നീതി ഉറപ്പാക്കുന്ന അറസ്റ്റ്

രാജ്യത്ത് ആദ്യമായി ലൈംഗിക കുറ്റകൃത്യത്തിന് ഒരു കത്തോലിക ബിഷപ്പ് അറസ്റ്റിലായ സംഭവം ശക്തമായ ജനാധിപത്യത്തിന്റെയും നിര്‍ഭയമായ നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ്. മൂന്നു മാസം നീണ്ട സമൂഹവിചാരണയ്ക്കുശേഷം ബലിഷ്ഠമായ മതാധിപത്യം നല്‍കുന്ന

author-image
എം.എസ്. മണി
New Update
നീതി ഉറപ്പാക്കുന്ന അറസ്റ്റ്

 

രാജ്യത്ത് ആദ്യമായി ലൈംഗിക കുറ്റകൃത്യത്തിന് ഒരു കത്തോലിക ബിഷപ്പ് അറസ്റ്റിലായ സംഭവം ശക്തമായ ജനാധിപത്യത്തിന്റെയും നിര്‍ഭയമായ നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ്. മൂന്നു മാസം നീണ്ട സമൂഹവിചാരണയ്ക്കുശേഷം ബലിഷ്ഠമായ മതാധിപത്യം നല്‍കുന്ന എല്ലാ ആര്‍ഭാട ചിഹ്‌നങ്ങളും അധികാരങ്ങളും അഴിച്ചു വയ്പ്പിച്ചിട്ടാണ് പൊലീസ് ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ മാനഭംഗം ചെയ്യുകയും പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കുകയും ചെയ്തു എന്ന് ഒരു കന്യാസ്ത്രീ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് കേസുണ്ടായത്. പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ ഇട്ടശേഷം അറസ്റ്റിനുണ്ടായ കാലവിളംബമാണ് പൊലീസിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയത്. ആ ഘട്ടത്തില്‍ 'നീതിയില്ലെങ്കില്‍ നീ തീയാവണം' എന്ന ആപ്തവാക്യം ശിരസ്‌സാവഹിച്ച് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുകയും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കേരളീയ സമൂഹം ഒന്നടങ്കം അവര്‍ക്ക് പിന്‍തുണയുമായി എത്തുകയും ചെയ്തതോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമായത്.

സ്ത്രീ പീഡനകേസുകളില്‍ പീഡനത്തിനിരയായ വ്യക്തിയുടെ മൊഴിയും പ്രാഥമികമായ തെളിവും ലഭിച്ചാല്‍ അറസ്റ്റിന് അമാന്തിക്കരുത് എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ബിഷപ്പിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പൊലീസാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജലന്തറില്‍ പോയി തെളിവെടുത്തിട്ടും കൂടുതല്‍ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതാണ് പൊലീസിനെയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലിലാക്കിയത്. സര്‍ക്കാര്‍ ക്രൈസ്തവ സഭയെ ഭയക്കുന്നതു കൊണ്ടാണ് ബിഷപ്പിന് ഈ വഴിവിട്ട ആനുകൂല്യം ലഭിക്കുന്നതെന്ന ആരോപണം ശക്തമായി. ഇത്തരം ഒരു കേസുണ്ടായപ്പോള്‍ മൂന്നാംനാള്‍ ഈ സര്‍ക്കാരിന്റെ പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച കോവളം എം.എല്‍.എ വിന്‍സെന്റിന്റെ അനുഭവമാണ് അതിന് ഉദാഹരണമായി ചൂണ്ടികാണിച്ചത്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച മുന്‍പ് കന്യാസ്ത്രീകള്‍ സഭയും വിശ്വാസികളും കൈയൊഴിയുകയും തെമ്മാടിക്കുഴിയിലേക്ക് എടുത്തറിയപ്പെടുകയും ചെയ്യുമെന്ന ഭയം പോലും അവഗണിച്ച് നീതിക്കു വേണ്ടി തെരുവിലിറങ്ങിയത്. അവര്‍ ഇത്തരത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

മറ്റൊരു കാര്യം കന്യാസ്ത്രീകളുടെ സമരം സഭയ്ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ കാട്ടിയ വ്യഗ്രതയാണ്. സഭ അപകടത്തിലായിരിക്കുകയാണെന്നും എങ്ങനെയും രക്ഷപെ്പടുത്തുകയാണ് വേണ്ടതെന്നുമായിരുന്നു അവരുടെ നിലപാട്. പീഡിപ്പിക്കപ്പെട്ട

കന്യാസ്ത്രീയുടെ സങ്കടങ്ങള്‍ കാണാന്‍ ആരുമുണ്ടായിരുന്നില്‌ള. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അപമാനിക്കാനാണ് സഭയും നേതൃത്വവും ശ്രമിച്ചത്. ഒരു എം എല്‍ എ അവരെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. താന്‍ അപമാനിക്കപ്പെട്ടെന്നും കുറ്റവാളിക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട കന്യാസ്ത്രീയാണ് തെറ്റുകാരിയെന്നായിരുന്നു പലരുടെയും മനോഭാവം. അവര്‍ അരുതാത്തതെന്തോ ചെയ്തുവെന്ന ഭാവമായിരുന്നു സഭയോട് ബന്ധപെ്പട്ടവരില്‍ കണ്ടത്. ജനപ്രതിനിധികള്‍ പലരും ഇക്കൂട്ടരോട് ഒപ്പം നിന്ന് സമരത്തോട് വിമുഖത കാട്ടി. കന്യാസ്ത്രീ താമസിച്ചിരുന്ന മഠം ഉള്‍ക്കൊള്ളുന്ന കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ എം എല്‍ എയും കോട്ടയത്തെ എം പിയുമൊക്കെ ഇങ്ങനെ ഒരു സമരം നടക്കുന്നത് അറിഞ്ഞതായി പോലും ഭാവിച്ചില്ല്‌ള. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ഈ സമരത്തെ കണ്ടിലെ്‌ളന്ന് നടിച്ചു. സര്‍ക്കാരിനെ കുറ്റപെ്പടുത്തന്‍ കിട്ടിയ അവസരം അവര്‍ വേണ്ടെന്ന് വച്ചത് ക്രൈസ്തവസഭയെ ഭയന്നു തന്നെയാണ്. സംഘടിത വോട്ടുബാങ്കിന് എതിരാകുന്നത് കോണ്‍ഗ്രസിന് ഓര്‍ക്കാന്‍ പോലും പറ്റുന്നതല്ല. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ കേസ് കൈസ്ത്രവ സഭയ്ക്ക് സൃഷ്ടിച്ചിരിക്കുന്ന അപമാനം ചെറുതല്ല. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇത്തരം നിരവധി സംഭവങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടാകുന്നുണ്ട്. അത് പോപ്പിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തമായി ശക്തമായി നിലകൊള്ളുന്ന ഇന്ത്യയിലെ സഭയെയും അശ്‌ളീലങ്ങള്‍ ദംശിക്കുന്നത് ഭയത്തോടെയും ആശങ്കയോടെയുമാണ് വത്തിക്കാന്‍ കാണുന്നത്. ഈ സംഭവം ഇത്രയധികം ചര്‍ച്ചയാക്കാതെ പരിഹരിക്കാന്‍ കഴിയാതെ പോയതിന് ഇന്ത്യയിലെ സഭാ നേതൃത്വത്തോട് വത്തിക്കാന് നീരസവുമുണ്ട്. അത് സ്വാഭാവികമാണ്.

കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവസഭയും ചരിത്രാതീതകാലം മുതല്‍ പരസ്പര ശത്രുതയോടെ വിരുദ്ധധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. ഇവര്‍ തമ്മിലുള്ള സപ്ര്‍ദ്ധ എക്കാലവും വലതുപക്ഷശക്തികള്‍ അവരുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. വിമോചനസമരം മുതല്‍ എത്രയോ ഘട്ടങ്ങളില്‍ ഈ കാഴ്ച കേരളത്തില്‍ തന്നെ നമ്മള്‍ കണ്ടതാണ്. എന്നാല്‍ തിരുവമ്പാടിയില്‍ ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന നിലയിലായി സി പി എം. തുടര്‍ന്ന് സഭയോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി. സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ തേരോട്ടം ആരംഭിച്ചതോടെ ഈ മയപ്പെടുത്തല്‍ കൂടുതല്‍ ശക്തമായി. ക്രൈസ്തവ സഭയോട് ഒരു ഏറ്റുമുട്ടലിനും പോകാതെ സൗഹാര്‍ദ്ദത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയാണ് സി.പി.എം അടുത്തകാലത്ത് സ്വീകരിച്ചു പോരുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ ഇതിന്റെ ഗുണഭോക്താക്കളാകുന്ന കാഴ്ചയും കണ്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിച്ച സാഹചര്യം ഇതാണ്. അപ്പോഴും പൊലീസിനും സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും ഭംഗിയായി അറിയാമായിരുന്നു ഈ അറസ്റ്റ് ഒഴിവാക്കാന്‍ പറ്റില്ലെന്ന്. അറസ്റ്റിനുള്ള ആവശ്യം സമൂഹത്തില്‍ നിന്നും ശക്തമാക്കിയ ശേഷം വിലങ്ങിടുക എന്ന തന്ത്രം തീര്‍ച്ചയായും അധികാരരാഷ്ട്രീയത്തിന്റേത് തന്നെയാണ്. ഇവിടെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്നത്. മതേതരമുഖമുള്ള പുരോഗമനാത്മകമായ ഒരു സര്‍ക്കാര്‍ ഇത്തരം നികൃഷ്ടമായ കുറ്റകൃത്യങ്ങളോട് ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും ദാക്ഷിണ്യവും പ്രകടിപ്പിക്കാന്‍ പാടില്ല. അതിലെ കുറ്റവാളിക്ക് ഒരു അനുകൂല്യവും അനുവദിക്കരുത്. എല്ലാ സന്ദര്‍ഭങ്ങളിലും ആദര്‍ശശുദ്ധി കാത്തുസൂക്ഷിക്കണം. നീതിക്കുവേണ്ടി കേഴുന്നവരോടൊപ്പമാണ് സര്‍ക്കാര്‍ എന്ന് സംശയലേശമന്യേ തെളിയിക്കണം. ഇതിനെല്ലാം സംഭവിച്ച വീഴ്ച്ചകളാണ് സര്‍ക്കാരിനെ മുഖ്യമായും വിമര്‍ശനവിധേയമാക്കിയത്. ഇത് സൃഷ്ടിച്ച കളങ്കം മായ്ച്ചുകളയുന്നതിന് സമയം കുറച്ചെടുക്കും.

ms mani