
ആധുനിക കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അദ്വീതീയമായി നില്‍ക്കുന്ന വ്യക്തിത്വമാണ് മന്നത്തുപത്മനാഭന്റേത്. മഹത്തായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്) സ്ഥാപകനെന്ന പേരിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഏറെയെങ്കിലും അത് അനശ്വരനായ ആ വ്യക്തിത്വത്തിന്റെ ഒരു വശം മാത്രമെ ആകുന്നുളളു. നായര്‍ സമുദായത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സമുദായത്തിനുളളിലെ അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിനുമായിരുന്നു സമുദായാചാര്യന്‍ മന്നം എന്‍.എസ്.എസിന് രൂപം നല്‍കിയിത്. ശ്രീനാരായണഗുരുവിന്റെ ആശിര്‍വാദത്തോടെ ആരംഭിച്ച എസ്.എന്‍.ഡി.പി.യോഗവും മന്നത്തിന്റെ എന്‍.എസ്.എസും രണ്ടു പ്രബല സമുദായങ്ങളെ ദുരാചാരങ്ങളിലും ആത്മബോധമില്ലായ്മയില്‍ നിന്ന്് ഉണര്‍ത്തി മുന്നോട്ടു നയിച്ചു. നായര്‍ സമുദായത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുക്കുന്നതിനുളള വിവിധ കര്‍മ്മപദ്ധതികളും അദ്ദേഹം നടപ്പാക്കി. വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ച് സമുദായത്തിന്റെ ആധുനീകരണത്തിന് എന്‍.എസ്.എസ്. ആരംഭം കുറിച്ചു. താലികെട്ടു കല്യാണവും തിരണ്ടുകുളിയും നടത്തി ധൂര്‍ത്തടിച്ച്, വെറും വാശിക്കും ദുരഭിമാനത്തിനും വേണ്ടി വ്യവഹാരങ്ങള്‍ നടത്തി തുലഞ്ഞുകൊണ്ടിരിക്കുന്ന നായര്‍ സമുദായത്തെ നവീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. കഠിനാധ്വാനവും ഇച്ഛാശക്തിയും ക്രാന്തദര്‍ശിത്വവും നേതൃത്വപാടവവും കൊണ്ട് മന്നം നട്ടുനനച്ചു വളര്‍ത്തിയ എന്‍.എസ്.എസ് കേരളത്തിലെ ഏറ്റവും വലിയ സമുദായസംഘടനയിലൊന്നാണ്.
1878 ജനുവരി 2ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിപെരുന്നയിലാണ് പദ്മനാഭപിള്ള ജനിച്ചത്. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വ്വതിയമ്മയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുമായിരുന്നു മാതാപിതാക്കള്‍. ഔദേ്യാഗിക രേഖപ്രകാരം പേര് മന്നത്തുപദ്മനാഭപിള്ള. ഗാന്ധിജിയുടെ ജാതിസമ്പ്രദായവിരുദ്ധ നിലപാടിന് പിന്തുണയായി സ്വന്തം പേര് സ്വയം ചുരുക്കി മന്നത്തുപദ്മനാഭന്‍ എന്നാക്കി. അഞ്ചാം വയസില്‍ കുടിപളളിക്കൂടത്തില്‍ എഴുത്തിനിരുത്തി. എട്ടു വയസ്സു വരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം വായിക്കാനും എഴുതാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശ്ശേരി സര്‍ക്കാര്‍ സ്‌ക്കൂളില്‍ പഠിച്ച് നാലാം ക്ലാസ്സ് ജയിച്ച പദ്മനാഭന് 1893ല്‍ കാഞ്ഞിരപ്പളളി സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടി. മഴുവന്നൂര്‍, പായിപ്പാട്, തുരുത്തി, കൊണ്ടൂര്‍, പെരുന്ന, തുറവൂര്‍, കിളിരൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി പത്തുകൊല്ലത്തോളം അദ്ധ്യാപകനായി ജോലി ചെയ്തു. 1900-ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് സ്‌ക്കൂളില്‍ നിന്ന് അദ്ധ്യാപന പരീക്ഷ ജയിച്ചു. 1902ല്‍ തൃക്കൊടിത്താനം മേച്ചോട്ട് വീട്ടില്‍ കല്യാണിയമ്മയെ വിവാഹം കഴിച്ചു. 1912ല്‍ ഭാര്യ ടൈഫോയിഡ് ബാധിച്ചു മരിച്ചു.
ബാലനായിരിക്കുമ്പോള്‍ തന്നെ നാട്ടിലെ നാടകസംഘത്തില്‍ ബാലനടനായി അഭിനയിച്ച് അനുഗൃഹീത നടനെന്ന പേര് സമ്പാദിച്ചിരുന്നു. ബാല്യകാലത്ത് തുളളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ എന്നിവ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യാഭിരുചിയും പരിപുഷ്ടമാക്കി. സമര്‍ത്ഥനായ അദ്ധ്യാപകനെന്ന ഖ്യാതിയോടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഹെഡ്മാസ്റ്ററുമായുണ്ടായ തര്‍ക്കം കാരണം പദ്മനാഭപിളള ജോലി രാജി വച്ചു. നിത്യവൃത്തിക്കുക്ലേശിക്കുന്ന ഒരു വീട്ടിലെ അംഗം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് പലരെയും പരിഭ്രമിപ്പിച്ചു. പക്ഷെ അഭിമാനിയായ പദ്മനാഭന്റെ തീരുമാനം മറ്റൊന്നായിരുന്നു. തുറവൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കവെ മജിസ്‌ട്രേറ്റു പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, മന്നം ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റു കോടതിയില്‍ വക്കീലായി. വളരെ വേഗംതന്നെ ഒന്നാന്തരം വക്കീലെന്ന് അദ്ദേഹത്തിന് പേരു കിട്ടി. പക്ഷെ ആ തൊഴിലും അധികം നീണ്ടു നിന്നില്ല.
സമൂഹസേവനമാണ് തന്റെ വഴിയെന്ന് പദ്മനാഭപിളള വേഗം തിരിച്ചറിഞ്ഞു. വക്കീല്‍ പണിയിലുളള താല്പര്യം കുറഞ്ഞു. പൊതുജനസേവനത്തിലായി ശ്രദ്ധ മുഴുവന്‍. ചങ്ങനാശ്ശേരി സെന്റ ബര്‍ക്കുമാന്‍സ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കപ്പന കണ്ണന്‍മേനോനുമായുളള നിരന്തര ഇടപെടലുകള്‍ അദ്ദേഹത്തിന്റെ സാമൂഹ്യ സേവനതല്പരതയ്ക്ക് പ്രചോദനമായി. നായര്‍ സമുദായം അനുദിനം അധ:പതിക്കുന്ന കാഴ്ച മന്നത്തിനു സഹിക്കാനാവുന്നതായിരുന്നില്ല. സ്വസമുദായത്തെ ഏതു വിധേയനയും രക്ഷിച്ചേ മതിയാവൂ എന്നദ്ദേഹം തീരുമാനിച്ചു. കൈനിക്കര ഗോവിന്ദപിളളയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന സമുദായപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മന്നം പെരുന്നയിലെ കരയോഗം സെക്രട്ടറിയായി. ചങ്ങനാശ്ശേരി നായര്‍ സമുദായ രൂപീകരണം, നായര്‍ ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം - ഇങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി അദ്ദേഹം സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമാക്കി.
1910-ല്‍ പെരുന്നയില്‍ കരയോഗ മന്ദിരം പണികഴിപ്പിച്ചു. 1912ല്‍ പെരുന്നയിലെ മന്ദിരോദ്ഘാടനം നടത്തി. 1913 ഒക്‌ടോബര്‍ 9ന് താലൂക്ക് നായര്‍ സമാജത്തിന് ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിച്ചു. 1914 ഒക്‌ടോബര്‍ 31ന് എന്‍.എസ്.എസിന്റെ ആദ്യ രൂപമായ നായര്‍സമുദായ ഭൃത്യജനസംഘവും രൂപീകൃതാമയി. ഇതേ വര്‍ഷം തന്നെ പദ്മനാഭപിളള കീരിക്കാട്ട് കടക്കത്തറ കുട്ടിയമ്മയെ വിവാഹം ചെയ്തു. 1915ല്‍ ചങ്ങനാശ്ശേരിയില്‍ വച്ച് ആദ്യമായി സമസ്തകേരള നായര്‍ മഹാ സമ്മേളനം നടന്നു. 1915-ല്‍ എന്‍.എസ്.എസ്സിന്റെ ആദ്യ സ്‌കൂള്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേ വര്‍ഷം ആഗസ്റ്റ് 25ന് പെരുന്ന കരയോഗമന്ദിരത്തില്‍ കൂടിയ യോഗത്തില്‍ താന്‍ വക്കീല്‍പ്പണി രാജി വച്ചതായി മന്നം പ്രഖ്യാപിച്ചു. 'എന്റെ ബാക്കി ജീവിതകാലം സമുദായപ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ എന്റെ വക്കീല്‍പ്പണി ഈ ബഹുജനസമക്ഷം ഞാന്‍ രാജി വച്ചിരിക്കുന്നു. നാളെ മുതല്‍ ഞാന്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തകന്‍ മാത്രമായിരിക്കും', എന്നാണ് മന്നം പ്രഖ്യാപിച്ചത്. സര്‍വ്വീസ് സൊസൈറ്റി അംഗങ്ങള്‍ക്കു പോലും ആ പ്രഖ്യാപനം സാഹസമായാണ് തോന്നിയത്. പിന്നീടങ്ങോട്ട് സമുദായമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 1914 ഒക്‌ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു മന്നം. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി.
നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കുവേണ്ടി നാടായ നാടെല്ലാം നടന്ന് കരയോഗങ്ങള്‍ ആരംഭിക്കുകയും സമുദായത്തിന് ലക്ഷക്കണക്കിന് രൂപ നേടുകയും ചെയ്തു. നായന്‍മാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഉപജാതികളെയെല്ലാം സംഘടിപ്പിച്ച് നാട്ടിലെല്ലാം കരയോഗങ്ങളുണ്ടാക്കി എല്ലാവരെയും ഏകോപിപ്പിച്ചു. ഉപജാതികളുടെ അനേ്യാന്യ വിവാഹത്തിലൂടെയും പന്തിഭോജനത്തിലൂടെയും ഐക്യം ശക്തിപ്പെടുത്തി. നായര്‍ സമുദായത്തെ അധഃപതിപ്പിച്ചുകൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായം പരിഷ്‌കരിക്കുന്ന കാര്യത്തിലും മന്നം ഏറെ ശ്രദ്ധിച്ചു. 1925-ല്‍ പരിഷ്‌കരിച്ച നായര്‍ റഗുലേഷനില്‍ കലാശിച്ച പ്രക്ഷോപണത്തിന്റെ ഫലമായി നായന്‍മാരുടെ മരുമക്കത്തായ സമ്പ്രദായം ഇല്ലാതായി.
സ്വന്തം സമുദായത്തെ പരിഷ്‌കരിക്കുന്ന പരിശ്രമങ്ങളോടൊപ്പം ഹിന്ദുമതത്തില്‍ തന്നെ അടിഞ്ഞുകൂടിയ ജാതീയമാലിന്യങ്ങള്‍ തുടച്ചുമാറ്റാനും മന്നം ഏറെ പരിശ്രമിച്ചു. ഈഴവര്‍, അരയന്‍മാര്‍, പുലയര്‍, കുറവര്‍, പറയര്‍ എന്നിവരുടെ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായി. 1924ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം നടത്തിയ കാല്‍നട സവര്‍ണജാഥ കേരളത്തിലെ അയിത്തോച്ഛാടന ചരിത്രത്തിലെ സുവര്‍ണ്ണ സംഭവമാണ്. ടി.കെ. മാധവനുമൊന്നിച്ച് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള ശ്രമങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വൈക്കം സത്യാഗ്രഹത്തോടെയാണ് മന്നവും കേളപ്പനും ജനശ്രദ്ധ നേടിയത്. ചരിത്രത്തിലേയ്ക്ക് ഇരുവരും ഒരര്‍ത്ഥത്തില്‍ നടന്നുകയറുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനപ്രക്ഷോഭണത്തിലും മന്നം കേളപ്പനൊപ്പം പങ്കെടുത്തിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും മന്നം പ്രചരണം നടത്തി. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ ക്ഷേത്രപ്രവേശനാനേ്വഷണ കമ്മറ്റിക്കു മുമ്പില്‍ നായന്‍മാരില്‍ ബഹുഭൂരിപക്ഷവും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നിലകൊള്ളുന്നു എന്നു മൊഴിനല്‍കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും മന്നമാണ്.
1932ല്‍ എഴുത്തുകാരിയായ തോട്ടേയ്ക്കാടു മാധവിയമ്മയെ വിവാഹം കഴിച്ചു. 1947ല്‍ എന്‍.എസ്.എസ് പ്രസിഡന്റുപദം രാജി വച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉത്തരവാദഭരണപ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. അതുവരെ രാഷ്ട്രീയത്തില്‍ നിന്നകന്നു നില്‍ക്കുകയായിരുന്ന മന്നം, പറവൂരില്‍ ടി.കെ. നാരായണപിള്ളയുടെ വീട്ടില്‍ കൂടിയ യോഗത്തില്‍ പങ്കെടുത്തു. കെ.കേളപ്പന്‍, പട്ടം താണുപിള്ള, ടി.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ച ആ സമ്മേളനത്തില്‍ പദ്മനാഭപിള്ള നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ഉത്തരവാദഭരണത്തിനായി സന്ധിയില്ലാസമരം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. മേയ് 25ന് മന്നം മുതുകുളത്ത് നടത്തിയ പ്രസംഗം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്. അദ്ദേഹത്തെ അന്ന് അറസ്റ്റുചെയ്യുകയും കഠിനതടവിന് വിധിക്കുകയും ചെയ്തു. ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണം അവസാനിച്ചതോടെയാണ് മന്നം ജയില്‍ വിമോചിതനായത്. 1948ല്‍ തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തിവോട്ടവകാശം നടപ്പാക്കിയ ആദ്യ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നുള്ള നിയമസഭാംഗമായി മന്നം. 1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായി. 1950ല്‍ നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. 1951ല്‍ എസ്.എന്‍.ഡി.പി യോഗം നേതാവ് ആര്‍. ശങ്കറുമായി ചേര്‍ന്ന് ഹിന്ദുമണ്ഡലം രൂപീകരിച്ച് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചു. തുടര്‍ന്ന് ഏറെക്കാലം സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി.
തിരു-കൊച്ചി സംസ്ഥാനവും പിന്നീട് കേരള സംസ്ഥാനവും രൂപം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1956ല്‍ കേരളസംസ്ഥാനം രൂപവത്കരിച്ചതിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവന്ന കാര്‍ഷിക-വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ജനോപകാര പ്രദമായിരുന്നെങ്കിലും ജാതിമത ശക്തികളും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളും അവയ്‌ക്കെതിരായിരുന്നു. സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകനിയമനാധികാരം സര്‍ക്കാരില്‍ത്തന്നെ നിക്ഷിപ്തമാക്കി വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച 11-ാം വിദ്യാഭ്യാസബില്‍ എതിര്‍പ്പു വിളിച്ചുവരുത്തി. 1959 ഏപ്രില്‍ 16ന് ചേര്‍ത്തലയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്‍ 'ഈ സര്‍ക്കാരില്‍നിന്നുള്ള മോചനമാണ് ജനങ്ങള്‍ക്കാവശ്യം' എന്നു പ്രഖ്യാപിച്ചു. അതോടെ സര്‍ക്കാരിനെതിരായ സമരം വിമോചനസമരം എന്നറിയപ്പെടാന്‍ തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയും സഖ്യകക്ഷികളും മത സാമൂഹ്യ നേതാക്കളും സമരരംഗത്തെത്തി. തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എണ്‍പതുകാരനായ മന്നത്തു പദ്മനാഭന്‍ ഇങ്ങനെ പറഞ്ഞു. 'രാജ്യദ്രോഹികളായ ഈ കമ്മ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നുമാത്രമല്ല, ഇന്ത്യയില്‍ നിന്നു തന്നെ ഭാണ്ഡം കെട്ടിച്ച്, അവരുടെ പിതൃരാജ്യമായ റഷ്യയിലെയ്ക്കു തുരത്തിയതിനുശേഷമേ എനിക്ക് വിശ്രമമുള്ളുയെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു'. വിമോചന സമരത്തോടനുബന്ധിച്ച് അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജീവശിഖാ പ്രയാണജാഥ നയിച്ചതും മന്നത്ത് പദ്മനാഭനായിരുന്നു. ജൂലായ് 15-ന് മന്നം ജാഥ നയിച്ച്് തിരുവനന്തപുരത്ത് എത്തി ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കി. വിമോചനസമരം വിജയമായി. ജൂലായ് 31ന് രാഷ്ഷ്രപതി കേരളസര്‍ക്കാരിനെ പിരിച്ചുവിട്ടു.
രാഷ്ട്രീയ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ ഒരു സേനാനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഖ്യാതി ലോകം അറിഞ്ഞു. വിമോചനസമരം വിജയത്തിലെത്തിയ ഉടനെ തന്നെ മന്നം രാഷ്ട്രീയ രംഗത്തുനിന്നും പിന്‍വാങ്ങി വീണ്ടും സാമൂഹിക-വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ പതിപ്പിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ വാഗ്മികളിലൊരാളായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരൂപണം എന്നീ വിമര്‍ശനഗ്രന്ഥങ്ങളും ഞങ്ങളുടെ എഫ്.എം.എസ്.യാത്ര എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. എന്റെ ജീവിതസ്മരണകള്‍ എന്ന ആത്മകഥ മന്നത്തു പദ്മനാഭന്റെ ഗൗരവമേറിയ രചനയാണ്. ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ മന്നം മലയാളത്തില്‍ ചെയ്ത പ്രസംഗം ശ്രദ്ധേയമാണ്.പെരുന്നയിലും കേരളത്തിന്റെ വിവിധപ്രദേശങ്ങളിലും സ്‌കൂളുകളം കോളേജുകളും സ്ഥാപിക്കുന്നതില്‍ മന്നം മുഖ്യപങ്കു വഹിച്ചു. സമുദായാചാര്യന്‍ പന്തളത്തു സ്ഥാപിച്ച എന്‍.എസ്.എസിന്റെ വ്യവസായ സംരഭമായിരുന്ന മന്നം ഷുഗര്‍മില്‍സ് ഇന്ത്യയിലെ തന്നെ പഞ്ചസാര നിര്‍മ്മാണ ഫാക്ടറിയായി വളര്‍ന്നെങ്കിലും പില്‍ക്കാലത്ത് കരിമ്പിന്റെ ഉല്പാദനത്തില്‍ വന്ന കുറവ് ഈ ഫാക്ടറിയുടെ നിലനിലനില്‍പിന് തടസ്സം നേരിട്ടു.
1966ല്‍ ഭാരതസര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യയില്‍ രണ്ടുപേരെ മാത്രമെ ജനങ്ങള്‍ ഗുരുദേവന്‍ എന്ന് വിളിച്ചിട്ടുളളു. ഇന്ത്യയുടെ ദേശീയ മഹാകവി രബീന്ദ്രനാഥടാഗോറിനെയും ശ്രീനാരായണ ഗുരുവിനെയും. എന്നാല്‍ വിമോചന സമരം വിജയം കണ്ടതോടെ ജനങ്ങള്‍ തന്നെയാണ് ഭാരതകേസരി എന്ന പേര് മന്നത്തിന് നല്‍കിയത്. രാഷ്ട്രപതി രാജേന്ദപ്രസാദില്‍ നിന്നുമാണ് ഭാരതകേസരി എന്ന ബഹുമതി മന്നം സ്വീകരിച്ചത്. 1989ല്‍ മന്നത്തോടുളള ആദരസൂചകമായി ഇന്ത്യന്‍ തപാല്‍വകുപ്പ് മന്നത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി. സുദീര്‍ഘവും കര്‍മ്മനിരതവുമായ സേവനത്തില്‍ അഭിമാനം കൊണ്ട് സമുദായം 1960ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് മന്നത്തു പദ്മനാഭന്‍ അന്തരിച്ചു. സംസ്ഥാന ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജ•ദിനം പൊതു അവധിയായി പ്രഖ്യാപിച്ചു.