ഉത്തര്‍പ്രദേശ് ആകേണ്ടത് കേരളം തന്നെ..

By Avani Chandra.16 02 2022

imran-azhar

 

ആര്‍. രാജേഷ്

 

രാജ്യത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കേരളത്തില്‍ മൂന്നു കോടിയാണ് ജനസംഖ്യയെങ്കില്‍ ഉത്തര്‍പ്രദേശിലെ ജനസംഖ്യ 30 കോടിയിലധികമാണ്. ഇതില്‍ നല്ലൊരു ശതമാനത്തിനും അടിസ്ഥാന സൗകര്യം പോലും ലഭിക്കുന്നില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ നില്‍ക്കുമ്പോഴാണ് കേരളത്തെ താഴ്ത്തിക്കെട്ടി സ്വയം ഉയര്‍ന്നു നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഫലമായ ശ്രമം നടത്തുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ കാര്യം കശ്മീര്‍, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്ന വിവാദ പ്രസ്താവന വീണ്ടും ആവര്‍ത്തിക്കുകയാണ് യോഗി ആദിത്യനാഥ്. കേരളത്തിലെയും ബംഗാളിലെയും പോലെ രാഷ്ട്രീയക്കൊല യുപിയില്‍ ഇല്ല. തന്റെ ഭരണകാലത്ത് വര്‍ഗ്ഗീയ കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും യോഗി ചൂണ്ടിക്കാട്ടുന്നുണ്ട്.

 

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നത് ഉത്തര്‍പ്രദേശിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 29,193 കൊലക്കേസുകളില്‍ 3779 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. പ്രണയ ബന്ധങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുപിയിലെ ഭൂരിഭാഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങള്‍). വ്യക്തിപരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ജാതീയ കൊല നടന്നതും ഉത്തര്‍പ്രദേശില്‍ തെന്നയാണ്.

 

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ഉത്തര്‍പ്രദേശ് ആണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. കൂടാതെ രാജ്യത്ത് ഏറ്റവും അധികം കസ്റ്റഡിമരണവും ഏറ്റവും അധികം ഫേക്ക് എന്‍കൗണ്ടറുകളിലും ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിന് തെന്നയാണ്. ഇതെല്ലാം കൊണ്ടു തെന്നയാവണം ദേശീയ മനുഷ്യവാകാശ കമ്മീഷന്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ കണക്കാക്കുന്നത്. ഇത് ക്രമസമാധാന രംഗത്ത് ഉത്തര്‍പ്രദേശ് കൈവരിച്ച നേട്ടമാണെന്നാണ് യോഗി അവകാശപ്പെടുന്നത് എന്നതാണ് രസകരമായ വസ്തുത.

 

ഇനി സാമ്പത്തിക മേഖല പരിഗണിക്കുകയാണെങ്കില്‍ വലിയ വലിയ വ്യവസായങ്ങളും സംരംഭങ്ങളും ഉത്തര്‍പ്രദേശിലുണ്ടെങ്കിലും പ്രതിശീര്‍ഷ വരുമാനത്തില്‍ ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ വളരെ പിന്നിലാണ്. കേരളം മാത്രമല്ല ബംഗാളും കശ്മീരും സാമ്പത്തിക മേഖലയില്‍ യു.പിയേക്കാള്‍ ഏറെ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിശീര്‍ഷ വരുമാനം പോലെ ഏത് സൂചിക വെച്ചുനോക്കിയാലും കേരളം എത്രയോ മുന്നിലാണ്. കേന്ദ്ര നീതി ആയോഗിന്റെ കണക്കുപ്രകാരം യു.പിയിലെ ദരിദ്രരുടെ ശതമാനം 37.79 ആണ്. കേരളത്തില്‍ 0.71ഉം ബംഗാളില്‍ 27.43 ഉം. ഉത്തര്‍പ്രദേശിന്റെ അയല്‍സംസ്ഥാനങ്ങളായ ബീഹാറും ഝാര്‍ഖണ്ടും മാത്രമാണ് തൊട്ടുമുകളില്‍.

 

സംസ്ഥാന പദവിയിലിരിക്കെ ജമ്മുകശ്മീര്‍, ലഡാക്കിലായി ദരിദ്രരുടെ ശതമാനം 12.58 മാത്രമാണ്. യോഗിയുടെ സംസ്ഥാനത്തിന്റെ മൂന്നിലൊന്നുമാത്രം. ബലാല്‍സംഗക്കേസുകളിലാകട്ടെ രാജ്യത്ത് രണ്ടാം സ്ഥാനം. നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാണവായു കിട്ടാതെ മരിച്ചതും കോവിഡ് ബാധിതരുടെ മൃതശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകിനടതും സ്വന്തം സംസ്ഥാനത്താണെന്ന് യോഗി മറയ്ക്കാന്‍ ശ്രമിച്ചാലും സ്വന്തം ജനതക്ക് പോലും അത് സാധിക്കുമെന്ന് തോന്നുന്നില്ല.

 

കേന്ദ്രവിഹിതം വന്‍തോതില്‍ ലഭിച്ചിട്ടു പോലും പല മേഖലയിലും ഉത്തര്‍പ്രദേശ് പിന്നിലാണെന്നതാണു സത്യം. കേന്ദ്രത്തിനാകട്ടെ ബിഹാറിനോടും ഉത്തര്‍പ്രദേശിനോടുമെല്ലാം അല്‍പം മമത കൂടുതലുമാണ്. 2016 17ലെ കണക്കു നോക്കാം. അന്ന് മഹാരാഷ്ട്രയും തമിഴ്നാടും കേന്ദ്ര വിഹിതമായി 100 രൂപ നല്‍കിയെങ്കില്‍ തിരികെ കിട്ടിയത് 30 രൂപയാണ്. അതേസമയം ബിഹാറിനും ഉത്തര്‍പ്രദേശിനും അവര്‍ കേന്ദ്രത്തിനു നല്‍കിയതിന്റെ 200 ശതമാനവും 150 ശതമാനവും കേന്ദ്രവിഹിതമായി തിരിച്ചുകിട്ടി. ഈ നീക്കത്തിനെതിരെ കേരളം ഉള്‍പ്പെടെ പരാതി പറഞ്ഞെങ്കിലും കേന്ദ്രത്തിന്റെ പരിഗണന ഇതുവരെ കാര്യമായി കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്രവിഹിതം കിട്ടിയിട്ടും യുപിയില്‍ ഇതാണു സ്ഥിതിയെന്നാണ് നിതി ആയോഗും പറഞ്ഞു വയ്ക്കുന്നത്.

 

2021 അവസാനിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കേ നിതി ആയോഗ് മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തില്‍ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെു പരിശോധിച്ചായിരുന്നു റിപ്പോര്‍ട്ട്. 2019-20ലെ രാജ്യത്തെ ആരോഗ്യ സൂചികയില്‍ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശും. നിതി ആയോഗ്, വേള്‍ഡ് ബാങ്ക്, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം എന്നിവ ഒന്നിച്ചു ചേര്‍ന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോഗ്യ നിലവാരം, സര്‍ക്കാരുകളുടെ പ്രവര്‍ത്തനം, വിവരങ്ങള്‍ കൈമാറുന്നതിലെ സുതാര്യത തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയായിരുന്നു ഓരോ സംസ്ഥാനത്തിനും മാര്‍ക്കിട്ടത്. സൂചിക പ്രകാരം കേരളത്തിന് 82.2 ആയിരുന്നു സ്‌കോര്‍. ഉത്തര്‍പ്രദേശിന്റേത് 30.57ഉം. 2021 ജൂണില്‍ പുറത്തിറക്കിയ നിതി ആയോഗിന്റെ ദേശീയ ദാരിദ്ര്യ നിലവാര സൂചികയിലും ഉത്തര്‍പ്രദേശിന്റെ നില പരിതാപകരമായിരുന്നു.

 

എന്നാല്‍ ഈ കണക്കുകള്‍ക്കിടയിലും 2017 ന് ശേഷം അതായത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല എന്ന് യോഗി പറഞ്ഞത് വസ്തുതയാണ്. പക്ഷേ അവിടെ നടന്ന കര്‍ഷക കൊലപാതകങ്ങളും പെണ്‍കുട്ടികള്‍ ഇരയായ പീഡന കൊലപാതങ്ങളും ജാതീയ കൊലപാതകങ്ങളും മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ ആകുകയായിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്, എസ്.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത് പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമങ്ങള്‍ക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും വോട്ടു ചെയ്യണമെന്നാണ്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്നത് ഈ വികസന താരതമ്യം തെന്നയാണ്.

 

 

OTHER SECTIONS