സാഹിത്യകാരനായ മുഖ്യമന്ത്രി

കേരളത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും മലയാള സാഹിത്യകാരനുമായിരുന്ന സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാളില്‍ ജനിച്ചു.

author-image
online desk
New Update
സാഹിത്യകാരനായ മുഖ്യമന്ത്രി

കേരളത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും മലയാള സാഹിത്യകാരനുമായിരുന്ന സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാളില്‍ ജനിച്ചു. മടത്തിവീട്ടില്‍ അച്യുതമേനോനും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയും ആയിരുന്നു മാതാപിതാക്കള്‍. നാലാം ക്ലാസ്സ് മുതല്‍ ബി.എ. വരെ മെരിറ്റ് സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ സി.എം.എസ്. സ്‌കൂളില്‍ നിന്ന് ഒന്നാം റാങ്കോടെ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ചശേഷം സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. കോളേജ് വിദ്യാഭ്യാസ കാലത്ത്് പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൊച്ചി സംസ്ഥാനത്ത് ഓന്നാമനായി വിജയിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുളള സ്വര്‍ണ്ണമുദ്രകള്‍ നേടി. ഇന്റര്‍ മീഡിയറ്റിനു റാങ്കും സ്‌കോളര്‍ഷിപ്പും സമ്പാദിച്ചു. ബി.എ.യ്ക്ക് മദ്രാസ് സര്‍വ്വകലാശാലയില്‍ ഒന്നാമതായി ജയിച്ചു. ബി.എല്‍. പരീക്ഷയ്ക്ക് തിരുവനന്തപുരം ലോ കോളേജില്‍ നിന്നു ഹിന്ദു നിയമത്തില്‍ ഒന്നാം സ്ഥാനവും അയ്യങ്കാര്‍ സ്വര്‍ണ്ണമെഡലും കരസ്ഥമാക്കി. നിയമ ബിരുദം നേടിയശേഷം തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ദേശീയ പ്രസ്ഥാനങ്ങളിലേയ്ക്ക് ആകൃഷ്ടനായി. തൃശൂരിലെ പ്രസ്സ് തൊഴിലാളി സംഘടനയുടെ പ്രഥമ പ്രസിഡന്റ്, ഡി.സി.സി. അദ്ധ്യക്ഷന്‍, കെ.പി.സി.സി. അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണ് അച്യുതമേനോന്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലെത്തിയത്.

ഡോ. പട്ടാഭിസീതാരാമയ്യരുടെ അദ്ധ്യക്ഷതയില്‍ തൃശൂരില്‍ ചേര്‍ന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്ന മേനോന്‍ 1938ല്‍ കൊച്ചിയില്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടതോടെയാണ് സംഘടനയുട സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത്. യുദ്ധ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ 1940ല്‍ മേനോന്‍ ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചു. . പി. കൃഷ്ണപിള്ളയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് 1942ലാണ് അച്യുതമേനോന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പല സമരങ്ങളില്‍ പങ്കെടുക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. 1942 മുതല്‍ 1949 വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ആയിരുന്ന മേനോന്‍, 1949ല്‍ പാര്‍ട്ടിയുടെ നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. അദ്ദേഹം നാലുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. നല്ലൊരു വായനക്കാരനും ആസ്വാദകനും ചിന്തകനുമായിരുന്നു അച്യുതമേനോന്‍.

1954ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലും തുടര്‍ന്ന് അതിന്റെ എക്‌സിക്യുട്ടീവ് കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. ഒളിവില്‍ കഴിഞ്ഞ കാലത്താണ്, 1952ല്‍ അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മേനോന്റെ ആകര്‍ഷകമായ പെരുമാറ്റവും ജീവിതത്തിലെ ലാളിത്യവും ആരെയും വശീകരിക്കുന്നതായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു മാന്യന്‍ എന്നാണ് പൊതുജനങ്ങള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത്. കേരളപ്പിറവിക്കുശേഷം 1957ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്ന് സി.അച്യുതമേനോന്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരളനിയമസഭയില്‍ അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നു. 1969ല്‍ വീണ്ടും ഇരിങ്ങാലക്കുടയില്‍ നിന്ന് അദ്ദേഹം നിയമസഭാംഗമായി. 1963 മുതല്‍ 1968 വരെ രാജ്യസഭാംഗമായിരുന്നു. 1969 ഒക്‌ടോബറില്‍ ഇ.എം.എസ് മന്ത്രിസഭ രാജി വച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. നിയമസഭാംഗമല്ലാതിരുന്ന അച്യുതമേനോന് മത്സരിക്കുന്നതിന് ഇ. ചന്ദ്രശേഖരന്‍ നായര്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേനോന്‍ ജയിച്ചത്. മന്ത്രിസഭയിലുണ്ടായ അനിശ്ചിതത്വം മൂലം 1970 ആഗസ്റ്റ് 4ന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവയ്ക്കുകയും കേരളത്തില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

വീണ്ടും മുഖ്യമന്ത്രി

1970 സെപ്റ്റംബര്‍ 17-ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ സി.പി.എം. നേതൃത്വം നല്‍കിയ ഇടതു മുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഐക്യ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. അച്യുതമേനോന്റെ നേതൃത്വത്തിലുളള സി.പി.ഐ.-കോണ്‍ഗ്രസ് മുന്നണിയിലാണ് മത്സരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഐക്യമുന്നണി ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്ന് 1970 ഒക്‌ടോഹര്‍ 4ന് കേരളത്തിലെ ആറാമത്തെ മന്ത്രിസഭ സി.പി.ഐ. നേതാവ് അച്യുതമേനോന്റെ നേതൃത്വത്തില്‍ അധികാരമേറ്റു. 1971 സെപ്റ്റംബര്‍ 24നാണ് കോണ്‍ഗ്രസ് ഈ മന്ത്രിസഭയില്‍ ചേരുന്നത്. 1977 മാര്‍ച്ച് 22 വരെ അധികാരത്തിലുണ്ടായിരുന്ന അച്യുതമേനോനാണ് കേരളത്തില്‍ ആദ്യമായി കാലാവധി തികച്ച മുഖ്യമന്ത്രി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം (2364 ദിവസം) കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന ബഹുമതിയും അച്യുതമേനോനുളളതാണ്. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി, കേരളത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി, രാജ്യസഭാംഗമായിരിക്കെ കേരളത്തില്‍ മുഖ്യമന്ത്രിയായി നിയമതിനായ ആദ്യ വ്യക്തി. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രി, മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1970ല്‍ പുതുക്കിയ മുഖ്യമന്ത്രി, 1975ല്‍ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രി എന്നീങ്ങനെ നിരവധി റെക്കോഡുകളുടെ ഉടമയാണ് സി. അച്യുതമേനോന്‍. 1972ല്‍ ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി, വിമോചന സമരം നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി, 1973ല്‍ തിരുവനന്തപുരത്ത് ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിക്കുന്ന സമയത്തെ മുഖ്യമന്ത്രി എന്നീ നേട്ടങ്ങളുടെയും ഉടമയാണ് സി. അച്യുതമേനോന്‍.

1977ലെ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പുകളിലും മേനോന്‍ മത്സരിക്കുകയുണ്ടായില്ല. വനം ദേശസാല്‍ക്കരണം, കണ്ണന്‍ ദേവന്‍ കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കല്‍, സെന്റര്‍ ഫോര്‍ ഡെവലപ്പെമെന്റ് സ്റ്റഡീസ് (സി.ഡി.എസ്) കെല്‍ട്രോണ്‍, സി. ഡബ്ല്യു. ആര്‍.ഡി.എം. തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടതും മേനോന്റെ ഭരണകാലത്തായിരുന്നു. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദ്യമായി ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയത് അച്യുതമേനോന്റെ ഭരണകാലത്താണ്. കരി നിയമമെന്ന് വിളിച്ച് പല കക്ഷികളും ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് അവരൊക്കെ അധികാരത്തില്‍ വന്നപ്പൊഴെല്ലാം ഈ നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.

മേനോന്‍ എന്ന എഴുത്തുകാരന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ സി. അച്യുതമേനോന്‍ പിന്നീട് എഴുത്തിലും വായനയിലും മുഴുകി വിശ്രമജീവിതം നയിക്കുകയായിരുന്നു. അമ്മയാണ് തന്റെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്ന് എന്റെ ബാല്യകാല സ്മരണകള്‍ എന്ന ഗ്രന്ഥത്തില്‍ മേനോന്‍ വിശദീകരിച്ചിട്ടുണ്ട്.'താരാട്ടുപാട്ടുകളായും കീര്‍ത്തനങ്ങളായും എന്റെ അമ്മ പാടി കേള്‍പ്പിച്ചിട്ടുളള ഗാനങ്ങളാണ് എന്നില്‍ സാഹിത്യാഭിരുചി വളര്‍ത്താന്‍ സഹായിച്ചതെന്ന് എനിക്കു തോന്നുന്നു. അമ്മയ്ക്ക് അല്പം സംഗീതവാസനയും കൂടിയുണ്ടായിരുന്നതുകൊണ്ട് ഗാനങ്ങളും കീര്‍ത്തനങ്ങളും മറ്റും അവര്‍ അതിമനോഹരമായി പാടുമായിരുന്നു'. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മലയാള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയ മേനോന്‍ ഒ. ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ, ബംഗാളി നോവലുകളായ വിഷവൃക്ഷം, സ്വര്‍ണ്ണലത, ഹേമപഞ്ജരം, മാധവീകങ്കണം എന്നിവ ആദ്യകാലത്ത് വായിച്ച ഗ്രന്ഥങ്ങളില്‍ ചിലതാണ്. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ വച്ചാണ് ഇംഗ്ലീഷ് കൃതികള്‍ വായിക്കാന്‍ തുടങ്ങിയത്. ചാള്‍സ് ഡിക്കന്‍സ്, ടോള്‍സ്റ്റോയ്, സ്‌ക്കോട്ട് എന്നിവരുടെ നോവലുകള്‍ വായിച്ചു. ടോള്‍സ്റ്റോയിയുടെ അന്നാകരീന, ഡിക്കന്‍സിന്റെ നിക്കോളാസ് നികല്‍ബി എന്നീ നോവലുകളുടെ സാഹിത്യ ഭംഗി ആസ്വദിച്ചിരിക്കുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

അച്യുതമേനോന്റെ കൃതികള്‍

വായനയുടെ ഉതിര്‍മണികള്‍, മറക്കാത്ത അനുഭവങ്ങള്‍, എന്റെ ബാല്യകാലസ്മരണകള്‍, സ്മരണയുടെ ഏടുകള്‍, സോവിയറ്റ് നാട്, ഉപന്യാസമാലിക (3 ഭാഗങ്ങള്‍) ലോകചരിത്ര സംഗ്രഹം, തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍, മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു (വിവര്‍ത്തനം),ഡയറിക്കുറിപ്പുകള്‍ എന്നിവയാണ് മേനോന്റെ പ്രധാനകൃതികള്‍. എന്റെ ബാല്യകാലസ്മരണകള്‍ എന്ന കൃതിക്ക് 1978ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1984-ല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ക്ക് കുറ്റിപ്പുഴ അവാര്‍ഡും 1990ല്‍ കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ അവാര്‍ഡ് ഉപന്യാസമാലികയ്ക്കും ലഭിച്ചു. സോവിയറ്റ് നാട് എന്ന കൃതിക്ക് 1980ല്‍ സോവിറ്റ് നാട് നെഹ്‌റു അവാര്‍ഡ് ലഭിച്ചിരുന്നു. രോഗബാധിതനായിത്തീര്‍ന്ന അച്യുതമേനോന്‍ 1991 ആഗസ്റ്റ് 16ന് തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. ഇന്നും കേരളീയര്‍ ഏറെ ആദരിക്കുന്ന ജനനേതാവാണ് സി. അച്യുതമേനോന്‍. അദ്ദേഹത്തിന്റെ ആകര്‍ഷണീയമായ വ്യക്ത്യത്വവും മിതഭാഷണവും ഭരണാധികാരി എന്ന നിലയിലുണ്ടായിരുന്ന ദൃഢനിശചയവും അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കി. കേരളം കണ്ട മികച്ച ഭരണകര്‍ത്താക്കളിലൊരാളായി അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നു.

c achuthamenon