ലോകമേ തറവാട്

By Web Desk.19 01 2021

imran-azhar

 

 

ലോകത്തെവിടെ പോയാലും ഒരു ഇന്ത്യക്കാരനെ കാണാം എന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കുറച്ച് കൂടി ചുരുക്കി വിശാലമായിപ്പറഞ്ഞാല്‍ ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയെക്കുറിച്ച് പോലും നാം നിരവധി തവണ പറഞ്ഞ് കേട്ടിട്ടുണ്ട്. അടുത്തിടെ അമേരിക്കയില്‍ ട്രംപനുകൂലികള്‍ ക്യാപ്പിറ്റോളില്‍ നടത്തിയ കലാപത്തിനിടെ ഇന്ത്യന്‍ ദേശീയപതാകയുമായി ഒരാള്‍ എത്തിയത് ഓര്‍ത്ത് നോക്കുക. ആ ദേശീയ പതാകയുമായി എത്തിയ ആള്‍ ഇന്ത്യക്കാരന്‍ എന്നതിലുപരി ഒരു മലയാളിയായിരുന്നു എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഈ പ്രപഞ്ചം മുഴുവന്‍ ഭാരതീയര്‍ വ്യാപിച്ചിരിക്കുന്നുവെന്നാണ്. അടുത്തിടെ ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍പ്പറയുന്നത് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ് എന്നാണ്. ലോകത്തെ ഏറ്റവും വലുതും ഊര്‍ജ്ജസ്വലവുമായ പ്രവാസി സമൂഹം നമ്മുടെ രാജ്യത്തു നിന്നുള്ളവരാണെന്നും ആ റിപ്പോര്‍ട്ട് പറയുന്നു. 2020 -ലെ കണക്കനുസരിച്ച് 1.8 കോടി ആളുകളാണ് ജ•നാടിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരെന്ന് യുഎന്‍ പറയുന്നു.

 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അന്തര്‍ദേശീയ ജനസംഖ്യ ഇന്ത്യയിലാണ്. വിദേശത്ത് ഏറ്റവും കൂടുതല്‍ കുടിയേറുന്നവര്‍ അവരാണ്. 18 ദശലക്ഷം എന്നത് ഒരു വലിയ സംഖ്യയാണ്. ഇന്ത്യന്‍ കുടിയേറ്റ ജനസംഖ്യയുടെ മറ്റൊരു പ്രത്യേകത, അവര്‍ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നതാണ്. കണക്കുകള്‍ ഉദ്ധരിച്ച് യുഎന്നിലെ പോപ്പുലേഷന്‍ ഡിവിഷനിലെ പോപ്പുലേഷന്‍ അഫയേഴ്സ് ഓഫീസര്‍ ക്ലെയര്‍ മെനോസി ഒരു അഭിമുഖത്തില്‍ പറയുന്നു.

 

യുഎന്‍ ഡെസയുടെ പോപ്പുലേഷന്‍ ഡിവിഷന്‍ പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഹൈലൈറ്റ്‌സ് 2020 റിപ്പോര്‍ട്ടിലാണ് പ്രവാസി ഇന്ത്യക്കാരുടെ വിശദമായ കാര്യങ്ങളുള്ളത്. യുഎഇയില്‍ 3.5 ദശലക്ഷവും യുഎസില്‍ 2.7 ദശലക്ഷവും സൗദി അറേബ്യയില്‍ 2.5 ദശലക്ഷവും ഇന്ത്യക്കാരുണ്ട്. ആസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നു. 2000 -ത്തിനും 2020 -നും ഇടയില്‍ വിദേശത്തുള്ള കുടിയേറ്റ ജനസംഖ്യയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സിറിയ, വെനസ്വേല, ചൈന, ഫിലിപ്പീന്‍സ് എന്നിവയാണ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങള്‍.

 

തൊഴില്‍, കുടുംബപരമായ കാരണങ്ങളാലാണ് കൂടുതല്‍ ഇന്ത്യക്കാരും വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്നതെന്ന് യുഎന്‍ ഡെസയിലെ പോപ്പുലേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ജോണ്‍ വില്‍മോത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതലും ജോലിചെയ്യുന്ന വ്യക്തികളാണ്. അതോടൊപ്പം വിദ്യാര്‍ത്ഥികളും കുടുംബത്തിനൊപ്പം താമസിക്കാന്‍ പോകുന്നവരുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വളരെക്കൂടുതലാണ്. അവര്‍ രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യന്‍ പ്രവാസികളില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു.

 

ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയിരിക്കുന്നത് അമേരിക്കയിലാണ്. 2020 -ല്‍ 51 ദശലക്ഷം കുടിയേറ്റക്കാരുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ രാജ്യമായി യുഎസ് നിലകൊള്ളുന്നു. ഇത് ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ 18 ശതമാനത്തിന് തുല്യമാണ്. ലോകമെമ്പാടുമുള്ള രണ്ടാമത്തെ വലിയ കുടിയേറ്റക്കാരുള്ള രാജ്യം ജര്‍മ്മനിയാണ്. 16 ദശലക്ഷം കുടിയേറ്റക്കാരാണ് അവിടെയുള്ളത്. തൊട്ടുപിന്നില്‍ സൗദി അറേബ്യ (13 ദശലക്ഷം), റഷ്യ (12 ദശലക്ഷം), യുകെ (9 ദശലക്ഷം) തുടങ്ങിയ രാജ്യങ്ങളുമുണ്ട്. അതേ ലോകം മുഴുവന്‍ സ്വന്തം തറവാടായി കണക്കാക്കി ഏത് രാജ്യമെന്നോ എവിടെയെന്നോ ചിന്തിക്കാതെ എത്തിച്ചേര്‍ന്ന് താമസിക്കുന്നവരാണ് ഇന്ത്യക്കാരെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

 

OTHER SECTIONS