഭം മാത്രം ആഗ്രഹിക്കുന്ന തമിഴ്നാടിന്റെ അതിക്രൂരമായ നിലപാട് അങ്ങേയറ്റം അപലപനീയവും തീർത്തും മനുഷ്യത്വരഹിതവും, മാനവിക വിരുദ്ധവുമാണ്.



തമിഴ്നാടിനു ഭീമമായ ലാഭമുണ്ടാക്കുന്നതും, എന്നാൽ കേരളത്തിന് യാതൊരു പ്രയോജനവുമില്ലാത്തതും വൻ നഷ്ടം ഉണ്ടാക്കുന്നതും എല്ലാറ്റിനുമുപരി മനുഷ്യനു എക്കാലവും ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളതുമാണ് മുല്ലപ്പെരിയാർ കരാർ.

 

139,138,136 എന്നൊക്കെയുള്ള അക്കപ്പൊക്കങ്ങളുടെ അടിക്കണക്ക് നിരത്തി "ഇത്ര അടിയായി ജലനിരപ്പ് നിലനിർത്തണം" എന്നല്ല കേരളം ആവശ്യപ്പെടേണ്ടതു. മറിച്ച്, — 999 വർഷത്തെ അനീതിയുടെയും അശാന്തിയുടെയും അന്യായമായ ഈ കരാർ അടിയന്തരമായി റദ്ദാക്കി, ഡാം - ഡീക്കമ്മീഷൻ ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്നാണ് ..." തികച്ചും പരിഷ്‌കൃതമായ ബദൽ സംവിധാനമൊരുക്കി ഒരു വലിയ ജനസമൂഹത്തെ സംരക്ഷിക്കാൻ വേണ്ട ശക്തമായ നടപടികൾ ഉണ്ടാകണം. എല്ലാ വശങ്ങളും പരിശോധിച്ചും പരിഗണിച്ചുമുള്ള ശാശ്വതമായ ഒരു പരിഹാരമാണ് ഇനിയുണ്ടാകേണ്ടത് — തമിഴ്നാടിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചും ഉൾക്കൊണ്ടുകൊണ്ടും, എല്ലാ സുരക്ഷയും ഉറപ്പാക്കിയുള്ള നീതിപൂർവമായ ശാശ്വത പരിഹാരം.

 

OTHER SECTIONS