
ഇംഗ്ലീഷ് കവിയും കഥാകാരനുമായ റുഡ്യാര്‍ഡ് കിപ്‌ളിംഗ് വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും കൃതികളുടെ എണ്ണം കൊണ്ടും ശ്രദ്ധേയനായി മാറിയ സാഹിത്യകാരനാണ്. വിശ്വസാഹിത്യത്തിന് മുതല്‍ക്കൂട്ടായ ദ ജംഗിള്‍ ബുക്ക് എന്ന ബാലസാഹിത്യകൃതിയുടെ കര്‍ത്താവ് എന്ന നിലയില്‍ എല്ലാ കുട്ടികളുടെയും പ്രിയങ്കരനാണ് അദ്ദേഹം. ദി ജംഗിള്‍ ബുക്കിലെ നായക കഥാപാത്രമായ മൗഗ്ലിയും നോവലിലെ മറ്റൊരു കഥാപാത്രമായ ബല്ലു (കരടി)യും കുട്ടികളെയെല്ലാം ആവേശം കൊള്ളിച്ചു. ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രീയപ്പെട്ട കൂട്ടുകാരനായ മൗഗ്ലി ആദ്യമായി പ്രത്യക്ഷപ്പെട്ടത് റൂഖ് എന്ന ചെറുകഥയിലാണ്. പിന്നീടാണ് മൗഗ്ലിയെ നായകനാക്കി കിപ്ലിങ് ജംഗിള്‍ ബുക്ക് എഴുതിയത്. പുസ്തകത്തിന്റെ പെട്ടന്നുണ്ടായ പ്രചാരം അദ്ദേഹത്തെ ജംഗിള്‍ ബുക്ക് രണ്ട് എന്ന നോവല്‍കൂടി എഴുതാന്‍ പ്രേരിതനാക്കി. മദ്ധ്യപ്രദേശിലെ കന്‍ഹ കാടുകളാണ് മൗഗ്ലിയുടെ കഥാന്തരീക്ഷം. വളരെ ചെറുപ്പത്തില്‍ തന്നെ മൗഗ്ലി അവന്റെ അച്ഛനമ്മമാരില്‍ നിന്ന് വേര്‍പെട്ട് വനത്തിലകപ്പെട്ടു. ഒരു ചെന്നായാണ് അവനെ വളര്‍ത്തിയത്. മറ്റു ചെന്നായ്കളില്‍ നിന്ന് വിഭിന്നമായി രണ്ടുകാലില്‍ തുള്ളുന്നതിനാലും (തവളയെപ്പോലെ) ശരീരം മുഴുവന്‍ രോമാവരണം ഇല്ലാത്തതിനാലാണ് അവനെ മൗഗ്ലി എന്നു വിളിച്ചത്. കാട്ടിലെ നിയമം പഠിപ്പിക്കാന്‍ ഒരു കരടി (ബല്ലു)യെയാണ് ഏല്‍പ്പിച്ചത്. മൗഗ്ലിയുടെ ഉറ്റചങ്ങാതിമാരാണ് ബഗീര (കരിമ്പുലി), കാ (പെരുമ്പാമ്പ്), ചില്‍ (പരുന്ത്) എന്നിവര്‍. മൗഗ്ലിയെ ചെന്നായ്ക്കള്‍ ഇര തേടുന്നതു പോലെ ഇര തേടാന്‍ പരിശീലിപ്പിച്ചു. ഷേര്‍ഖാന്‍ എന്ന കടുവയുടെയും കഴുതപ്പുലികളുടെയും ശത്രുവായിരുന്നു മൗഗ്ലി. കാട്ടിലെ നിരവധി സാഹസികരംഗങ്ങള്‍ ജംഗിള്‍ബുക്കില്‍ പ്രതിപാദിക്കുന്നുണ്ട്. മൗഗ്ലി തന്റെ അമ്മയെവിട്ട് (ചെന്നായ) തൊട്ടടുത്തുള്ള ഗ്രാമത്തിലേയ്ക്ക് പോകുകയും അവിടെ വച്ച് മെസുവ എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും അവനെ ദത്തെടുക്കുകയും പിന്നീട് ഗ്രാമത്തില്‍ വച്ച് അവര്‍ ഷേര്‍ഖാനെ വകവരുത്തുന്നതും കഥാന്ത്യത്തില്‍ ആവേശകരമായി വിവരിക്കുന്നുണ്ട്. സിനിമ, സീരിയല്‍, കാര്‍ട്ടൂണ്‍ തുടങ്ങിയ വിവിധ രൂപങ്ങളിലേയ്ക്ക് ജംഗിള്‍ ബുക്ക് രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. കിപ്ലിങ് അമേരിക്കയിലായിരുന്നപ്പോള്‍ രചിച്ച മൃഗകഥയാണ് ജംഗിള്‍ ബുക്ക്.
മൗഗ്ലിയുടെ സൃഷ്ടാവായ റുഡ്യാര്‍ഡ് കിപ്ലിങ് 1865 ഡിസംബര്‍ 30ന് മുംബയില്‍ ജനിച്ചു. ഇംഗ്ലീഷുകാരായിരുന്ന ജോ ലോക്ക് വുഡ് കിപ്ലിങും ആലീസ് മക്‌ഡൊനാള്‍ഡുമായിരുന്നു മാതാപിതാക്കള്‍. പിതാവായ ജോ കിപ്‌ളിംഗ് ആദ്യം മുംബയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ശില്പശാസ്ത്രവകുപ്പിന്റെ മേധാവിയും ഒടുവില്‍ ലാഹോര്‍ മ്യൂസിയത്തിന്റെ ക്യുറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സില്‍ (1871) സഹോദരിയോടൊപ്പം ഇദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോയി. ഡെവണിലെ യുണൈറ്റഡ് സര്‍വ്വീസസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 17-ാം വയസ്സില്‍ (1882) കിപ്ലിങ് ഇന്ത്യയില്‍ മടങ്ങിയെത്തി. 1882 മുതല്‍ 87 വരെ ലാഹോറിലെ സിവില്‍ ആന്റ് മിലിറ്ററി ഗെസറ്റില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി നോക്കി. അലഹബാദില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പയനിയര്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായും കുറെക്കാലം സേവനമനുഷ്ഠിച്ചു. ഭാരതീയ ജനതയെയും ജീവിതത്തെയും സമഗ്രമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ കാലഘട്ടത്തിലാണ്. അക്കാലത്ത് ഒരു ആംഗ്ലോ-ഇന്ത്യന്‍ പത്രത്തിനു വേണ്ടി ചെറുകവിതകളും എഴുതി. 1887-89 കാലഘട്ടത്തില്‍ എഴുപതോളം കഥകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. 1889ല്‍ ഇംഗ്ലണ്ടിലേയ്ക്കുള്ള മടക്കയാത്രക്കിടയില്‍ ജപ്പാന്‍, അമേരിക്ക മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമുണ്ടായി. 1890 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി.
സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി നൂറോളം കൃതികള്‍ രചിച്ച കിപ്ലിംഗ് അനേകം നോവലുകളും കഥകളും കവിതകളും രചിച്ചിട്ടുണ്ട്. സ്‌കൂള്‍ ബോയ് ലിറിക്‌സ് 1881) ഡിപ്പാര്‍ട്ട്‌മെന്റല്‍ ഡിറ്റീസ് ആന്റ് അദര്‍ വേഴ്‌സസ് (1886), ബാരക്-റൂം ബാലഡ്‌സ് ആന്റ് അദര്‍ വേഴ്‌സസ് (1892), ദ സെവന്‍ സീസ് (1896), റെസഷണല്‍ (1897), ദി ഫൈവ് നെയ്ഷന്‍സ് (1903), എ ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട് (1911), സീ ആന്റ് സസെക്‌സ് (1926), സോങ്‌സ് ഓഫ് ദി സീ (1927) എന്നിവയാണ് കവിതാ ഗ്രന്ഥങ്ങളില്‍ പ്രധാനം. ദി ലൈറ്റ് ദാറ്റ് ഫെയില്‍സ് (1891), ലൈഫ്‌സ് ഹാന്റിക്യാപ് (1891), മെനി ഇന്‍വെന്‍ഷന്‍സ് (1893) മുതലായവ ഇദ്ദേഹത്തിന്റെ കഥാകൃതികളാണ്. പ്ലെയ്ന്‍ റ്റെയ്ല്‍സ് ഫ്രം ദി ഹില്‍സ് (1888), ദി നൗലഖാ: എ സ്റ്റോറി ഓഫ് വെസ്റ്റ് ആന്റ് ഈസ്റ്റ് (1892), എന്ന ഡൈവേഴ്‌സിറ്റി ഓഫ് ക്രീച്ചേഴ്‌സ് (1917), ആനിമല്‍ സ്റ്റോറീസ് (1932) കളക്റ്റഡ് ഡോഗ് സ്റ്റോറീസ് (1934) എന്നിവ ചെറുസമാഹാരങ്ങളുടെ കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു.
കിപ്ലിങ് ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച ഒരു പ്രസിദ്ധ നോവലാണ് കിം (1901). ഈ നോവലില്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്നത് ബ്രിട്ടീഷിന്ത്യയാണ്. കിപ്ലിങിന്റെ പ്രകൃഷ്ടകൃതിയെന്നു പറയാവുന്ന കിമ്മില്‍ ഇന്ത്യന്‍ ജീവിതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും ഒട്ടൊക്കെ പരസ്പര വിരുദ്ധവും സങ്കീര്‍ണ്ണവുമായ ചിത്രീകരണം അസൂയാവഹമായ സൂഷ്മതയോടെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിച്ചിരുന്ന കാലത്തു കിപ്ലിങ് ഇന്ത്യയെക്കുറിച്ചെഴുതു സാഹിത്യകാരനായിട്ടാണ് ഇംഗ്ലണ്ടില്‍ പോലും അറിയപ്പെട്ടത്. ഔട്ട് ഓഫ് ഇന്ത്യ (1895), ദി ജംഗിള്‍ ബുക്ക് തുടങ്ങിയ കൃതികള്‍ ഇന്ത്യയോട് അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യത്തിന് നിദര്‍ശനമാണ്. ഇന്ത്യയോടുള്ള ഈ ആഭിമുഖ്യം തന്നെയാണ് പൗരസ്ത്യ സംസ്‌കാരത്തില്‍ കിപ്ലിങിനെ തല്പരനാക്കിയത്. ഈസ്റ്റ് ഓഫ് സൂയസ് : ബീയിങ് എ സെലക്ഷന്‍ ഓഫ് ഈസ്റ്റേ വേഴ്‌സസ് (1931) എന്ന കാവ്യകൃതിയിലും ദി ഐയ്‌സ് ഓഫ് ഏയ്ഷ്യ (1918) ലെറ്റേഴ്‌സ് ഫ്രം ജപ്പാന്‍ (1932) തുടങ്ങിയ ഗദ്യ കൃതികളിലും ഇതു തെളിഞ്ഞു കാണാം. ജസ്റ്റ് സോ സ്റ്റോറീസ്, പ്‌ളെയിന്‍ റ്റെയില്‍സ് ഫ്രം ദി ഹില്‍സ് (1888), ഡെബിറ്റ്‌സ് ആന്റ് ക്രെഡിറ്റ്‌സ് (1926), ദി ക്യാപ്റ്റന്‍ കറേജിയസ് (1897), ദി ഡേയ്‌സ് വര്‍ക്ക് (1898) മുതലായവയും കിപ്ലിങിന്റെ കൃതികളില്‍ പ്രസ്താവ്യയോഗ്യമാണ് . ഇദ്ദേഹത്തിന്റെ കവിതകള്‍ വിമര്‍ശകരുടെ നിശിതനിരൂപണത്തിനു വിധേയമായിട്ടുണ്ട്. ശക്തിയേറിയ ഭാഷയാണ് ഇദ്ദേഹത്തിന്റേത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്തുതിപാഠകനായ കിപ്ലിങ് അക്കാലത്തെ മിതവാദികള്‍ക്ക് അനഭിമതനായിരുന്നു. വിക്‌ടോറിയന്‍ യുഗത്തിന്റെ അന്ത്യദശകങ്ങളിലെ ദൈനംദിന ജീവിതത്തിന്റെ ചിത്രീകരണങ്ങളാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. കിപ്ലിങിന്റെ ഇന്ത്യന്‍ കഥകളില്‍ മികച്ചതെന്നു കരുതാവുന്ന ദി മാന്‍ ബോണ്‍ റ്റു ബി കിംഗ് സാമ്രാജ്യ സ്ഥാപനത്തിന്റെ സൂഷ്മസ്വഭാവത്തെ കുറിച്ചോര്‍ത്തുള്ള ഒരു ദൃഷ്ടാന്ത കഥയാണ്. രണ്ടു സാഹസികരായ ചെറുപ്പക്കാര്‍ അഫ്ഗാനിസ്ഥാനു വടക്കുള്ള ഒരു രാജ്യം കീഴടക്കിയിട്ടു തങ്ങളുടെ തന്നെ സ്വഭാവത്തിലെ ചില വൈരുദ്ധ്യങ്ങള്‍ കാരണം അവിടെ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തുതില്‍ പരാജയപ്പെടുന്നതായാണ് പ്രസ്തുത കഥയില്‍ ചിത്രീകരിക്കുന്നത്. 1895ല്‍ ഇംഗ്ലണ്ടിലെ പോയറ്റ് ലോറേറ്റ് (ദേശീയകവി- ആസ്ഥാനകവിപ്പ'ം) എന്ന ബഹുമതിയാല്‍ അദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യപ്രവര്‍ത്തനം നടത്തുവാനുള്ള ആഗ്രഹം നിമിത്തം അദ്ദേഹം ആ ബഹുമതി നിരസിച്ചു. 1907ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. 1936 ജനുവരി 18ന് റുഡ്യാര്‍ഡ് കിപ്ലിങ് അന്തരിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ ആബി (പള്ളി) യിലായിരുന്നു സംസ്‌കാരം
കിപ്ലിങിന്റെ വിഷയങ്ങളുടെ വൈവിധ്യം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ലൈംഗിക മായാജാലത്തെക്കുറിച്ചുള്ള പഠനമെന്നു വിശേഷിപ്പിക്കാവുന്ന മിസിസ് ബാഥേസ്റ്റ് എന്ന ചെറുകഥ സംഭാഷണത്തിലൂടെയുള്ള പാത്ര ചിത്രീകരണംകൊണ്ടും ഭാഷയുടെ വിദഗ്ധമായ പ്രയോഗം കൊണ്ടും വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. സസെക്‌സ് ജീവിതത്തെ ആസ്പദമാക്കി കിപ്ലിങ് രചിച്ച കഥകളുടെ പ്രാതിനിധ്യ സ്വഭാവമുള്‍ക്കൊള്ളുന്നവയാണ് ഫ്രെന്‍ഡ്‌ലി ബുക്ക്, ദി വിഷ് ഹൗസ് എന്നിവ. സൂഷ്മ ദര്‍ശിനിയുടെ കണ്ടുപിടിത്തത്തെ കേന്ദ്രബിന്ദുവാക്കി രചിച്ച ദി ഐസ് ഓഫ് അള്ളാ, ശബ്ദവിക്ഷേപണ രംഗത്തെ പരീക്ഷണത്തെ കുറിച്ചുള്ള വിചിത്ര ഭാവനകളുള്‍ക്കൊള്ളുന്ന വയര്‍ലെസ് എന്നിവ കിപ്ലിങിന്റെ ശാസ്ത്രാധിഷ്ഠിത കഥകള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. അത്ഭുത ശിശുക്കളെക്കുറിച്ചുള്ള ദെ എന്ന കഥ ടി.എസ്. എലിയറ്റിനെ വളരെയധികം സ്വാധീനിക്കുകയും ബേട് നോര്‍ട്ടന്‍ കവിത രചിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമാകുകയും ചെയ്തു എന്ന വസ്തുത കിപ്ലിങിന്റെ സര്‍ഗവൈഭവത്തിന് നിദര്‍ശനമാണ്.